തിരുവനന്തപുരം: 15-ാം നിയമസഭയിലേക്കുള്ള വിധിയെഴുത്ത് ഫലങ്ങൾ പുറത്തുവരുമ്പോൾ കൃത്യമായ ലീഡെടുത്ത് ഇടതു മുന്നണി അധികാരത്തിലേക്കെന്ന സൂചനകൾ. തുടക്കം മുതൽ ലീഡെടുത്ത എൽഡിഎഫ് ഒരു ഘട്ടത്തിലും പിന്നോട്ടു പോകാതെയാണ് മുന്നോട്ടുള്ള കുതിപ്പു തുടരുന്നത്. കേവല ഭൂരിപക്ഷവും കടന്നാണ് എൽഡിഎഫിന്റെ ലീഡു നില കുതിക്കുന്നത്. യുഡിഎഫിന്റെ ഉറച്ച കോട്ടകളിലും വിള്ളൽ വീണിട്ടുണ്ട്. എൻഡിഎ മൂന്നിടത്ത് മുന്നിലാണ്.

ലീഡ് നില ഇങ്ങനെയാണ്:

കേരളം-140
എൽഡിഎഫ്-87
യുഡിഎഫ്-50
ബിജെപി-3

രണ്ടിടത്ത് ലീഡ് ചെയ്ത് എൻഡിഎ. തിരഞ്ഞെടുപ്പ് വേളയിൽ ഏറ്റവുമധികം ശ്രദ്ധനേടിയ നേമത്ത് ഇരുമുന്നണികളേയും പിന്നിലാക്കി കുമ്മനം രാജശേഖരൻ ലീഡ് ചെയ്യുകയാണ്. ഇവിടെ എൽഡിഎഫ് രണ്ടാം സ്ഥാനത്തും കോൺഗ്രസ് മൂന്നാം സ്ഥാനത്തുമാണ്. പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ഇ.ശ്രീധരൻ 1425 വോട്ടിനു മുന്നിലാണ്. തപാൽ വോട്ടുകൾ ഇവിടെ എണ്ണിത്തുടങ്ങിയത് രാവിലെ എട്ടരയോടെയാണ്. അതേസമയം, ഉറച്ച ഇടതുകോട്ടയായ ബാലുശേരിയിൽ ഇലക്ട്രോണിക് മെഷീനുകളിലെ വോട്ടുകൾ എണ്ണുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ധർമജൻ ബോൾഗാട്ടി ലീഡ് ചെയ്യുന്നു.

അതേസമയം, യുഡിഎഫിന്റെ ഉറച്ച കോട്ടയായ കോട്ടയം ജില്ലയിൽ എൽഡിഎഫ് പല സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. പാലായിൽ കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ.മാണിയാണ് മുന്നിട്ടുനിൽക്കുന്നത്. പൂഞ്ഞാറിൽ പി.സി.ജോർജ് പിന്നിലാണ്. എൽഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തിങ്കലാണ് ഇവിടെ ലീഡ് ചെയ്യുന്നത്. ത്രികോണ മൽസരം കാഴ്ച വച്ച ഏറ്റുമാനൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി.എൻ.വാസവൻ ലീഡ് ചെയ്യുന്നു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയും കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനുമാണ് ലീഡ് ചെയ്യുന്നത്.

കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തിന് ശേഷം രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന പാലാ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. വോട്ടെണ്ണിത്തുടങ്ങിയ സമയം മുതൽ ഫലം മാറി മറിയുകയാണ് പാലായിൽ. ആവേശകരമായ മത്സരത്തിൽ ഏറിയും കുറഞ്ഞും ഒപ്പത്തിനൊപ്പമെത്തിയും ഇടത് സ്ഥാനാർത്ഥി ജോസ് കെ മാണിയും യുഡിഎഫ് പാളയത്തിലെത്തി പാലായിൽ മത്സരിക്കുന്ന മാണി സി കാപ്പനും ലീഡ് നില മാറ്റി മറിക്കുകയാണ്.

പോസ്റ്റൽ വോട്ടിലും ആദ്യ റൗണ്ട് വോട്ട് എണ്ണിയ രാമപുരം പഞ്ചായത്തിലും ജോസ് കെ മാണിക്കായിരുന്നു മുൻതൂക്കം. എന്നാൽ രണ്ടാം റൗണ്ടിൽ മാണി സി കാപ്പൻ കളം തിരിച്ച് പിടിച്ചു. രണ്ടാം റൗണ്ടിൽ തുടങ്ങി മാണി സി കാപ്പനാണ് ലീഡ് ഉയർത്തുന്നത്. ആദ്യ റൗണ്ട് പിന്നിട്ടപ്പോൾ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്തിരുന്നത്. പുതുപ്പള്ളി കോട്ടയം കടുത്തുരുത്തി മണ്ഡലങ്ങളിൽ ആണ് ആദ്യ റൗണ്ടിൽ യുഡിഎഫ് ലീഡ് നിലനിർത്തിയത്.