കൊച്ചി: 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതി കിറ്റെക്‌സ് കേരളത്തിന് പുറത്തേക്ക് മാറ്റാൻ ശ്രമിക്കവേ അനുനയ പാതയിലാണ് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി കിറ്റക്‌സിന്റെ പ്രശ്‌നങ്ങൾ പഠിക്കാൻ വേണ്ടി വ്യവസായ വകുപ്പു ഉദ്യോഗസ്ഥർ ഇന്ന് ഫാക്ടറി സന്ദർശിക്കുന്നുണ്ട്. അതേസമം ഒരു വശത്ത് അനുനയ ശ്രമങ്ങൾ നടക്കുമ്പോൾ തന്നെ നിരന്തരം നോട്ടീസുകൾ ലഭിക്കുന്നുണ്ടെന്നാണ കിറ്റക്‌സ് എംഡി സാബു ജേക്കബ് പറയുന്നത്. സംസ്ഥാന സർക്കാരിനെതിരെ കിറ്റക്സ് ഉടമ വീണ്ടും രംഗത്തെത്തുകയും ചെയ്തു.

ഇന്നലെ വൈകീട്ടും തൊഴിൽ വകുപ്പ് നോട്ടീസ് നൽകിയെന്ന് സാബു എം ജേക്കബ് ആരോപിച്ചു. 76 നിയമങ്ങൾ ലംഘിച്ചു എന്ന് കാണിച്ചാണ് നോട്ടീസ് നൽകിയത്. സമീപപ്രദേശങ്ങൾ മലിനമാക്കുന്നു എന്ന പരാതിയെക്കുറിച്ച് തൊഴിൽവകുപ്പ് ഉദ്യോഗസ്ഥർ അന്വേഷിച്ചെന്നും പരിശോധനകളെ കുറിച്ച് ഉദ്യോഗസ്ഥരോട് സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപം പിൻവലിക്കുന്നു എന്ന് പറഞ്ഞു മൂന്ന് ദിവസത്തിന് ശേഷമാണ് ഉദ്യോഗസ്ഥർ വരുന്നത്. കഴിഞ്ഞ മാസം 28ന് ഇറക്കിയ നോട്ടീസാണ് ഇന്നലെ കിട്ടിയത്. ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യണം. എല്ലാ രേഖകളും ഹാജരാക്കാൻ തയ്യാറാണ്. റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തണമെന്നും തെറ്റ് സംഭവിച്ചെങ്കിൽ മാപ്പ് പറയാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

കമ്പനി തുടങ്ങാനായി ബംഗ്ലാദേശിൽ നിന്ന് ക്ഷണം വന്നു. പ്രശ്നം പരിഹരിക്കുമെന്ന് പറയുന്നവർ വീണ്ടും നോട്ടീസ് നൽകുകയാണ്. സർക്കാർ ചർച്ചയ്ക്ക് വിളിക്കുകയാണെങ്കിൽ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിക്കണം. അല്ലെങ്കിൽ ചർച്ചയിൽ പങ്കെടുക്കില്ല. ഉദ്യോഗസ്ഥരുടെ തെറ്റുകൾ തെളിയിച്ചാൽ നടപടിയെടുക്കുമോ. പദ്ധതി ഉപേക്ഷിക്കുന്നു എന്ന് പറഞ്ഞു മൂന്ന് ദിവസം കഴിഞ്ഞാണ് സർക്കാർ ഇടപെടുന്നത്. 26 വർഷം 76 നിയമങ്ങൾ ലംഘിച്ചാണോ പ്രവർത്തനം നടത്തിയതെന്ന് സർക്കാർ പറയണം. വിളിച്ചാൽ കിട്ടില്ലെന്ന മന്ത്രിയുടെ ആരോപണം തെറ്റെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കിറ്റെക്സിന് കെ സുരേന്ദ്രന്റെ വക്കാലത്തിന്റെ ആവശ്യം ഉണ്ടോയെന്നും അവർ നന്നായി കാര്യങ്ങൾ പറയാൻ അറിയാവുന്നവരാണെന്നും വ്യവസായ മന്ത്രി പി രാജീവ് പ്രതികരിച്ചു. സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഈ പ്രതികരണം. ഒരു സ്ഥാപനത്തിലും തെറ്റായ രീതിയിൽ സർക്കാർ ഇടപെടൽ നടത്തില്ല. മിന്നൽ പരിശോധന വേണ്ടെന്നാണ് സർക്കാർ നിലപാടെന്നും പി രാജീവ് പറഞ്ഞു.

സർക്കാർ സമീപനം പോസിറ്റീവ് ആണ്. സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെങ്കിൽ മാത്രം കിറ്റെക്സ് കടുത്ത നടപടി സ്വീകരിച്ചാൽ മതിയായിരുന്നു. കിറ്റെക്സ് മാനേജ്‌മെന്റിനെ 28ന് തന്നെ താൻ വിളിച്ചിരുന്നു. സാബുവിനെ വിളിച്ചാൽ എപ്പോഴും തിരക്കാണ്. അതിനാൽ സഹോദരനെ വിളിച്ചാണ് സംസാരിച്ചതെന്നും മന്ത്രി പറഞ്ഞു. 3,500 കോടിയുടെ പദ്ധതിയുമായി ഇനി കിറ്റെക്സ് വന്നാലും സ്വീകരിക്കും. സർക്കാരിന്റെ നടപടികൾ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ അല്ല. ഇതിനെ ട്വന്റി 20 യുമായി കൂട്ടി കലർത്തേണ്ട കാര്യമില്ല. അവർ മത്സരിച്ചതുകൊണ്ട് എൽ ഡി എഫിന് സീറ്റ് ഒന്നും നഷ്ടപ്പെട്ടില്ലെന്നും രാജീവ് പറഞ്ഞു.