തിരുവനന്തപുരം: അയ്യപ്പ ഭക്തന്മാരെ പ്രത്യേക മതവിഭാഗമായി അംഗീകരിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനായി കേന്ദ്രസർക്കാർ നിയമനിർമ്മാണം കൊണ്ടുവരണം. സംസ്ഥാന നിയമസഭ പ്രമേയം പാസാക്കണം. എന്നാൽ, ഇക്കാര്യം ഉന്നയിച്ച് പ്രധാനമന്ത്രിയെ കാണില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

നാട്ടിൽ കലാപം നടക്കട്ടെ എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ശരിയായ കാര്യങ്ങൾ പറയുന്നവരെ സംഘിയാക്കാനാണ് സിപിഎമ്മിന്റെ ശ്രമം. മുസ് ലിം ലീഗ് നേതാവ് എം.കെ. മുനീറിനെയും തന്നെയും സംഘിയാക്കി. മുഖ്യമന്ത്രിയുടെ ഓഫിസിൽ ശബരിമല യുവതീ പ്രവേശന സെൽ തുറന്നിരിക്കുകയാണ്. വനിതാ മതിലിൽ പങ്കെടുത്തത് 12 ലക്ഷം പേർ മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ജാതിപ്രയോഗം ദൗർഭാഗ്യകരം. ഇത് സിപിഎമ്മിന്റെ ദുര്യോഗമാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്രം ഭരിക്കുന്ന പാർട്ടിയും കേരളം ഭരിക്കുന്ന പാർട്ടിയും സാധാരണക്കാരുടെ സ്ഥൈര്യജീവിതം ദുസ്സഹമാക്കിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കലാപമുണ്ടാകട്ടെ എന്ന നിലയിലാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു.ഡി.എഫ് നേതൃയോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുയിരുന്നു അദ്ദേഹം.

ബിജെപിയും ആർ.എസ്.എസും അക്രമം അഴിച്ചുവിട്ടപ്പോൾ പൊലീസ് നോക്കിനിന്നു. മിഠായിതെരുവിൽ വ്യാപാരികൾ കടകൾ തുറക്കാൻ മുന്നോട്ടുവന്നപ്പോൾ പൊലീസിനെ ഒരിടത്തും കണ്ടില്ല. ആർ.എസ്.സും ബിജെപിയും സംഘപരിവാറും അക്രമം അഴിച്ചുവിട്ടപ്പോൾ പൊലീസ് കയ്യുംകെട്ടിനിന്നു. കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു ഡിജിപി, എസ്‌പിമാർ തന്റെ ഉത്തരവ് പാലിച്ചില്ല എന്ന് പറയുന്നത്. അക്രമം നടക്കട്ടെ എന്നാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാട്.

മറുവശത്ത് സിപിഎം -ഡിവൈഎഫ്.ഐ പ്രവർത്തകരും അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. പേരാമ്പ്രയിൽ പ്രകടനത്തിനിടെ മുസ്ലിം പള്ളിക്ക് നേരെ സിപിഎം അക്രമം അഴിച്ചുവിട്ടു. കോട്ടയം പാത്താമുട്ടത്ത് ക്രിസ്മസ് കരോൾ നടത്തിയതിന്റെ പേരിൽ ഡിവൈഎഫ്ഐ അക്രമിച്ച 12 കുടുംബങ്ങൾ ഇപ്പോഴും പള്ളിയിൽ അഭയം തേടിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിൽ മതന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ ആർ.എസ്.എസിന് അക്രമം അഴിച്ചുവിടാൻ സർക്കാർ കൂട്ടുനിൽക്കുന്നു. ആഭ്യന്തര വകുപ്പ് നിഷ്‌ക്രിയമാണ്. പൊലീസ് നോക്കിനിൽക്കുന്നു. അക്രമം അവസാനിപ്പിച്ചിട്ടില്ല. ഇപ്പോഴും നേതാക്കന്മാരുടെ വീടുകൾക്ക് നേരെ ആക്രമണങ്ങൾ നടക്കുന്നു. കേന്ദ്രം ഭരിക്കുന്ന പാർട്ടിയും കേരളം ഭരിക്കുന്ന പാർട്ടിയും സാധാരണക്കാരുടെ സ്ഥൈര്യജീവിതം ദുസ്സഹമാക്കി. ഇവിടെ ഒരു സർക്കാരുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.