തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. പൊലീസിങ് സംവിധാനത്തിന്റെ പിഴവു മൂലം കുറ്റകൃത്യങ്ങൾ വർധിക്കുന്നു എന്ന വികാരം പൊതുവിൽ ശക്തമാണ്. ഇത്തരം എതിർപ്പുകൾ ശക്തമാകവേ സംസ്ഥാനത്തെ പൊലീസിങ് സംവിധാനത്തിൽ പൊളിച്ചെഴുത്തിന് ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. പൊലീസിംഗം സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്ന് കുറ്റാന്വേഷണ വിഭാഗങ്ങൾക്ക് കൂടി സർക്കാർ രൂപം കൊടുക്കാൻ ഒരുങ്ങുന്നു.

പൊലീസിന് ആധുനിക മുഖം നൽകാൻ കഴിയുന്ന വിഭാഗങ്ങളാണ് രൂപീകരിക്കുന്ന്. ഇത് നടപ്പിലാകുന്നതോടെ രാജ്യത്ത് തന്നെ ഇത്തരം പ്രത്യേക അന്വേഷണ വിഭാഗമുള്ള പൊലീസും കേരളത്തിന്റെതാകും. സൈബർ, സാമ്പത്തികം, പോക്‌സോ കേസുകളുമായി ബന്ധപ്പെട്ടാണ് മൂന്ന് വിഭാഗങ്ങൾക്ക് സർക്കാർ രൂപം കൊടുക്കാൻ ഒരുങ്ങുന്നത്. ഇത്തരം കേസുകൾ വർധിച്ചു വരുന്നത് കണക്കിലെടുത്താണ് ഈ തീരുമാനം. ഇത്തരം കേസുകളിൽ ഇരുട്ടിൽ തപ്പുന്ന പൊലീസിന് അന്വേഷണത്തിന്റെ പുതുവഴികൾ തുറക്കാനും പുതിയ വിഭാഗത്തിന്റെ വരവ് ഗുണം ചെയ്യും

ദിവസവും ഇരട്ടിയാകുന്ന സൈബർ കുറ്റകൃത്യങ്ങളെ പിടികൂടാൻ നിലവിൽ പൊലീസിലുള്ള സംവിധാനം ഒട്ടും മികച്ചതല്ലെന്ന തിരിച്ചറിൽ സൈബർ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് ഡിവിഷൻ (സിഐആർഡി), രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ പൊലീസിൽ ആൾബലം കുറവായതിനാൽ കേസുകളിൽ അന്വേഷണം നടക്കുന്നില്ല.

പോക്‌സോ കേസുകൾ മാത്രം അന്വേഷിക്കാൻ പുതിയ വിഭാഗത്തിനും അനുമതി ലഭിച്ചു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പും സാമ്പത്തിക ഇടപാട് കമ്പനികളും ഇടപാടുകാരെ പറ്റിച്ചുമുങ്ങുന്നതിലും പൊലീസിന് ഇപ്പോൾ കാര്യമായ ഒന്നും െചയ്യാനാകുന്നില്ല. ഇതിനായ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവുമാണ് തുടങ്ങുന്നത്. എല്ലാത്തിലും മേഖലയിലെ വൈദഗ്ധ്യം ഉള്ളവരെയാണ് പൊലീസിൽ നിന്നും കണ്ടെത്തി പൂർണചുമതലയിലേക്ക് നിയമിക്കുക.

പൊലീസിനെതിരെ നാട്ടിലുയരുന്ന വിമർശനങ്ങൾക്ക് പല തലമുണ്ടെങ്കിലും അന്വേഷണത്തിന്റെ പോരായ്മകളും പരാതികളിൽ സമയത്ത് നടപടിയെടുക്കാത്തതുമാണ് പിന്നീട് വളർന്നുവലുതാകുന്നതും കൊലപാതകങ്ങളിലേക്കും ഗുണ്ടാ ആക്രമണങ്ങളിലേക്കുമൊക്കെ തിരിയുന്നത്. സൈബർ കുറ്റാന്വേഷണ മികവിലൂടെ പ്രതികളെ പിടിക്കാൻ പെട്ടന്ന് സാധിക്കുമെന്നതണ് പുതിയ കാലത്ത് പൊലീസിന്റെ പാഠം.

