തിരുവനന്തപുരം: മൂന്ന് മാസം കൂടി കിഫ്ബിയിൽ തുടരാൻ കെ എം എബ്രഹാം സമ്മതിച്ചെന്ന് സൂചന. കിഫ്ബി സിഇഒ കെ.എം ഏബ്രഹാമിന്റെ കാലാവധി നീട്ടും. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.

കിഫ്ബി യിലെ ഓഡിറ്റ് സംബന്ധമായ വിവാദങ്ങൾ നടക്കുമ്പോൾ പരിചയ സമ്പന്നായ എബ്രഹാമിന്റെ സാന്നിദ്ധ്യം അനിവാര്യമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആണ് കാലാവധി നീട്ടി നൽകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യമാണ് കെ എം എബ്രഹാം അംഗീകരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ തുടരാൻ താൽപ്പര്യമില്ലെന്ന് എബ്രഹാം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ പോകരുതെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിക്കുകയായിരുന്നു. അതുകൊണ്ടാണ് കുറച്ചു മാസം കൂടി തുടരാൻ എബ്രഹാം തീരുമാനിച്ചത്.

മൂന്ന് മാസത്തേക്കായിരിക്കും കാലാവധി നീട്ടി നൽകുന്നത്. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം 2018 ജനുവരി 1 മുതൽ കിഫ് ബി സിഇഒ ആയ ഡോ.എബ്രഹാമിന്റെ കാലാവധി 2020 ഡിസംബർ 31 വരെ ആയിരുന്നു. 2.75 ലക്ഷം രൂപ പ്രതിമാസ ശമ്പളത്തിൽ കരാർ നീയമന വ്യവസ്ഥയിൽ ആയിരുന്നു നീയമനം.ശമ്പളത്തിൽ ഓരോ വർഷവും 10% വർധനയും ഉണ്ട്. ഇതനുസരിച്ച് 2020 ജനുവരി മുതൽ 3.32 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന്റെ പ്രതിമാസ ശമ്പളം.കരാർ നീയമനം ആയതിനാൽ ശമ്പളത്തിന് പുറമെ പെൻഷനും അർഹതയുണ്ട്. ചീഫ് സെക്രട്ടറി റാങ്കിലെ പെൻഷൻ ആയ 1.25 ലക്ഷം രൂപയും ശമ്പളത്തിന് പുറമെ ലഭിക്കും.

പലവിധ വിവാദങ്ങൾ കെ എം എബ്രഹാമിനെ സ്വാധീനിച്ചതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് വർഷം കൂടി കാലാവധി നീട്ടാൻ സർക്കാർ തയ്യാറായിരുന്നിട്ടും വേണ്ടെന്ന് എബ്രഹാമിനെ കൊണ്ട് പറയിച്ചത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പുതിയൊരു സിഇഒ വരുന്നത് തിരിച്ചടിയാണ്. ഇത് അംഗീകരിച്ചാണ് തുടരാനുള്ള എബ്രഹാമിന്റെ തീരുമാനം. കുടുംബത്തോടൊപ്പം മുംബൈയിൽ ചെലവഴിക്കാനാണ് മുൻ ചീഫ് സെക്രട്ടറി കേരളത്തിലെ ഉത്തരവാദിത്തങ്ങൾ വിടുന്നതെന്നാണ് സൂചന.

ചീഫ് സെക്രട്ടറിയായി വിരമിച്ച കെ.എം.എബ്രഹാമിനു തുടർന്ന് കിഫ്ബി സിഇഒ ആയി കോൺട്രാക്റ്റ് നിയമനം നൽകുകയായിരുന്നു. സ്വർണ്ണക്കടത്തും ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളും സർക്കാരിനെ പിടിച്ചു കുലുക്കുമ്പോൾ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനും സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചത്. കുടുംബപരമായ പ്രശ്നങ്ങളാണ് ചൂണ്ടിക്കാണിക്കുന്നതെങ്കിലും കിഫ്ബിയെ പിടിച്ചുലച്ച വിവാദങ്ങൾ തന്നെയാണ് സ്ഥാനം ഒഴിയലിനു കാരണം എന്നും സൂചനകൾ എത്തി. ഒരു ലക്ഷം കോടിയോളം രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ നാമമാത്രമായ തുകയേ കിഫ്ബിയിൽ ഉള്ളൂ എന്നാണ് ലഭിക്കുന്ന വിവരം.

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് പദ്ധതികൾ നടപ്പാക്കാനായി ധനവകുപ്പിന് കീഴിൽ രൂപീകരിച്ച ബോർഡാണ് കിഫ്ബി. അടിസ്ഥാന സൗകര്യവികസന പദ്ധതികളിലേക്കാണ് കിഫ്ബി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.എന്നാൽ ഏറ്റെടുത്ത പദ്ധതികളെക്കാൾ വിവാദമാണ് കിഫ്ബിയെ ചൂഴ്സ്ന്നു നിന്നത്. കിഫ്ബി വലിയ സാമ്പത്തിക ബാധ്യതയാണ് സംസ്ഥാനത്തിന് വരുത്തിവെയ്ക്കുന്നതെന്നു ആരോപണമാണ് കിഫ്ബിക്ക് എതിരെ ഉയർന്നത്. മസാലാ ബോണ്ട് വിവാദവും എത്തി. ഇക്കാര്യം കേന്ദ്ര ഏജൻസി പരിശോധിക്കുമ്പോൾ എബ്രഹാം സ്ഥാനം ഒഴിയുന്നത് പ്രശ്‌നമാകും. ഇത് അംഗീകരിച്ചാണ് മൂന്ന് മാസം കൂടി തുടരുന്നത്.

കിഫ്ബിയെ ആരോപണമുനയിലാക്കിയതാണ് മസാല ബോണ്ട് ഇടപാടുകൾ. മസാല ബോണ്ടുകളിൽനിന്നുൾപ്പെടെ ഉയർന്ന പലിശക്ക് പണം സ്വീകരിച്ചത് കിഫ്ബിക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന ആരോപണമാണ് ഉയർന്നത്. മസാല ബോണ്ട് വഴി അന്താരാഷ്ട്ര വിപണിയിൽനിന്ന് കിഫ്ബി 2150 കോടി രൂപയാണ് സമാഹരിച്ചത്. ഇതിന് 9.723 ശതമാനമാണ് പലിശ. ഇതിന് പുറമെ 9.30 ശതമാനം പലിശയ്ക്ക് നബാർഡിൽനിന്ന് 565 കോടി രൂപയും 9.15 ശതമാനം പലിശയ്ക്ക് 1000 കോടി രൂപയും കിഫ്ബി സമാഹരിച്ചിട്ടുണ്ട്.

വിവിധ ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപത്തിൽനിന്ന് 180 കോടി രൂപ കിഫ്ബിക്ക് ലഭിക്കുമെന്നാണ് കണക്കാക്കിയിരുന്നു. ഏഴ് ശതമാനം പലിശയ്ക്കാണ് നിക്ഷേപം. കിഫ്ബിയെടുത്ത വായ്പകളുടെ പലിശ പണം വാങ്ങിയ കാലം മുതൽ നൽകി തുടങ്ങണം. സർക്കാരാണ് ഈ വായ്പകൾക്ക് ഗ്യാരണ്ടി നിൽക്കുന്നത്. അതുകൊണ്ട് തന്നെ പലിശ അടവ് മൂലം ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത വലുതായിരിക്കുമെന്നുമാണ് വിമർശനം ഉയർന്നത്. സിഎജി ഓഡിറ്റ് വിവാദവും കിഫ്ബിയുടെ സുതാര്യത ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയുണ്ടാക്കി.