തിരുവനന്തപുരം: കുണ്ടറയിലെ ജെ മേഴ്‌സികുട്ടി അമ്മയുടെ തോൽവി സിപിഎമ്മിനെ ഞെട്ടിക്കുന്നതായിരുന്നു. ഭരണ തുടർച്ചയിലേക്ക് എത്തിയപ്പോഴും മേഴ്‌സികുട്ടിയമ്മതോറ്റതിന് കാരണം സിപിഎം അന്വേഷിച്ചിരുന്നു. ഇതിനൊപ്പം കരുനാഗപ്പള്ളിയിലെ സിപിഐ തോൽവിയും സിപിഎമ്മിനെ ചിന്തിപ്പിച്ചിരുന്നു. ഇപ്പോഴിതാ കുണ്ടറ, കരുനാഗപ്പള്ളി നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം നടപടിയും വന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ.എസ്.പ്രസന്നകുമാറിനെയും പി.ആർ.വസന്തനെയും തരംതാഴ്‌ത്തി.

ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.തുളസീധരക്കുറുപ്പ് ഉൾപ്പെടെ അഞ്ച് നേതാക്കൾക്ക് താക്കീത് നൽകുകയും ചെയ്തു. മുൻ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ ഭർത്താവാണ് ബി.തുളസീധരക്കുറുപ്പ്. വി എസ് അച്യുതാനന്ദന്റെ കൂടെ ഉറച്ചു നിന്ന ഡിവൈഎഫ് ഐയുടെ പഴയ കരുത്തനായിരുന്നു പി ആർ വസന്തൻ. അതായത് സംസ്ഥാന നേതൃത്വത്തിന്റെ കണ്ണിലെ കരടുകൾക്കെതിരെയാണ് നടപടികൾ എടുക്കുന്നത്. ഇതിന് പിന്നിൽ സംഘടനാപരമായി ചിലരെ ഒതുക്കുകയെന്ന ഗൂഢാലോചനയുണ്ടെന്നാണ് വിലയിരുത്തലുകൾ.

കുണ്ടറയിൽ ജെ.മേഴ്‌സിക്കുട്ടിയമ്മ, കരുനാഗപ്പള്ളിയിൽ സിറ്റിങ് എംഎൽഎയായിരുന്ന സിപിഐയിലെ ആർ. രാമചന്ദ്രൻ എന്നിവരുടെ പരാജയത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന കമ്മിറ്റിയംഗം എസ്.രാജേന്ദ്രൻ കൺവീനറും സംസ്ഥാന കമ്മിറ്റിയംഗം കെ.സോമപ്രസാദ് എംപി, ജില്ലാ സെക്രട്ടേറിയറ്റംഗം എം. ശിവശങ്കരപ്പിള്ള എന്നിവർ അംഗങ്ങളുമായ കമ്മിഷനെയാണ് സിപിഎം നിയോഗിച്ചിരുന്നത്. കരുനാഗപ്പള്ളിയിൽ സിപിഎം വോട്ടുകൾ ചോർന്നെന്നും വിജയം ഉറപ്പാക്കുന്നതിൽ വസന്തനും ഏരിയ സെക്രട്ടറിമാരും നേതൃപരമായ പങ്കുവഹിച്ചില്ലെന്നും കുണ്ടറയിൽ നേതാക്കൾ തമ്മിൽ ഏകോപനം ഉണ്ടായില്ലെന്നുമായിരുന്നു കമ്മിഷന്റെ കണ്ടെത്തൽ. ഇതാണ് നടപടിക്ക് കാരണം.

കരുനാഗപ്പള്ളി മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വിജയിച്ചിട്ടും നിയമസഭാ സീറ്റിൽ ജയം ഉറപ്പിക്കാൻ കഴിയാതെ പോയതു നേതാക്കളുടെ വീഴ്ചയാണ്. പഴയ വി എസ് പക്ഷത്തെ പ്രമുഖനായിരുന്ന തൃശൂരിലെ ടി. ശശിധരനെ കൊണ്ടുവന്ന് തിരഞ്ഞെടുപ്പു യോഗം നടത്താൻ തിരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറിയായിരുന്ന വസന്തൻ താൽപര്യം കാട്ടിയപ്പോൾ കനയ്യകുമാറിനെപ്പോലുള്ളവരുടെ യോഗങ്ങളോട് ഗൗരവം കാട്ടിയില്ലെന്ന് റിപ്പോർട്ട് എടുത്തു പറയുന്നു.

