കോഴിക്കോട്: സ്വത്ത് തട്ടിയെടുക്കാൻ അമ്മയെ കൊലപ്പെടുത്തിയത് പുറത്തറിയാതിരിക്കാൻ മകൻ വാടക കൊലയാളിയെയും കൊലപ്പെടുത്തി. കോഴിക്കോട് മണാശ്ശേരിയിലാണ് ഇരട്ടക്കൊലപാതകം നടന്നത്. പ്രതി പി.വി. ബിർജു തന്റെ അമ്മ ജയവല്ലിയേയും വാടകക്കൊലയാളി ഇസ്മായിലിനേയും കൊലപ്പെടുത്തുകയായിരുന്നു. രണ്ടാമത്തെ കൊലപാതകം പ്രതി ബിർജു നടത്തിയത് ഒറ്റയ്‌ക്കെന്ന് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

ഇസ്മായിൽ വധത്തിൽ പ്രതിക്ക് മറ്റാരുടെയും സഹായം കിട്ടിയിട്ടില്ലെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് അന്വേഷണ സംഘം അടുത്ത ദിവസം ഐജിക്കു കൈമാറും. ഡിവൈഎസ്‌പി എം.ബിനോയ്, പി.കെ.സന്തോഷ് കുമാർ എന്നിവർ നേരത്തേ അന്വേഷിച്ച കേസ് ഡിവൈഎസ്‌പി ടി.സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണു പൂർത്തിയാക്കിയത്. ചുമത്തേണ്ട വകുപ്പുകൾ സംബന്ധിച്ച് ഐജിയുടെ അനുമതി ലഭിച്ചാലുടൻ കുറ്റപത്രം സമർപ്പിക്കും.

സ്വത്ത് തട്ടിയെടുക്കാനാണ് ഇസ്മായിലിന്റെ സഹായത്തോടെ ബിർജ സ്വന്തം അമ്മയെ കൊലപ്പെടുത്തിയത്. ഒരു കൊല്ലത്തിനു ശേഷം ഈ വിവരം പുറത്താവാതിരിക്കാൻ ഇസ്മായിലിനെയും വകവരുത്തുകയായിരുന്നു എന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. 2016 മാർച്ച് 15നാണ് 70 കാരിയായ ജയവല്ലിയെ കൊലപ്പെടുത്തുന്നത്.

ബിർജു അമ്മ ജയവല്ലിയുടെ ആധാരം ബാങ്കിൽ പണയം വച്ച് അമ്മയറിയാതെ ആറ് ലക്ഷം രൂപ വായ്പ എടുത്തിരുന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തി. തിരിച്ചടവ് മുടങ്ങിയതോടെ വായ്പയെടുത്ത വിവരം അമ്മയറിയുമെന്ന സ്ഥിതിയിലാണ് ഇവരെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. ജയവല്ലി മരിച്ചാൽ സ്വത്തുക്കൾ സ്വന്തമാക്കാമെന്നതും കൊലപാതകത്തിനു കാരണമായി.

ജയവല്ലിയുടെ പേരിലുള്ള 10 സെന്റ് സ്ഥലത്തിന്റെയും വീടിന്റെയും ആധാരം കൈവശപ്പെടുത്തിയ ശേഷം ജയവല്ലിയുടെ പേരിൽ അപേക്ഷ തയാറാക്കിയാണ് കോഴിക്കോട്ടെ വാണിജ്യ ബാങ്കിൽ നിന്നു വായ്പയെടുത്തത്. ജയവല്ലിയെ കൊലപ്പെടുത്തിയ ശേഷം സ്വത്തുക്കൾ ബിർജുവിന്റെ പേരിലേക്ക് മാറ്റിയെങ്കിലും യഥാർഥ ആധാരം ബാങ്കിലായിരുന്നു.

വീടും സ്ഥലവും വാങ്ങാൻ തയാറായ അയൽവാസിയോടു വസ്തുവിന്റെ ഒറിജിനൽ ആധാരം നഷ്ടമായെന്നായിരുന്നു ബിർജു പറഞ്ഞത്. തുടർന്നു ആധാരത്തിന്റെ പകർപ്പ് ലഭിക്കാനായി ഒറിജിനൽ ആധാരം നഷ്ടമായതായി പത്രങ്ങളിൽ പരസ്യം ചെയ്തു. ഇതു ബാങ്ക് അധികൃതരുടെ ശ്രദ്ധയിൽ പെട്ടതോടെ നീക്കം പൊളിഞ്ഞു. തുടർന്നു വസ്തു വാങ്ങിയ അയൽവാസിയാണ് വായ്പ തിരിച്ചടച്ച് ആധാരം ബാങ്കിൽ നിന്നു തിരിച്ചെടുത്തത്.

അമ്മയുടെ കൊലപാതകത്തിൽ സഹായിച്ചതിനു 2 ലക്ഷം രൂപ ഇസ്മായിലിനു ബിർജു വാഗ്ദാനം ചെയ്തിരുന്നു. പണം ചോദിച്ചു ഭീഷണിപ്പെടുത്തിയതോടെ ഇസ്മായിലിനെ വീട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി പലയിടത്തായി ഉപേക്ഷിക്കുകയും ചെയ്തുവെന്നാണു കണ്ടെത്തൽ. 2017 ജൂൺ 18നാണ് ഈ കൊല നടന്നത്.

ജയവല്ലി ആത്മഹത്യ ചെയ്തതാണെന്നു നാട്ടുകാരെ വിശ്വസിപ്പിച്ച ബിർജു പിന്നീടു വീടും സ്ഥലവും വിറ്റു തമിഴ്‌നാട്ടിലേക്കു താമസം മാറിയിരുന്നു. ശരീരഭാഗങ്ങൾ പല ദിവസങ്ങളിലായി പലയിടത്തായി കണ്ടെത്തുകയും ഒരാളുടേതാണെന്നു ഡിഎൻഎ പരിശോധനയിൽ തെളിയുകയും ചെയ്തതിനെ തുടർന്നാണു മരിച്ചത് ഇസ്മായിലാണെന്ന് ഉറപ്പിച്ചത്. ഇസ്മായിലുമായി ബന്ധമുണ്ടായിരുന്നവരെക്കുറിച്ചുള്ള അന്വേഷണമാണു ബിർജുവിലേക്കെത്തിയത്.

ഇസ്മായിൽ വധക്കേസിൽ ദൃക്‌സാക്ഷികൾ ആരുമില്ല. ബിർജുവിനെ കാണാൻ പോവുകയാണെന്ന് ഇസ്മായിൽ കൊല്ലപ്പെടുന്നതിനു തലേന്നു 3 സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. ഇവരാണ് കേസിലെ പ്രധാന സാക്ഷികൾ.

മൃതദേഹം കഷണങ്ങളാക്കാൻ ഉപയോഗിച്ച കത്തി വാങ്ങിയ കട്ടാങ്ങലിലെയും, മൃതദേഹ ഭാഗങ്ങൾ തള്ളാൻ ഉപയോഗിച്ച ചാക്ക് വാങ്ങിയ മുക്കത്തെയും കടയുടമകൾ ബിർജുവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബിർജു നേരത്തേ അറവു ജോലി ചെയ്തിരുന്നു. ഈ പരിചയം ഉപയോഗിച്ചാണ് കത്തി ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കിയത്. തെർമോക്കോൾ മുറിക്കുന്ന കത്തിയാണ് ഇതിനായി ഉപയോഗിച്ചത്.