ഏത് കുറ്റത്തിലും ഒരു തെളിവ് അവേശഷിക്കുമെന്ന പഴയ തത്വം ഇപ്പോൾ പൊലീസിന്റെ മുന്നിൽ തെളിയുന്നത് മൊബൈൽ ഫോൺ വഴിയാണ്. ഭൂരിഭാഗം കേസിലും പ്രതിയിലേക്കെത്താൻ ഇപ്പോൾ അന്വേഷണസംഘത്തെ സഹായിക്കുന്നത് പ്രതിയുടെ ഒരു ഫോൺവിളിയിലോ മെസേജിലോ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാകും. പ്രതികളുടെ കള്ള വാദങ്ങളെയെല്ലാം പൊളിക്കാൻ അന്വേഷണസംഘത്തിന് തെളിവുകളുടെ നിരതന്നെ നൽകും ഫോണിൽ നിന്നും വിളികളിൽ നിന്നുമുള്ള തുമ്പുകൾ.

പൊലീസിനെതിരെ വിമർശനം ശക്തമായ സാഹചര്യത്തിൽ പൊലീസിന് ആധുനിക മുഖം നൽകുന്നതിന് മൂന്ന് പുതിയ വിഭാഗങ്ങളെ ഉടൻ നടപ്പിൽ കൊണ്ടുവരാൻ മുഖ്യമന്ത്രി അനുമതി നൽകിയത്. അന്വേഷണത്തിൽ വേഗത കൂട്ടുക. ജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കുക. ഇതിനായി ധനകാര്യവകുപ്പിന്റെ എതിർപ്പുകളെ മറികടന്ന് 1698 പുതിയ തസ്തികകൾ അനുവദിക്കണമെന്ന് പൊലീസിന്റെ ശുപാർശയ്ക്കു മുഖ്യമന്ത്രി അന്തിമ അനുമതി നൽകി.

സൈബർ വിഭാഗം കരുത്തുറ്റതാകും

സൈബർ കേസുകൾ പെരുകുമ്പോൾ സൈബർ വിഭാഗം ശക്തിപ്പെടുത്താനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം. എഡിജിപിയായിരിക്കും തലവൻ. ഇതിനായി എക്‌സ് കേഡർ പദവിയിൽ എഡിജിപിയെ പ്രത്യേകം നിയമിക്കും. ഒരു ഐജിയും ഈ രീതിയിൽ നിയമിക്കും. നോർത്ത് സോണിനും സൗത്ത് സോണിനും ചുമതലയായി 2 എസ്‌പിമാർ. ജില്ലകൾ തിരിച്ച് നാലു റേയ്ഞ്ചുകൾ രൂപീകരിക്കും. റേയ്ഞ്ചിന്റെ ചുമതല നാല് ഡിവൈഎസ്‌പിമാർക്കു പൂർണചുമതല. കൂടാതെ പൊലീസ് ആസ്ഥാനത്ത് സ്റ്റാറ്റിക്‌സ് ആൻഡ് റിസർച്ച്, ക്രൈം എൻക്വയറി എന്നീ വിഭാഗങ്ങൾക്ക് 2 ഡിവൈഎസ്‌പിമാർ ഉൾപ്പെടെ 8 ഡിവൈഎസ്‌പിമാർ, 12 സിഐമാർ, എസ്‌ഐമാർ 39 ഉൾപ്പെടെ 827 തസ്തികകളാണ് പൊലീസ് ആഭ്യന്തരവകുപ്പിന് ശുപാർശ ചെയ്തത്. നിലവിൽ 19 സൈബർ പൊലീസ് സ്റ്റേഷനുകളാണുള്ളത്. എന്നാൽ ഇവിടെ വരുന്ന കേസുകൾക്കു പുറമേ മറ്റു സ്റ്റേഷനുകളിൽ വരുന്ന കേസുകളും പുതിയ വിഭാഗം അന്വേഷിക്കും. നിലവിലുള്ള സൈബർ ഡോം പൂർണമായും ഗവേഷണത്തിൽ ശ്രദ്ധിക്കും.

വർഷം 3000 പോക്‌സോ കേസുകൾ, പുതിയ വിഭാഗത്തിന് പിടിപ്പതു പണി

കേരളത്തിൽ കൂടുതൽ പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ഈ വിഭാഗവും കരുത്തുറ്റതാക്കുന്നത്. വർഷം 3000 പോക്‌സോ കേസുകൾ കേരളത്തിൽ ശരാശരി രജിസ്റ്റർ ചെയ്യുന്നു. 17252 കേസുകളാണ് കഴിഞ്ഞ സെപ്റ്റംബർ വരെ. ഇതിൽ 4266കേസുകൾ ഇനിയും അന്വേഷണം പൂർത്തിയായി കോടതിയിലേക്ക് പോയില്ല. പോക്‌സോ കേസുകൾ പെട്ടന്ന് തീർക്കാൻ 28 ഫാസ്റ്റ്ട്രാക്ക് കോടതികൾ വരുന്നു. മറ്റെല്ലാ കേസിന്റെയും പുറകോ പോകുന്ന സ്റ്റേഷൻ പൊലീസിന് ഇത് അന്വേഷിക്കാനും തെളിവ് കണ്ടെത്താനും സമയം കിട്ടുന്നില്ല. അതിനാണ് ഇതിനായി മാത്രം പ്രത്യേക വിഭാഗം. ഒരു ഐജിയാണ് ഈ വിഭാഗത്തിന്റെ തലവൻ. ആസ്ഥാന ഓഫിസിൽ 2 എസ്‌പിമാർ, അഡി.എസ് പിമാർ 20 ഡിവൈഎസ്‌പിമാർ 20സിഐമാർ 41,എസ്്‌ഐമാർ 43 തുടങ്ങി 401 തസ്തികയാണ് ഈ വിഭാഗത്തിനായി വേണ്ടത്.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പാകാരെ കുടുക്കും

