ദുബായ്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള ആദ്യ സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെ തകർത്തുവിട്ടതിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ഓപ്പണർമാരായി ഇറങ്ങി മിന്നുന്ന പ്രകടനം കാഴ്ചവച്ച യുവതാരം ഇഷാൻ കിഷനും കെ എൽ രാഹുലുമാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. ഇരുവരുടേയും ബാറ്റിങ് ശൈലി ഏറെ പ്രശംസകൾക്കും ഇടയാക്കി. എന്നാൽ ലോകകപ്പിൽ ഇരുവരും ഓപ്പണർമാരായി എത്തില്ലെന്ന് വ്യക്തമാക്കുകയാണ് നായകൻ വിരാട് കോലി.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ക്യാപ്ടനും ചെയ്യാൻ ധൈര്യപ്പെടാത്ത കാര്യമാണ് ബാറ്റിങ് ലൈനപ്പ് മുൻകൂട്ടി വെളിപ്പെടുത്തുകയെന്നത്. എന്നാൽ അതിനുള്ള ധൈര്യമാണ് ഇന്ത്യൻ നായകൻ കാണിച്ചത്. സന്നാഹമത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ നേടിയ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയം തന്നെയാകണം കൊഹ്ലിയെ ഇതിന് പ്രേരിപ്പിച്ചിട്ടുണ്ടാകുക.

ഇംഗ്‌ളണ്ടിനെതിരെ ഓപ്പണറായി ഇറങ്ങിയ യുവതാരം ഇഷാൻ കിഷൻ, കെ എൽ രാഹുലിനൊപ്പം 82 റണ്ണിന്റെ ഒന്നാം വിക്കറ്റ് കൂട്ടുക്കെട്ടാണ് കെട്ടിപ്പടുത്തത്. രാഹുൽ 24 പന്തിൽ 51 റണ്ണും ഇഷാൻ 46 പന്തിൽ 70 റണ്ണും നേടി. എന്നാൽ ലോകകപ്പിൽ ഇഷാൻ കിഷൻ ഓപ്പൺ ചെയ്യില്ലെന്ന് കൊഹ്ലി വ്യക്തമാക്കി.

ഓപ്പണറുടെ സ്‌ളോട്ടിലേക്ക് കൊഹ്ലിയുടെ പേരും കുറേയേറെ ദിവസങ്ങളായി ഉയർന്നു കേൾക്കുന്നെങ്കിലും താൻ ഓപ്പൺ ചെയ്യില്ലെന്നും ഇന്ത്യൻ ക്യാപ്ടൻ വ്യക്തമാക്കി. ഇന്ത്യയുടെ പയറ്റിത്തെളിഞ്ഞ ഓപ്പണിങ് സഖ്യമായ കെ എൽ രാഹുലും രോഹിത്ത് ശർമ്മയും തന്നെയാകും ലോകകപ്പിൽ ഇന്ത്യക്കു വേണ്ടി ഓപ്പൺ ചെയ്യുകയെന്നും താൻ മൂന്നാമനായി ബാറ്റിംഗിന് ഇറങ്ങുമെന്നും കൊഹ്ലി വെളിപ്പെടുത്തി.

എന്നാൽ മറ്റ് താരങ്ങൾ ആരൊക്കെയെന്ന് വെളിപ്പെടുത്താൻ ഇന്ത്യൻ നായകൻ തയ്യാറായില്ല. ലോകകപ്പിൽ പാക്കിസ്ഥാനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 24നാണ് ദുബായിലാണ് ഇരുടീമുകളും നേർക്കുനേർ വരുന്നത്. 2019 ഏകദിന ലോകകപ്പിന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യ- പാക് പോരാട്ടം നടക്കുന്നത്. അതുകൊണ്ടുതന്നെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം മത്സരത്തെ നോക്കികാണുന്നത്.

ടീം ഇന്ത്യയുടെ പ്ലയിങ് ഇലവനെ കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ടീം എങ്ങനെയായിരിക്കുമെന്ന് പരിശീലകൻ രവി ശാസ്ത്രിയും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഈർപ്പത്തിന്റെ സാന്നിധ്യം പരിഗണിച്ചാവും അവസാന ഇലവൻ തീരുമാനിക്കുകയെന്ന് ശാസ്ത്രി വ്യക്തമാക്കി. ''പാക്കിസ്ഥാനെതിരെ കളിക്കേണ്ട ഇലവനെ കുറിച്ച് ചർച്ച ചെയ്തിട്ടില്ല. ഈർപ്പമുണ്ടെങ്കിൽ കാര്യങ്ങൾ മൊത്തത്തിൽ മാറിമറിയും. ടോസ് ലഭിച്ചാൽ എന്തെടുക്കണമെന്നുള്ള കാര്യം വരെ ചർച്ച ചെയ്യേണ്ടിവരും. എക്‌സ്ട്രാ സ്പിന്നറോ സീമറോ വേണമെന്നുള്ള കാര്യത്തിലും ഈർപ്പം നോക്കിയിട്ടേ തീരുമാനമെടുക്കൂ. ഇന്ത്യക്കെതിരായ സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെ ഈർപ്പം നന്നായി ബാധിച്ചിരുന്നു. 19-ാം ഓവർ എറിഞ്ഞ ക്രിസ് ജോർദാൻ 23 റൺസാണ് വിട്ടുകൊടുത്തത്.

ഇന്ത്യയുടെ എല്ലാ മത്സരങ്ങളും വൈകിട്ട് 7.30നാണ്. ഈ സമയത്ത് ഈർപ്പം കൂടുതലുണ്ടാവും. ബൗളർമാർക്ക് ഗ്രിപ്പ് കണ്ടെത്താൻ പ്രയാസമായിരിക്കും. ബാറ്റ്സ്മാന്മാരെ സഹായിക്കുന്ന ഘടകമാണിത്.'' ശാസത്രി പറഞ്ഞു. ഇന്ത്യൻ താരങ്ങൾ ഐപിഎൽ കളിച്ചാണ് വരുന്നതെന്നും അവർക്ക് മറ്റൊരു തയ്യാറെടുപ്പിന്റെ ആവശ്യമില്ലെന്നും ശാസ്ത്രി വ്യക്തമാക്കി. സന്നാഹ മത്സരങ്ങളിൽ എല്ലാവർക്കും ബാറ്റ് ചെയ്യാനും പന്തെറിയാനും അവസരം ലഭിക്കും. ഇതിലൂടെ ആരൊക്കെ നന്നായി കളിക്കുമെന്ന് കണ്ടെത്താൻ കഴിയുമെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.