കൊച്ചി: കേരളത്തിലെ വ്യവസായ സൗഹൃദമാണെന്ന വാദത്തെ തള്ളി കിറ്റെക്‌സ് എംഡി സാബു ജേക്കബ്. വ്യവസായ സൗഹൃദത്തിന് സിംഗിൾ വിന്റോ നടപ്പാക്കിയെന്ന് പറയുന്ന കേരളത്തിന് പൊട്ടക്കിണറ്റിൽ വീണ തവളയുടെ അവസ്ഥയാണെന്ന് സാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ എന്തുനടക്കുന്നുവെന്ന് സർക്കാരിനോ വ്യവസായ വകുപ്പിനൊ അറിയില്ല. കേരളമാണ് ഏറ്റവും വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് പറഞ്ഞ് ഒരു പ്രശ്നവുമില്ലെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും സാബു ആരോപിച്ചു.

നിരവധിയാളുകൾ ഇവിടെ നിക്ഷേപം നടത്തി ആത്മഹത്യയിലേക്കും കടക്കെണിയിലേക്കും പോകുന്നുണ്ട്. കേരളം മാറേണ്ടതുണ്ട്. കേരളമാണ് തങ്ങളെ വളർത്തിയത്. പക്ഷേ അതുപറയുമ്പോഴും 53വർഷമായി കേരളത്തിൽ വ്യവസായം നടത്താൻ തങ്ങൾ എടുത്ത പ്രയത്നം മറ്റു സംസ്ഥാനങ്ങളിലായിരുന്നുവെങ്കിൽ ഇതിലും വലിയ ലാഭമുണ്ടായേനെ എന്നും സാബു പറഞ്ഞു.

തെലങ്കാനയിൽ രാജകീയ സ്വീകരണമാണ് ലഭിച്ചത്. ഇലക്ട്രിസിറ്റി മുടങ്ങില്ല. ആവശ്യത്തിന് വെള്ളം കിട്ടും. ഗതാഗത സംവിധാനങ്ങളുണ്ട്. അധിക ചെലവ് സർക്കാർ വഹിക്കും. അതാണ് ആ സർക്കാരിന്റെ ശക്തി. മാലിന്യം പുറത്തേക്ക് വിടുന്നു എന്നാണ് ഫാക്ടറിയെ പറ്റിയുള്ള ആരോപണം. ലോകത്തിലെ ഉയർന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത്. മാലിന്യ സംസ്‌കരണം ഏറ്റെടുക്കുമെന്ന് തെലങ്കാന സർക്കാർ വാക്കു തന്നതായും സാബു അവകാശപ്പെട്ടു.

കേരളത്തിൽ 30 ദിവസത്തിനുള്ളിൽ 11 റെയ്ഡ് നടത്തി. അങ്ങനെയൊരു സംഭവം നടക്കില്ലെന്ന് ഉറപ്പുതന്നു. പരിശോധനയുടെ പേരിൽ ഒരു ഉദ്യോഗസ്ഥനും കയറി ഇറങ്ങില്ല. ഇനി പരിശോധനകൾ നടത്തുന്നെങ്കിൽ തന്നെ മന്ത്രിയുടെ അനുമതിയോടെ മാത്രമേ ഉണ്ടാകുള്ളുവെന്ന് ഉറപ്പുനൽകി. പരിശോധനയിൽ അപാകതകൾ കണ്ടാൽ അത് സർക്കാരുമായി ചേർന്ന് പരിഹരിക്കുമെന്നും ഉറപ്പുതന്നു.

വാഗ്ദാനങ്ങളുടെയും സൗജന്യങ്ങളുടെയും പെരുമഴയാണ് തെലങ്കാന നൽകുന്നത്. മറ്റു സംസ്ഥാനങ്ങളും അങ്ങനെയാണ്. മുടക്കുമുതലിന്റെ 70 ശതമാനം മുതൽ 90 ശതമാനം വരെ സർക്കാർ ഏഴെട്ടു വർഷത്തിനുള്ളിൽ തിരിച്ചു നൽകുന്നു. 1000 കോടി മുടക്കുന്ന നിക്ഷേപകന് 700 കോടി മുതൽ 900 കോടിവരെ തിരിച്ചു തരുമെന്നും സാബു ജേക്കബ് അവകാശപ്പെട്ടു.

അതിനിടെ തെലങ്കാനയിൽ നിക്ഷേപ പദ്ധതികൾക്കുള്ള നീക്കം ആരംഭിച്ചതോടെ തുടർച്ചയായ രണ്ടാം ദിവസവും കിറ്റെക്‌സിന്റെ ഓഹരി വില കുതിച്ചുയർന്നു. കിറ്റെക്‌സ് ഗാർമെന്റ്‌സിന്റെ ഓഹരിവിലയിൽ ഇന്ന് 14 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 18.70 രൂപ ഉയർന്ന് 159.25 ആണ് നിലവിലെ ഓഹരിവില. കേരളത്തിലെ നിക്ഷേപ പദ്ധതികൾ പിൻവലിക്കുമെന്ന പ്രഖ്യാപനത്തെ തുടർന്ന് കിറ്റെക്‌സ് ഓഹരി വില 110 രൂപയ്ക്ക് താഴെയെത്തിയിരുന്നു.