തൃശ്ശൂർ: ഇക്കുറി കേരളത്തിൽ അധികാരം പിടിക്കുമെന്ന അവകാശവാദവുമായെത്തിയ ബിജെപിക്ക് നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയിൽ തന്നെ തിരിച്ചടി. തലശ്ശേരിയിലും ദേവികുളത്തും എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതിന് പിന്നാലെ ​ഗുരുവായൂരിലും ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. ഇതോടെ ക്ഷേത്രന​ഗരിയായ ​ഗുരുവായൂരിലും എൻഡിഎ സ്ഥാനാർത്ഥി ഇല്ലാതെയാകും മത്സരം.

ഗുരുവായൂരിൽ അഡ്വ.നിവേദിതയുടെ പത്രികയാണ് തള്ളിയത്. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷയാണ് നിവേദിത. സത്യവാങ്മൂലത്തിൽ സംസ്ഥാന അധ്യക്ഷന്റെ പേരില്ലാത്തതാണ് കാരണം. ഇവിടെ എൻഡിഎക്ക് ഡമ്മി സ്ഥാനാർത്ഥിയില്ല. മാർച്ച് 14നാണ് നിവേദിതയുടെ സ്ഥാനാർത്ഥിത്വം ഡൽഹിയിൽ കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്. തുടർന്ന് സജീവ പ്രചാരണത്തിലായിരുന്നു ഇവർ. പത്രിക തള്ളപ്പെട്ടതോടെ മുസ്ലിം ലീഗും സിപിഎമ്മും തമ്മിൽ കരുത്തുറ്റ പോരാട്ടം നടക്കുന്ന മണ്ഡലമായി ഗുരുവായൂർ മാറും. എൻകെ അക്‌ബറാണ് സിപിഎമ്മിന്റെ ഇവിടുത്തെ സ്ഥാനാർത്ഥി. കെഎൻഎ ഖാദറിനെയാണ് മണ്ഡലം തിരിച്ചുപിടിക്കാൻ മുസ്ലിം ലീഗ് രംഗത്തിറക്കിയിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് തവണത്തെയും തിരഞ്ഞെടുപ്പിൽ ഇടതിനോട് ഉറച്ച് നിന്ന മണ്ഡലമാണ് ഗുരുവായൂർ. 1957ൽ നടന്ന ഒന്നാം തിരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ നിന്ന് സിപിഐ സ്വതന്ത്രനായ പികെ കോരുവായിരുന്നു വിജയിച്ചത്. 1991ലെ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ അബൂബക്കറും വിജയം കണ്ട മണ്ഡലമാണ് ഗുരുവായൂർ. എന്നാൽ ബാബരി മസ്ജിദ് തകർച്ചയോടെ ലീഗ് പിളർന്ന് രണ്ടായതോടെ അബൂബക്കർ ഐഎൻഎല്ലിലേക്ക് മാറി. തുടർന്ന് അദ്ദേഹം രാജിവച്ചതോടെ ഒരു ഉപതിരഞ്ഞെടുപ്പിലേക്ക് ഗുരുവായൂർ കളമൊരുങ്ങി.

അന്നത്തെ ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്വതന്ത്രനായി മത്സരിച്ച സംവിധായകൻ പിടി കുഞ്ഞുമുഹമ്മദ് ലീഗിന്റെ എംപി അബ്ദുസമദ് സമദാനിയെ പരാജയപ്പെടുത്തി. 96ൽ നടന്ന തിരഞ്ഞെടുപ്പിലും പിടി കുഞ്ഞുമുഹമ്മദ് കുട്ടി വിജയിച്ചു. അന്ന് ലീഗിന്റെ ജില്ലാ സെക്രട്ടറിയായിരുന്ന ആർപി മൊയ്ദൂട്ടിയായിരുന്നു എതിരാളി.

പിന്നീട് 2001ൽ പികെകെ ബാവ എത്തിയായിരുന്നു മണ്ഡലം തിരിച്ചുപിടിച്ചത്. എന്നാൽ 2006ലെ തിരഞ്ഞെടുപ്പിൽ മണ്ഡലം വീണ്ടും ഇടതിനൊപ്പം പോരുകയായിരുന്നു. ജില്ല ലീഗ് പ്രസിഡന്റ് സിഎച്ച് റഷീദ്, ലീഗ് സംസ്ഥാന കമ്മിറ്റി അംഗം അഷ്‌റഫ് കോക്കൂർ, സംസ്ഥാന സെക്രട്ടറി സാദിഖലി എന്നിവരെ പരാജയപ്പെടുത്തി ഇപ്പോഴത്തെ എംഎൽഎ കെവി അബ്ദുൾ ഖാദർ വിജയിച്ചു കയറുകയായിരുന്നു. 2006,2011, 2016 എന്നീ മൂന്ന് തിരഞ്ഞെടുപ്പിലും കെവി അബ്ദുൾ ഖാദർ വിജയം കാണുകയായിരുന്നു.