മോറിസ് കോയിൻ അടക്കം നിരവധി സാമ്പത്തിക തട്ടിപ്പുകളാണ് കേരളത്തിൽ ഇപ്പോഴും നടക്കുന്നത്. ഇത്തരം തട്ടിപ്പു കേസുകളുടെ ബാഹുല്യം പൊലീസിന് ഒന്നും സമയം തിരിയാത്ത വിധത്തിൽ കാര്യങ്ങൾ എത്തിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് തട്ടിപ്പുകളിൽ വിശദമായ അന്വേഷണത്തിന് പൊലീസ് ഒരുങ്ങുന്നത്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പു വിദഗ്ധന്മാർ തലങ്ങുംവിലങ്ങുമാണ് മലയാളികളെ പറ്റിക്കുന്നത്. ബാങ്കിൽ നിന്നു മാത്രമല്ല, സോഷ്യൽമീഡിയ വഴി പരിചയപ്പെടുന്നവർ വരെ മലയാളിയുടെ പണം കൈക്കലാക്കുന്നു.

ഫേസ്‌ബുക്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത ശേഷം സുഹൃത്തുക്കളോട് പണം ആവശ്യപ്പെട്ട സന്ദേശമയയ്ക്കുന്നത് ഇപ്പോൾ പതിവാണ്. പക്ഷേ ഇവരെയൊക്കെ കണ്ടെത്തുക എന്ന ശ്രമം സൈബർ പൊലീസ് സ്റ്റേഷനിലെ ഒരു പരാതിയിൽ അവസാനിക്കുകയാണ്. അതിനുള്ള സാങ്കേതിക വിദ്യയോ നടപടികളോ ഇല്ലെന്നതാണ് സത്യം. അതിന് പരിഹാരമാണ് ഈ പ്രത്യേക വിഭാഗം.

പൂർണമായും സാമ്പത്തിക കുറ്റങ്ങൾ മാത്രമാണ് ഈ വിഭാഗം അന്വേഷിക്കു. ക്രൈംബ്രാഞ്ച് എഡിജിപിയാണ് മേധാവി. പൊലീസ് ആസ്ഥാനത്ത് ഇതിനായി പ്രത്യേകം ഐജി. 2 സോണലിന്റെ ചുമതല 2 ഡിഐജിമാർ. 4 റേഞ്ച് തലത്തിൽ നാല് എസ്‌പിമാർ. എല്ലാ ജില്ലാ ആസ്ഥാനത്തും പ്രത്യേകം ഡിവൈഎസ്‌പിമാരുടെ പ്രത്യേക സംഘം . ആകെ 17 ഡിവൈഎസ്‌പിമാരെ നിയമിക്കും. , 44 സിഐമാർ,21 എസ്‌ഐമാർ ഉൾപ്പെടെ 432 പേർ മിനിസ്റ്റീരിയൽ സ്റ്റാഫ് 21 ഉൾപ്പെടെ 453 പേർ.

ഇത്തരത്തിൽ മൂന്ന് പുതിയ വിഭാഗങ്ങൾ സൃഷ്ടിക്കപ്പെടുമ്പോൾ 1660 പുതിയ തസ്തികകൾ കൂടി സൃഷ്ടിക്കപ്പെടേണ്ടി വരും. മൂന്ന് പുതിയ വിഭാഗങ്ങൾ വരുമ്പോൾ തസ്തികകൾ സൃഷ്ടിക്കുമ്പോൾ വർഷം 89 കോടിയാണ് സർക്കാരിന് അധികംചെലവ് വരുക. ഇതിൽ 10 കോടി രൂപ പൊലീസ് തന്നെ സർക്കാരിന് ലാഭിച്ചു നൽകാൻ നിർദ്ദേശം വച്ചു. പൊലീസിൽ നിലവിലുള്ള 225 തസ്തികകൾ നിർത്തലാക്കാനാണ് നിർദ്ദേശം.