കൊച്ചി: കിറ്റെക്‌സിലെ തൊഴിലാളികളെ പൂട്ടാൻ ഉറപ്പിച്ചു പൊലീസിന്റെ നടപടികൾ. പൊലീസുകാരെ വധിക്കാൻ ശ്രമിച്ചുവെന്ന കൃത്യമായി വ്യക്തമാക്കുന്നതായിരുന്നു റിമാൻഡ് റിപ്പോർട്ട്. ക്രിസ്മസ് ദിനം രാത്രി കിഴക്കമ്പലത്ത് സംഘർഷം ഒത്തുതീർപ്പാക്കാനെത്തിയ പൊലീസുകാരെ കൊല്ലാൻ കിറ്റെക്‌സിലെ താഴിലാളികൾ ഉറപ്പിച്ചിരുന്നുവെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

പൊലീസുകാരെ വധിക്കാൻ 50-ൽ അധികം വരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഒത്തുകൂടി. എസ്.എച്ച്.ഒ ഉൾപ്പെടെയുള്ള പൊലീസുകാരെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് കല്ലുകളും മരവടികളും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിച്ചത്. ജീപ്പിനുള്ളിലിരുന്ന പൊലീസുകാരെ പുറത്തിറങ്ങാൻ കഴിയാത്ത വിധം വാതിൽ ചവിട്ടിപ്പിടിച്ച ശേഷം വാഹനത്തിന് തീയിടുകയായിരുന്നു.

കൊല്ലാനുള്ള ശ്രമത്തിൽ നിന്ന് ഭാഗ്യംകൊണ്ട് മാത്രമാണ് പൊലീസുകാർ രക്ഷപ്പെട്ടത്. അഞ്ച് പൊലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിൽ രണ്ട് പേർക്ക് ശസ്ത്രക്രിയ ഉൾപ്പെടെ നടത്തേണ്ടി വന്നു. കല്ലുകൊണ്ട് തലയ്ക്കടിച്ചും വടികൊണ്ട് സംഘം ചേർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേൽപ്പിച്ചുമാണ് ആക്രമിച്ചത്. ചികിത്സയിൽ കഴിയുന്ന പൊലീസുകാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് എഫ്.ഐ.ആർ ഇട്ടത്.

കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തതിൽ 106 പേരെക്കൂടി അറസ്റ്റ് ചെയ്തു. 162 പേരുടെ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. 156 പ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ 24 പേരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. പിന്നീട് നടത്തിയ തിരിച്ചറിയൽ പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ശേഷം 26 പേരുടെ അറസ്റ്റ് കൂടി തിങ്കളാഴ്ച രാവിലെയും രേഖപ്പെടുത്തി. ഇതിന് ശേഷമാണ് 106 പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തിയത്.

പ്രതികൾക്കെതിരെ 12 വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. നാല് സ്റ്റേഷനുകളിലായി പ്രതികളെ പാർപ്പിച്ച് ഇവരുടെ കോവിഡ് പരിശോധന നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പ്രതികൾ നടത്തിയ അക്രമങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ പൊലീസ് കോടതിയെ അറിയിക്കും. കസ്റ്റഡിയിലുള്ളവരിൽ നിന്ന് കുറ്റക്കാരെ തിരിച്ചറിഞ്ഞ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയാൽ പ്രതികളുമായി സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കുന്നത് ഉൾപ്പെടെയുള്ള കര്യങ്ങൾ ഇന്ന് തന്നെ പൂർത്തിയാക്കാനാണ് പൊലീസ് നീക്കം. അക്രമത്തിന്റെ ദൃശ്യങ്ങളും നാട്ടുകാരുടെ മൊഴിയും പരിശോധിച്ച് വ്യക്തത വരുത്തും.

കേസുമായി ബന്ധപ്പെട്ട് കൂടുതലാളുകളെ കസ്റ്റഡിയിലെടുക്കേണ്ടതുണ്ടോയെന്നും ആരെങ്കിലും ഒളിവിൽ പോയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പെരുമ്പാവൂർ എ.എസ്‌പിയുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്. അതോടൊപ്പം തന്നെ പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോ, ഇവർക്ക് എവിടെ നിന്നാണ് ലഹരി പദാർത്ഥങ്ങൾ കിട്ടുന്നത് തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അക്രമസംഭവം നടക്കുന്ന സമയത്ത് ഇതരസംസ്ഥാന തൊഴിലാളികൾക്കൊപ്പമുണ്ടായിരുന്നവരും അവരുടെ മൊബൈലുകളിൽ ദൃശ്യങ്ങളെടുക്കുന്നുണ്ടായിരുന്നു. ഇതും പൊലീസ് പരിശോധിക്കും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കൂടുതൽ ആളുകളെ തിരിച്ചറിയാനാണ് ഈ നടപടി. രണ്ട് ദിവസത്തിനുള്ളിൽ ഈ സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടേയും പട്ടിക തയ്യാറാക്കി അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. പ്രതികൾ 12ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് പൊലീസ് അറിയിച്ചു.