മുംബൈ: കേരളം വിട്ട് തെലങ്കാനയിൽ നിക്ഷേപമിറക്കുമെന്ന വാർത്തകൾക്ക് പിന്നാലെ കിറ്റെക്സിന്റെ ഓഹരിയിൽ വൻ വർധവാണ് ഇന്ന് രേഖപ്പെടുത്തിയത്. രാവിലെ ഓഹരി വിൽപ്പന തുടങ്ങിയപ്പോൾ തന്നെ നേട്ടങ്ങളായിരുന്നു കമ്പനിക്ക്. 117.75 രൂപയിലാണ് ഓഹരി വിൽപ്പന ആരംഭിച്ചത്. പിന്നാലെ കുത്തനെ ഉയർന്നു. കേരളത്തിൽ നിന്നും തെലുങ്കാനയുമായി ചർച്ചകൾ നടത്തുന്നതിനായി സ്വകാര്യ ജെറ്റിൽ കയറുമ്പോൾ തന്നെ വിപണിയിൽ കുതിപ്പുണ്ടായി.

മാധ്യമ വാർത്തകൾ കൂടിയായപ്പോൾ ഈ കുതിപ്പ വലിയ നേട്ടത്തിലേക്ക് പോകുകയാണ് ഉ്ണ്ടത്. ഏറ്റവും ഒടുവിൽ വിപണി ക്ലോസ് ചെയ്യുമ്പോൾ 140.85 രൂപയിൽ എത്തിയിട്ടുണ്ട് കിറ്റക്‌സിന്റെ ഒരു ഷെയർ വില. അതായത് ഒരു ദിവസം കൊണ്ട് മാത്രം 23.45 രൂപയുടെ നേട്ടമുണ്ടാക്കി. ഏതാണ്ട് 19.97 ശതമാനത്തിന്റെ വർധനയാണ് ഇത്. ഒരു ദിവസം മാത്രം കമ്പനിയുടെ മൊത്തം വിപണി മൂല്യത്തിൽ 200 കോടിയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് കിറ്റെക്‌സിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടം തന്നെയാണ്.

അടുത്തകാലത്തായി കിറ്റ്ക്‌സ് ഉണ്ടാക്കിയ ഏറ്റവും വലിയ നേട്ടമാണ് ഇപ്പോഴത്തേത്. 3500 കോടി രൂപയുടെ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി എംഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം ഇപ്പോൾ ഹൈദരാബാദിലേക്ക് പോയതാണ് ഈ ഓഹരി വിപണിയിലെ കുതിപ്പിന് ഇടയാക്കിയത്. തെലുങ്കാന സർക്കാർ അയച്ച ഫ്‌ളൈറ്റിൽ ചർച്ചകൾക്കായി കിറ്റക്‌സ് സംഘം എത്തിയപ്പോൾ മുതൽ രാജകീയ സ്വീകരണമാണ് സംഘത്തിന് ലഭിച്ചത്. പ്രൈവറ്റ് ജെറ്റ് അയച്ചതിന് പിന്നാലെ വിമാനത്താവളത്തിൽ തെലുങ്കാന വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരണം നൽകി.

ഹൈദ്രാബാദിൽ വെച്ച് വ്യവസായ - ഐടി മന്ത്രി കെ ടി രാമറാവു ലഞ്ച് ഒരുക്കിയിരുന്നു. ഈ ലഞ്ച് കഴിയുമ്പോഴേക്കും ഓഹരി വിപണിയിലും വൻ കുതിപ്പാണ് ഉണ്ടായത്. ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായ തെലുങ്കാനയിലേക്ക് കിറ്റക്സ് പറിച്ചു നടുന്നു എന്ന വാർത്തകൾ വന്നതാണ് ഇപ്പോൾ ഓഹരി വിപണിയിലെ കുതിച്ചു ചാട്ടത്തിന് കാരണമായത്. വലിയ പ്രതീക്ഷയോടെയാണ് തെലുങ്കാനയിലേക്ക് സാബവും സംഘവും എത്തിയത്. കേരളം അത്ര നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്നന മറുവശവും കിറ്റെക്‌സിന്റെ മറുകണ്ടം ചാടലിൽ ഉണ്ട്.

കേരളത്തിൽ കിറ്റെകെസ് പ്രവർത്തിക്കുമ്പോൽ വലിയ ഓപ്പറേഷൻ കോസ്റ്റ് വേണ്ടി വരുന്നുണ്ട്. തെലുങ്കാനയിലേക്ക് എത്തിയാൽ ഇത് ഒഴിവാക്കാൻ സാധിക്കും. രാഷ്ട്രീയമായ പ്രശ്‌നങ്ങൾ തന്നെയാണ് കിറ്റെക്‌സ് മറുകണ്ടം ചാടാൻ ഇടയാക്കുന്നതിന് കാരണവും. ആകെ നിക്ഷേപത്തിന്റെ 40 ശതമാനം തിരിച്ചു കൊടുക്കുന്ന തെലങ്കാന വലിയ നിക്ഷേപ സൗഹൃദ സംസ്ഥാനമാണ്. തെലുങ്കാനയിൽ നിക്ഷേപം നടത്തിയാൽ അതിൽ 40 ശതമാനം സർക്കാർ സബ്സിഡി പോലും ലഭിക്കും. അതായത് 3500 കോടിയുടെ നിക്ഷേപത്തിൽ പദ്ധതി പൂർത്തിയായാൽ 1500 കോടി കിറ്റക്സിന് സർക്കാർ തിരിച്ചു കൊടുക്കും എന്നതാണ് പ്രത്യേകത.

