കൊച്ചി: സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധിയിൽ ഇടപെട്ട് ഹൈക്കോടതി. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് കുറയ്ക്കുന്നതും ഏകീകരിക്കുന്നതും സംബന്ധിച്ച ഹർജി പരിഗണിക്കുമ്പോൾ കേരളത്തിലെ നിലവിലെ സ്ഥിതി അതീവ ഗുരുതരമാണെന്നു വിലയിരുത്തി. വർധിച്ചുവരുന്ന കോവിഡ് കണക്കുകൾ മനസിനെ അലട്ടുന്നതാണെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു.

കോവിഡ് ചികിത്സയ്ക്കുള്ള ചെലവ് കോവിഡിനേക്കാൾ ഭീകരമാണ്. ഇക്കാര്യത്തിൽ കൂടുതലായി എന്ത് ചെയ്യാൻ കഴിയും എന്നത് ആശുപത്രികളുമായി ആലോചിച്ച് അറിയിക്കണമെന്ന് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. കോവിഡിൽനിന്നു മുക്തമാകാമെങ്കിലും ചെലവിൽനിന്നു മുക്തമാകാൻ സാധിക്കില്ലെന്ന ഒരു കുറിപ്പും കോടതിയിൽ ചൂണ്ടിക്കാട്ടി.

അതേസമയം, കോവിഡ് രോഗികളുടെ ചികിത്സയ്ക്കുള്ള സ്വകാര്യ ആശുപത്രികളിലെ നിരക്ക് സംബന്ധിച്ച കഴിഞ്ഞ വർഷം തന്നെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട് എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വിശദീകരണം. ചികിത്സാ നിരക്കുകൾ വീണ്ടും കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നും സർക്കാർ പറഞ്ഞു. മെയ്‌ നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഇതിൽ സ്വീകരിച്ച നടപടികൾ അറിയിക്കാനാണ് കോടതിയുടെ നിർദ്ദേശം.

നിലവിൽ കേസിൽ സ്വകാര്യ ആശുപത്രികളെ കക്ഷി ചേർത്തിട്ടില്ല. അടുത്ത വട്ടം സ്വകാര്യ ആശുപത്രികളുടെ ഭാഗവും കോടതി കേൾക്കും. ഹർജി പരിഗണിക്കവെ സംസ്ഥാനത്തെ കോവിഡ് സാഹചര്യം ഗുരുതരമാണെന്നും കോടതി നിരീക്ഷിച്ചു. ഇത്തരത്തിൽ കോവിഡ് രോഗികൾ ഉയരുന്നത് മനസ്സിനെ വല്ലാതെ അലട്ടുകയാണ്.

ഈ സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളുടെ ഫീസ് കുറയ്ക്കണമെന്നും പൊതു അഭിപ്രായം ഉണ്ടെന്നും കോടതി പറഞ്ഞു. കൊവിഡിനെ അതിജീവിക്കാൻ എളുപ്പമാണ്. എന്നാൽ പിന്നീട് വരുന്ന ബില്ലിനെ അതിജീവിക്കാൻ കഴിയുന്നില്ല എന്ന് ഒരു കോവിഡ് രോഗി പറഞ്ഞ വാക്കുകളും കോടതി പരാമർശിച്ചു.