കോട്ടയം: കങ്ങഴ ഇടയപ്പാറയിൽ വടക്കേറാട്ട് വാണിയപ്പുരയ്ക്കൽ മനേഷി (32)നെ കൊലപ്പെടുത്തിയത് അതിക്രൂരമായി. മനേജ് കൊല്ലപ്പെടും മുമ്പ് ജീവനോടെ ഇരിക്കയാണ് കാല് അറുത്തു മാറ്റിയത്. ശരീരമാസകലം വെട്ടിപ്പരിക്കേൽപ്പിച്ചശേഷം ജീവനോടെ കാൽപ്പാദം വെട്ടിമാറ്റുകയായിരുന്നെന്ന് പ്രതികൾ മൊഴി നൽകിയെന്ന് പൊലീസ് പറഞ്ഞു. ആക്രമിച്ച് അവശനാക്കിയശേഷം, മുഖ്യപ്രതി കടയിനിക്കാട് പുതുപ്പറമ്പിൽ ജയേഷ് (31) മനേഷിന്റെ കാൽപ്പാദം ഗൂർഖ കത്തികൊണ്ട് വെട്ടിമുറിച്ചു. കാൽപ്പാദം മുറിഞ്ഞുതൂങ്ങിയതോടെ മറ്റ് പ്രതികൾ മനേഷിനെ നിലത്തിട്ട് ചവിട്ടിപ്പിടിച്ചു. തുടർന്ന് ജയേഷ് കാൽപ്പാദം തിരിച്ച് മുറിച്ചെടുത്തു. ഈ സമയം മനേഷ് നിലവിളിച്ചുകൊണ്ട് തോട്ടത്തിലൂടെ ഇഴഞ്ഞെന്ന് പ്രദേശവാസികൾ പൊലീസിനോട് വെളിപ്പെടുത്തി.

മരണം ഉറപ്പാക്കിയ ശേഷമാണ് മുറിച്ചെടുത്ത കാൽപ്പാദവുമായി പ്രതികൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടതെന്നും കറുകച്ചാൽ പൊലീസ് പറഞ്ഞു. സംഭവത്തിലെ കൂട്ടുപ്രതികളായ കങ്ങഴ വടക്കേറാട്ടുപടി കല്ലൂതാഴ്ചയിൽ ജിജോ വർഗീസ് (28), കങ്ങഴ പാണ്ടിയാംകുഴി കൈലാത്ത് സച്ചിൻ സുരേഷ് (26) എന്നിവരെ കറുകച്ചാൽ പൊലീസ് പിടികൂടി.

കൊല്ലപ്പെട്ട മനേഷിന്റെ ദേഹത്ത് 25 മുറിവുകളാണ് കണ്ടെത്തിയത്. കാലിനും പുറത്തും തുടയിലും നെഞ്ചത്തുമാണ് കൂടുതൽ പരിക്കുകൾ. ആയുധങ്ങളുമായി എത്തിയ പ്രതികളെ കണ്ട മനേഷ് പഞ്ചായത്ത് റോഡിൽനിന്നും 400 മീറ്ററോളം റബ്ബർതോട്ടത്തിലൂടെ ഓടി. പിന്തുടർന്നെത്തിയ പ്രതികൾ മനേഷിനെ വെട്ടിവീഴ്‌ത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് മനേഷിനെ റബ്ബർത്തോട്ടത്തിലിട്ട് സംഘം ചേർന്ന് കൊന്നശേഷം ഒന്നരക്കിലോമീറ്റർ അകലെ മുണ്ടത്താനത്ത് കാൽപ്പാദം റോഡരികിൽ തള്ളിയത്. പ്രതികളായ ജയേഷും കുമരകം കവണാറ്റിൻകര സച്ചുവും മണിമല പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. ആറുമാസം മുൻപ് ജയേഷിനെ വീട്ടിൽക്കയറി ആക്രമിച്ചതിന് പിന്നിൽ മനേഷാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

സാക്ഷി പറയുന്നവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കൊലയാളികൾ. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് വൈദ്യപരിശോധനയ്ക്കുശേഷം ജയേഷിനെയും സച്ചുവിനെയും തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചത്. പ്രദേശത്ത് തടിച്ചുകൂടിയ ആളുകളോട് തനിക്കെതിരേ സാക്ഷി പറയുന്നവരുടെ തലയും കാലും ഇത്തരത്തിൽ അറക്കുമെന്ന് ജയേഷ് വിളിച്ചുപറഞ്ഞു. തന്നെ ആക്രമിച്ച കേസിലെ ആറ് പ്രതികളെക്കൂടി വെട്ടിക്കൊല്ലുമെന്നും പൊലീസിന് മുൻപിൽവെച്ച് ഇയാൾ ഭീഷണി മുഴക്കി. 14 കേസുകളിൽ മുൻപ് പ്രതിയായ ജയേഷ്, സാക്ഷികളില്ലാത്തതിനാൽ അതിൽനിന്നെല്ലാം മോചിതനായി.