കിളിമാനൂർ: സ്‌കൂൾ വിദ്യാർത്ഥിനിയായ മകളുടെ മൊബൈലിലേക്ക് അശ്ലീല ചിത്രങ്ങളും മെസേജുകളും അയച്ച പിതാവ് സ്ഥിരം പ്രശ്‌നക്കാരൻ. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ വിവരത്തെത്തുടർന്ന് കിളിമാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പെൺകുട്ടിയും അച്ഛനെതിരെ അതിശക്തമായ നിലപാടാണ് എടുത്തത്.

പിടിയിലായ അച്ഛൻ മൂന്ന് വിവാഹം കഴിച്ചിട്ടുണ്ട്. ആദ്യ രണ്ട് ബന്ധം വേർപെടുത്തിയിരുന്നു. മൂന്ന് ഭാര്യമാരിലുമായി അഞ്ച് കുട്ടികളും ഉള്ളതായി പൊലീസ് പറഞ്ഞു. ഇയാളുടെ ഇടപെടലിൽ വിശദ അന്വേഷണം പൊലീസ് നടത്തും. മറ്റു മക്കളോടും അച്ഛന്റെ സ്വഭാവത്തിൽ കാരണങ്ങൾ തിരക്കാനാണ് തീരുമാനം. പെൺകുട്ടിയെ ശാരീരികമായി ഇയാൾ ഉപദ്രവിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.

മുൻപും പിതാവ് മോശമായ രീതിയിൽ പെരുമാറിയിരുന്നതായി പെൺകുട്ടി പൊലീസിനോടു പറഞ്ഞു. ഇയാൾ 30 വർഷമായി വിദേശത്ത് ജോലിചെയ്തുവരികയായിരുന്നു. ഗൾഫിൽ ആയിരുന്ന സമയത്തും കുട്ടിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല വീഡിയോകളും മെസേജുകളും അയയ്ക്കുക പതിവായിരുന്നു. സഹികെട്ടാണ് എല്ലാം അമ്മയോട് കുട്ടി പറഞ്ഞത്. ഇതോടെയാണ് സംഭവം പുറം ലോകത്ത് എത്തിയത്.

നാട്ടിൽ വന്ന ശേഷവും പെൺകുട്ടിയോടു മോശമായി പെരുമാറിയതിനെത്തുടർന്ന് മാതാവാണ് ചൈൽഡ് ലൈൻ പ്രവർത്തകർക്ക് പരാതിനൽകിയത്. കിളിമാനൂർ സിഐ. കെ.ബി.മനോജ് കുമാർ, എസ്‌ഐ. ടി.ജെ.ജയേഷ്, സരിത, സുരേഷ് കുമാർ, ഷാജി, സി.പി.ഒ. സുജിത്ത്, രജിത്ത്, റിയാസ്, ഷംല എന്നിവർ ചേർന്ന് അറസ്റ്റുചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.