തിരുവനന്തപുരം: കൂനൂരിൽ വ്യോമസേനയുടെ ഹെലികോപ്ടർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ കുടുംബത്തിന് സഹായവുമായി സംസ്ഥാന സർക്കാർ. പ്രദീപിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഭാര്യക്ക് നൽകുന്ന ജോലിക്ക് പുറമെ ധനസഹായമായി അഞ്ച് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പ്രദീപിന്റെ അച്ഛന്റെ ചികിത്സയ്ക്കായി മൂന്ന് ലക്ഷം രൂപ നൽകുന്നതിനും തീരുമാനമായതായി റവന്യു മന്ത്രി കെ.രാജൻ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു.

സാധാരണ നിലയിൽ യുദ്ധത്തിലോ യുദ്ധസമാനമായ സാഹചര്യത്തിലോ മരണപ്പെടുന്ന സൈനികരുടെ ആശ്രിതർക്കാണ് ജോലി നൽകുന്നതിനുള്ള നിയമാവലിയുള്ളത്. എന്നാൽ പ്രദീപിന് പ്രത്യേക പരിഗണന നൽകുവാൻ സർക്കാർ തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. 2018 ൽ കേരളം അഭിമുഖീകരിച്ച മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കായി സ്വയം സന്നദ്ധനായി സേവനമനുഷ്ടിച്ച പ്രദീപ് കേരളത്തിന് നൽകിയ സേവനങ്ങൾ സർക്കാർ വളരെ സ്‌നേഹത്തോടെയും അഭിമാനത്തോടെയും ഓർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രദീപിന്റെ കുടുംബത്തിന്റെ സ്ഥിതി ദുരിതപൂർണ്ണമാണ്. കുടുംബത്തിന്റെ ഏക വരുമാനദായകനായിരുന്നു പ്രദീപ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അച്ഛന്റെ ജീവിതം മുന്നോട്ടു പോവുന്നത്. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നൽകുന്നതിനും സർക്കാരിന്റെ സൈനിക ക്ഷേമ നിധിയിൽ നിന്ന് 5 ലക്ഷം രൂപ നൽകുന്നതിനും സർക്കാർ തീരുമാനിച്ചതെന്ന് മന്ത്രി കെ.രാജൻ അറിയിച്ചു. പ്രദീപിന്റെ ഭാര്യക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള ജോലിയായിരിക്കും നൽകുക.

സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ സഞ്ചരിച്ച ഹെലികോപ്റ്ററിൽ ഫ്ലൈറ്റ് ഗണ്ണർ ആയിരുന്നു സേനയിൽ വാറണ്ട് ഓഫീസറായ പ്രദീപ് (37). അദ്ദേഹം അപകട സ്ഥലത്തുതന്നെ മരിച്ചു. ഛത്തീസ്‌ഗഢിലെ മാവോവാദികൾക്കെതിരായ സേനാ നീക്കം, ഉത്തരാഖണ്ഡിലെയും കേരളത്തിലെയും പ്രളയസമയത്തെ രക്ഷാദൗത്യം തുടങ്ങി അനേകം സേനാ മിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്.

2018-ൽ കേരളത്തിലെ പ്രളയസമയത്ത് കോയമ്പത്തൂർ വ്യോമസേനാ താവളത്തിൽനിന്ന് രക്ഷാപ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിൽ എയർ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സ്തുത്യർഹസേവനം കാഴ്ചവെച്ചു. ഒട്ടേറെ ജീവനുകൾ രക്ഷപ്പെടുത്തിയ ആ ദൗത്യസംഘം ഇന്ത്യൻ പ്രസിഡന്റിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രത്യേക പ്രശംസ നേടിയിരുന്നു.