കൊച്ചി/കൊല്ലം/ തൃശൂർ: മേയറുടെ കാര്യത്തിൽ അനിശ്ചിതത്വം മാറാതെ തൃശ്ശൂർ.ആദ്യ രണ്ടു വർഷം മേയർ പദവി വേണമെന്ന കോൺഗ്രസ് വിമതന്റെ ആവശ്യത്തിൽ സിപിഎം ഇതുവരെ നിലപാട് എടുക്കാത്തതാണ് തൃശ്ശൂരിന്റെ കാര്യത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. എൽഡിഎഫിനെ പിന്തുണയ്ക്കുന്നതിനു പകരം ആദ്യത്തെ രണ്ടു വർഷം മേയർ സ്ഥാനം നൽകണമെന്ന കോൺഗ്രസ് വിമതൻ എം.കെ. വർഗീസിന്റെ നിലപാടാണ് തൃശൂരിൽ തീരുമാനങ്ങൾ വൈകിക്കുന്നത്. ആദ്യഘട്ടത്തിൽ മേയർ പദവി നൽകുന്നതിനോട് എൽഡിഎഫിനുള്ളിൽ തീരുമാനമായിട്ടില്ല. പിന്നീട്, മേയറാക്കാമെന്നാണ് എൽഡിഎഫ് മുന്നോട്ടു വച്ചിട്ടുള്ള ഇപ്പോഴത്തെ വാഗ്ദാനം. ഇത് സ്വതന്ത്രൻ അംഗീകരിച്ചിട്ടുമില്ല. മേയർ സ്ഥാനം നൽകിയില്ലെങ്കിൽ യുഡിഎഫിനൊപ്പം പോകുമെന്ന് സ്വതന്ത്രൻ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം കൊച്ചിയിലേയും കൊല്ലത്തെയും മേയർമാരെ സംബന്ധിച്ചുള്ള പ്രഖ്യാപനം ഇന്നുണ്ടാകും.എം.അനിൽകുമാർ കൊച്ചിയിലും പ്രസന്ന ഏണസ്റ്റ് കൊല്ലത്തും മേയർമാരാകും. രണ്ടാം വട്ടമാണ് പ്രസന്ന ഏണസ്റ്റ് കൊല്ലം കോർപറേഷനിൽ മേയറാകുന്നത്. സിപിഎം ജില്ലാ കമ്മിറ്റി അംഗമായ പ്രസന്ന ഏണസ്റ്റ് 201015 കാലയളവിലും മേയറായിരുന്നു. ഞായറാഴ്ചത്തെ സിപിഎം ജില്ലാ നേതൃയോഗങ്ങൾക്ക് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. കൊല്ലത്ത് അവസാന ഒരു വർഷം മേയർ സ്ഥാനം വേണമെന്ന് സിപിഐ ആവശ്യമുന്നയിച്ചിട്ടുണ്ട്.

എറണാകുളം ജില്ലാ കമ്മിറ്റി അംഗമായ എം. അനിൽകുമാറിനെ മേയർ പദവിയിലേക്ക് ഉയർത്തിക്കാട്ടിയാണ് സിപിഎമ്മും എൽഡിഎഫും കൊച്ചിയിൽ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഞായറാഴ്ച ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗം അനിൽകുമാറിന്റെ പേരിന് അംഗീകാരം നൽകും. നാലാം വട്ടമാണ് എം.അനിൽകുമാർ കൊച്ചി കോർപറേഷനിലേക്ക് എത്തുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്ത് സിപിഎം സ്ഥാനാർത്ഥിയുമായിരുന്നു. സിപിഐയ്ക്കാണ് കൊച്ചിയിൽ ഡപ്യൂട്ടി മേയർ സ്ഥാനം. കെ.എ. അൻസിയ ആയിരിക്കും ഈ പദവിയിലേക്കെത്തുക.തർക്കങ്ങളില്ലാതെയാണ് കൊച്ചിയിലും കൊല്ലത്തും സിപിഎം മേയർമാരെ നിശ്ചയിച്ചത്.