പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും സംഘർഷാവസ്ഥയും ഉടലെടുത്തിരിക്കുകയാണ്. തലസ്ഥാന നഗരിയിലുൾപ്പടെ സംഘർഷം നടന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് പന്തളത്ത് ശബരിമല കർമ്മ സമിതിപ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ കല്ലേറുണ്ടായെന്ന വാർത്ത പുറത്ത് വരുന്നത്. സംഭവത്തിൽ പൊലീസുകാരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.

ശബരിമല കർമ്മസമിതിയുടെ പ്രകടനത്തിന് നേരേ സി പി എം പാർട്ടി ഓഫീസിൽ നിന്ന് കല്ലേറ് ഉണ്ടായെന്നാരോപിച്ചായിരുന്നു ആക്രമണം.  കർമ്മസമിതി എം സി റോഡ് ഉപരോധിക്കുകയാണ്. 'കല്ലേറിൽ പന്തളം സ്റ്റേഷനിലെ സി പി ഒ രാജേഷി(43)ന് തലയ്ക്ക് പരിക്കേറ്റു. വഴിയാത്രക്കാർക്കും കർമ്മസമിതി പ്രവർത്തകർക്കും ഉൾപ്പെട്ടെ പത്തോളം പേർക്കാണ് പരിക്കേറ്റത്.

ബിജെപി ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രവർത്തകർ തെരുവിൽ ഇറങ്ങിയത്. ഇന്നു തന്നെ ഹർത്താലിന്റെ പ്രതീതി സൃഷ്ടിക്കുന്ന അവസ്ഥയാണ്. അതേസമയം തിരുവനന്തപുരത്ത് അടക്കം ബിജെപി പ്രവർത്തകരെ നേരിടാൻ സിപിഎം പ്രവർത്തകർ ഇറങ്ങിയതോടെ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി.

തലസ്ഥാനത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ ബിജെപി - സിപിഎം പ്രവർത്തകർ പരസ്പരം കല്ലേറു നടത്തി. സംഘർഷം നിയന്ത്രണാതീതമായപ്പോൾ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സെക്രട്ടേറിയറ്റിനു മുന്നിലെ ബിജെപി സമരപ്പന്തലിലുള്ളവരും എതിർ വശത്ത് ദേശീയ പണിമുടക്കിന്റെ ഭാഗമായി നിർമ്മിച്ച സമരപ്പന്തലിലെ സിപിഎം അനുകൂലികളും തമ്മിലാണ് കല്ലേറുണ്ടായത്.

നേരത്തെ യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ സെക്രട്ടേറിയറ്റിന് അകത്തേക്ക് തള്ളിക്കയറിയിരുന്നു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ നഗരത്തിൽ മാർച്ച് നടത്തിയിരുന്നു. തുടർന്ന് ഉച്ചയോടെയാണ് ഇരു സമരപ്പന്തലിലുമുള്ളവർ പരസ്പരം കല്ലേറുണ്ടായത്. നാലുമണിക്കൂറിലേറയൊയി സെക്രട്ടേറിയറ്റിനു മുന്നിലെ എം.ജി റോഡിൽ ഗതാഗതം പൂർണമായി തടസപ്പെട്ടിരിക്കുകയാണ്. തലസ്ഥാന നഗരിയിൽ യുദ്ധസമാന സാഹചര്യമാണ്. വിവിധയിടങ്ങളിൽ മാധ്യമപ്രവർത്തകർക്ക് നേരെ വ്യാപക അക്രമമുണ്ടായി.

സംസ്ഥനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആർഎസ്എസ്-ബിജെപി പ്രവർത്തകർ റോഡുപരോധിക്കുകയും വാഹനങ്ങൾക്ക് നേരെ കല്ലേറു നടത്തുകയും ചെയ്തു. പാലക്കാട് കൊടുവായൂരിൽ കെ.എസ്.ആർ.ടി.സി ബസിനു നേരെ കല്ലേറുണ്ടായി. മാവേലിക്കരയിൽ വില്ലേജ് ഓഫീസ് തല്ലിത്തകർത്തു. കോഴിക്കോട്,കണ്ണൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ ബിജെപി പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു. പലയിടത്തും റോഡിൽ ടയറുകൾ കത്തിച്ച് ഗതാഗതം തടസപ്പെടുത്തിയിരിക്കുകയാണ്.

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി, കോന്നി, റാന്നി എന്നിവിടങ്ങളിൽ വ്യാപകമായ അക്രമമുണ്ടായി. കോഴഞ്ചേരിയിൽ നാലു കെ.എസ്.ആർ.ടി.സി ബസുകൾ അക്രമികൾ തകർത്തു. അടൂരിൽ ഢൈക്ക് യാത്രക്കാരെ വരെ അക്രമികൾ തടഞ്ഞുവെച്ചു. ഇവിടെ ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്. ബിജെപി പ്രവർത്തകരുടെ പ്രതിഷേധം പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ കൈയേറ്റമുണ്ടായി. കൈരളി ടി.വിയുടെ മൈക്ക് തകർത്തു. മീഡിയവൺ കാമറമാനെയും കൈയേറ്റം ചെയ്തു. റോഡ് ഉപരോധം ഇപ്പോഴും തുടരുകയാണ്. സ്ഥലത്ത് കൂടുതൽ പൊലീസെത്തിയതിനാൽ സംഘർഷാവസ്ഥക്ക് അയവ് വന്നിട്ടുണ്ട്. കൊടുങ്ങല്ലൂരിൽ പ്രതിഷേധം ഹർത്താലായി മാറി.