കണ്ണൂർ: സിപിഎം ശക്തികേന്ദ്രമായ കതിരൂരിലെ പൊന്ന്യത്ത് ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റവരിൽ ഒരാൾ ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിയായിരുന്ന രമീഷ്. ടിപി വധക്കേസിലെ ഇരുപത്തിനാലാം പ്രതിയായിരുന്നു അഴിയൂർ സ്വദേശിയായ രമീഷ്. ഇയാളെ തെളിവില്ലെന്ന് കണ്ടാണ് കോടതി വെറുതേ വിട്ടത്. ഇയാളുടെ രണ്ട് കൈപ്പത്തികളും ഇന്നുണ്ടായ സ്‌ഫോടനത്തിൽ അറ്റു. കതിരൂർ പൊന്ന്യത്ത് ബോംബ് നിർമ്മിക്കുന്നതിനിടെ ആയിരുന്നു സ്‌ഫോടനം. കൊടിസുനിയുമായി അടുത്ത ബന്ധമുള്ള ആളാണ് രമീഷെന്നാണ് പുറത്തുവരുന്ന വിവരം.

ഇന്ന് ഉച്ചക്ക് 1.30 ഓടെയാണ് വലിയ ശബ്ദത്തോടെ സ്ഫോടനമുണ്ടായത്. ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനമെന്ന് പൊലീസ് പറയുന്നു. പെപ്‌സി കാൻ പോലെയാണ് ബോംബുകൾ തയ്യാറാക്കിയിരുന്നത്. കതിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന സ്ഥലമാണിത്. പുഴയോട് ചേർന്നുള്ള സ്ഥലത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തെ തുടർന്ന് രണ്ട് പേർ പുഴയിലേക്ക് ചാടിയെന്ന് ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. പ്രദേശത്തുനിന്ന് നിർമ്മിച്ചുവെച്ച 12 സ്റ്റീൽ ബോംബുകളും കണ്ടെടുത്തു. ഇവ പൊലീസിന്റെ നേതൃത്വത്തിൽ നിർവീര്യമാക്കുന്ന നടപടികൾ ആരംഭിച്ചു.

മൂന്ന് പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റു. ഇവരിൽ രണ്ട് പേർ തലശ്ശേരി സഹകരണ ആശുപത്രിയിലും ഒരാൾ കണ്ണൂർ എകെജി ആശുപത്രിയിലും ചികിത്സയിലാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൈപ്പത്തിക്കും കാലുകൾക്കും പരിക്കുണ്ടെന്നും കൈപ്പത്തി തകർന്നു എന്നുമാണ് വിവരം. സ്ഫോടനം ബോംബ് നിർമ്മാണത്തിനിടെയാണെന്ന് കണ്ണൂർ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞു. രാഷ്ട്രീയ ബന്ധം ഇപ്പോൾ പറയാറായിട്ടില്ലെന്നും അദ്ദേഹം സംഭവ സ്ഥലം സന്ദർശിച്ച ശേഷം പറഞ്ഞു. പൊലീസ് പ്രദേശത്ത് പരിശോധന നടത്തുകയാണ്.

അതേസമയം സ്‌ഫോടനത്തിൽ പശ്ചാത്തലത്തിൽ സ്വർണക്കടത്ത് കേസിൽ നിന്നുൾപ്പെടെ ശ്രദ്ധ തിരിക്കാൻ സിപിഎം കണ്ണൂരിൽ കലാപത്തിന് കോപ്പുകൂട്ടുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. കതിരൂരിൽ ബോംബ് നിർമ്മാണത്തിനിടെ രണ്ട് സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റത് ഇതിന്റെ ഭാഗമായാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

അഴിമതികളിൽ നിന്നും ശ്രദ്ധതിരിക്കാൻ സിപിഎം സംസ്ഥാന വ്യാപകമായി ആസൂത്രിത കലാപങ്ങൾക്ക് ശ്രമിക്കുകയാണ്. സിപിഎം ശക്തികേന്ദ്രമായ കതിരൂരിൽ വലിയ തോതിൽ ബോംബ് നിർമ്മാണം നടത്തി കണ്ണൂർ ജില്ലയെ വീണ്ടും ചോരക്കളമാക്കാനുള്ള ശ്രമമാണ് ഈ അപകടത്തിലൂടെ പുറത്തായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ണൂരിലെ ബിജെപി- ആർഎസ്എസ് പ്രവർത്തകരുടെ വീടുകളുടെ ചുമരുകളിൽ പ്രത്യേക അടയാളമിട്ടിരുന്നത് ഇതിന്റെ ഭാഗമായിട്ടാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

പാർട്ടി പ്രതിസന്ധിയിലാകുമ്പോൾ എല്ലാ കാലത്തും രാഷ്ട്രീയ കലാപമുണ്ടാക്കാൻ സിപിഎം ശ്രമിക്കാറുണ്ട്. കതിരൂരിലെ ബോംബ് നിർമ്മാണത്തെ പറ്റി സമഗ്രമായി അന്വേഷിക്കാൻ പൊലീസ് തയ്യാറാവണമെന്നും സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും നിർമ്മാണത്തിനിടെ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് പരിക്കേറ്റിരുന്നു. വെഞ്ഞാറമ്മൂട്ടിൽ രണ്ടു ഡിവൈഎഫ്ഐക്കാർ കൊല്ലപ്പെട്ടതിനു പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി അക്രമത്തിന് സിപിഎം തയ്യാറെടുക്കുന്നെന്ന് ആരോപണമുണ്ടായിരുന്നു. വെഞ്ഞാറമൂട് കൊലപാതകത്തിന് ശേഷം വ്യാപകമായി കോൺഗ്രസ് ഓഫീസുകൾ ആക്രമിക്കപ്പെട്ടിരുന്നു.