പ്രദേശത്തെ പാർട്ടി നേതൃത്വത്തോടു ജനങ്ങൾക്കുള്ള വിശ്വാസ്യതയില്ലായ്മയാണു പരാജയത്തിൽ കലാശിച്ചത്. സിപിഐയിൽ വിഭാഗീയത രൂക്ഷമായിരുന്നെങ്കിലും അത് അതിജീവിക്കാനുള്ള പ്രവർത്തനം പാർട്ടി ഏറ്റെടുത്തില്ലെന്നും റിപ്പോർട്ട് കണ്ടെത്തിയില്ലു. കുണ്ടറയിൽ രൂപപ്പെട്ട കമ്യൂണിസ്റ്റ് വിരുദ്ധ കൂട്ടായ്മ നേരിടാനുള്ള ജാഗ്രത നേതാക്കൾ കാട്ടിയില്ല. ഇക്കാര്യത്തിൽ തുളസീധരക്കുറുപ്പും പ്രസന്നകുമാറും നേതൃപരമായ പങ്കുവഹിച്ചില്ല. തിരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി എസ്.എൽ.സജികുമാറും ജില്ലാ കമ്മിറ്റിയംഗങ്ങളും തമ്മിൽ ആശയവിനിമയം നടന്നില്ല.

ജില്ലാ കമ്മിറ്റിയംഗം ആർ. ബിജു എക്‌സിക്യൂട്ടീവ് യോഗങ്ങളിൽ പങ്കെടുത്തില്ല. സ്ഥാനാർത്ഥിയുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കി ജയപരാജയം ഉറപ്പാക്കുന്നതല്ല പതിവെന്നും സംഘടനാ മികവാണു പ്രധാനമെന്നും മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ പരാമർശങ്ങൾക്കു മറുപടിയെന്നോണം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അവരുടെ ഭർത്താവിനെതിരെ നടപടി വരുന്നത്. സംസ്ഥാന നേതൃത്വത്തിലെ ചിലരുടെ അട്ടിമറിയാണ് കുണ്ടറയിലെ തോൽവിക്ക് പിന്നിലെന്ന വിമർശനവും അതിശക്തമാണ്.

എന്നാൽ ഇതൊന്നും സിപിഎം സംസ്ഥാന നേതൃത്വം മുഖവിലയ്ക്ക് എടുത്തില്ല. ഞെട്ടിക്കുന്ന തോൽവിക്ക് കാരണം പ്രാദേശിക പ്രശ്‌നങ്ങൾ ആയി വ്യാഖ്യാനിക്കുകയാണ് സിപിഎം. അതിന്റെ പ്രതിഫലനമാണ് ഭാര്യയുടെ തോൽവിയിൽ ഭർത്താവിന് എതിരെയുള്ള നടപടി. ഒന്നാം പിണറായി മന്ത്രിസഭയിൽ അംഗമായിരുന്ന മേഴ്സിക്കുട്ടിയമ്മയുടെ സിറ്റിങ് മണ്ഡലമായ കുണ്ടറയിലെ തോൽവി വലിയ വീഴ്ചയാണെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. മേഴ്സികുട്ടിയമ്മയുടെ തൻപ്രമാണിത്തവും അഹങ്കാരവും പെരുമാറ്റ രീതിയും തോൽവിക്കു കാരണമായതായി അന്വേഷണ കമ്മീഷൻ കുറ്റപ്പെടുത്തുന്നുണ്ട്.

സംസ്ഥാന കമ്മറ്റിയംഗമായതിനാൽ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെയുള്ള നടപടി സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ച ചെയ്യും. തെരഞ്ഞെടുപ്പ് പ്രചരണം ഹൈജാക്ക് ചെയ്തെന്നാണ് തുളസീധരക്കുറുപ്പിനെതിരെയുള്ള ആരോപണം. സ്ഥാനാർത്ഥികളും ഘടകകക്ഷി നേതാക്കളെയുമടക്കം നൂറിലേറെപ്പേരുടെ മൊഴി രേഖപ്പെടുത്തിയാണ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. രണ്ട് മണ്ഡലങ്ങളിലും ഗുരുതര സംഘടനാ വീഴ്ചയുണ്ടായതായും നേതാക്കൾ ജാഗ്രതക്കുറവ് കാട്ടിയതായും റിപ്പോർട്ടിലുണ്ട്.

കരുനാഗപ്പള്ളി തോൽവിയിൽ സിപിഐഎമ്മിൽ നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി ആർ വസന്തൻ, എൻ എസ് വസന്തകുമാർ എന്നിവരെ തരംതാഴ്‌ത്തി. ഏരിയ കമ്മിറ്റിയിലേക്കാണ് ഇരുവരെയും തരംതാഴ്‌ത്തിയത്. കരുനാഗപ്പള്ളിയിൽ പരാജയമുണ്ടായത് സിപിഐ സ്ഥാനാർത്ഥിയായ ആർ രാമചന്ദ്രനാണെങ്കിലും സിപിഐഎമ്മിനും തോൽവി അപമാനകരമാണെന്നായിരുന്നു അഭിപ്രായമുയർന്നത്.