വാടക നിരക്കിൽ ഭൂമിയെങ്കിൽ അതിനും സബ്സിഡി നൽകുന്നുണ്ട്. വൈദ്യുതിയും വെള്ളവുമെല്ലാം കിട്ടും. ഇതിനും സബ്ഡിസിയുണ്ട്. എല്ലാ അനുമതിക്കും ഉദ്യോഗസ്ഥരും സർക്കാറും ഒപ്പം നിൽക്കും. മാലിന്യപ്ലാന്റ് പോലും സർക്കാർ നിർമ്മിച്ചു കൊടുക്കുന്ന അവസ്ഥയുണ്ട്. ഇങ്ങനെ എല്ലാ വിധത്തിലുള്ള സൗകര്യവും കിറ്റക്സ് സാബുവിന് ലഭിക്കും. ഏതാണ്ട് ഇതേപോലൊരു ഓഫർ തന്നെയാണ് തമിഴ്‌നാടും മുന്നിൽ വെച്ചിരിക്കുന്നത്. ഇതിൽ കൂടുതൽ സൗകര്യം എന്തുകിട്ടും എന്നതാകും ഈ സാഹചര്യത്തിൽ തെലുങ്കാന സർക്കാറുമായുള്ള ചർച്ചാ വിഷയമാക്കുക.

ഇന്ന് രാവിലെയാണ് കൊച്ചി വിമാനത്താവളത്തിൽ നിന്നും തെലുങ്കാന സർക്കാർ അയച്ച പ്രത്യേക വിമാനത്തിൽ കിറ്റക്സ് സംഘം തെലുങ്കാനയിലേക്ക് 3500 കോടി രൂപയുടെ ബിസിനസ് പ്രൊജക്ടുമായി പറന്നു പൊങ്ങിയത്. വ്യവസായ സൗഹൃദ പട്ടികയിൽ രാജ്യത്ത് ഒന്നാമതുള്ള തെലുങ്കാനയിലേക്കാണ് കിറ്റക്സ് പറന്നു പൊങ്ങിയത്. ആറംഗ സംഘമാണ് തെലുങ്കാന വ്യവസായ വകുപ്പുമായി ചർച്ചകൾ നടത്താൻ നേതൃത്വം കൊടുത്തതും.

കിറ്റക്സിന്റെ മാനേജിങ് ഡയറക്ടറും ചെയർമാനുമായി സാബു ജേക്കബ്, ഡയറക്ടർ ബോർഡ് അംഗമായ ബെന്നി ജോസഫ്, കെ എൽവി നാരായണൻ, ഓപ്പറേഷൻസ് വിഭാഗം വൈസ് പ്രസിഡന്റ് ഹർക്കിഷൻ സോധി, ചീഫ് ഫിനാൻഷ്യൽ ഓഫീസർ ബോബി മൈക്കിൾ, ജനറൽ മാനേജർ സജി കുര്യൻ എന്നിവരാണ് ഹൈദ്രാബാദിൽ തെലുങ്കാന വ്യവസായ മന്ത്രിയുമായി ചർച്ചകൾ നടത്തുന്നത്. ഇപ്പോഴത്തെ നിലയിൽ ചർച്ചകൾ മുന്നോട്ടു നീങ്ങിയാൽ അത് തെലുങ്കാനയിൽ ഒരു മലയാളിയുടെ വ്യവസായം വെന്നിക്കൊടി പാറിക്കാൻ ഇടയാക്കും.

സംസ്ഥാന സർക്കാറിന് കടുത്ത വിമർശനം ഉയർത്തി കൊണ്ടാണ് കൊച്ചിയിൽ നിന്നും സാബു പറന്നു പൊങ്ങിയത്. കേരള സർക്കാറുമായി ഇനി ചർച്ചകൾക്കില്ലെന്നും സാബു വ്യക്തമാക്കി. പതിനായിരങ്ങൾക്ക് ജോലി നൽകണമെന്ന് ആഗ്രഹിച്ച തന്നെ കേരളത്തിൽ നിന്ന് ചവിട്ടി പുറത്താക്കുകയായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ മൃഗത്തെ പോലെ ആട്ടിയോടിക്കുകയായിരുന്നു. മറ്റൊരു വ്യവസായിക്കും ഇങ്ങനെ ഒരു ഗതി വരരുത്. കഴിഞ്ഞ കുറെ ദിവസം വേദന അനുഭവിച്ചു. ഇനി ഇത് സാധിക്കില്ല. വ്യവസായം തുടങ്ങുന്ന കാര്യത്തിൽ കേരളത്തിൽ മാറ്റങ്ങൾ ഉണ്ടായില്ലെങ്കിൽ പുതിയ തലമുറയുടെ ഭാവി ആപത്തിലെന്നും സാബു എം ജേക്കബ് മുന്നറിയിപ്പ് നൽകി.

നേരത്തെ വ്യവസായ മന്ത്രി കെ ടി രാമറാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കിറ്റെക്സ് എംഡി ടെലിഫോണിൽ സംസാരിച്ചിരുന്നു. വിമാനത്താവളത്തിൽ സാബു ജേക്കബിനെയും സംഘത്തെയും തെലങ്കാന വ്യവസായ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്വീകരിച്ചു. ചർച്ച പുരോഗമിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനത്തേക്ക് കിറ്റക്സ് പറിച്ചു നടുന്നു എന്ന വാർത്തകൾ വന്നതാണ് ഇപ്പോൾ ഓഹരി വിപണിയിലെ കുതിച്ചു ചാട്ടത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.