കോട്ടയം: കോട്ടയത്തെ യുഡിഎഫിൽ പൊട്ടിത്തെറി. ജില്ലാ പഞ്ചായത്തിൽ സീറ്റ് നിഷേധിച്ചതോടെ കോട്ടയത്ത് കലാപക്കൊടിയുമായി മുസ്ലിം ലീഗ് രംഗത്തു വന്നതാണ് ഇതിന് കാരണം. ജോസ് കെ മാണിയെ പുറത്താക്കിയത് യുഡിഎഫിന് കൂടുതൽ തലവേദനയാകുകയാണ്. കോട്ടയത്ത് ഇഞ്ചോടിഞ്ഞ് മത്സരത്തിനാണ് സാധ്യത. അതുകൊണ്ട് തന്നെ ഓരോ വോട്ടും നിർണ്ണായകമാണ്. മുസ്ലിം ലീഗിന്റെ എതിർപ്പ് യുഡിഎഫിന് പ്രശ്‌നമാകുന്നതും ഈ സാഹചര്യത്തിലാണ്.

തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ധാരണയിലെത്തിയിരുന്നു. ജോസഫിന് ജില്ലാ പഞ്ചായത്തിൽ ജോസഫിന് ഒൻപത് സീറ്റുകൾ നൽകാൻ ധാരണയായി. പഞ്ചായത്ത് ബ്ലോക്ക് തലത്തിലും ഇരുവിഭാഗവും ധാരണയിലെത്തി. കഴിഞ്ഞ തവണ കേരള കോൺഗ്രസ് ഒന്നായിരുന്നപ്പോൾ 11 സീറ്റിലാണ് അവർ മത്സരിച്ചത്. ഇത്രയും സീറ്റ് തന്നെ വേണമെന്ന് ജോസഫ് ഇത്തവണയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ തവണ വിജയിച്ച ആറ് എണ്ണം നൽകാമെന്ന് കോൺഗ്രസ് അറിയിച്ചു. ഒടുവിൽ ജോസഫ് 10 ൽ ഉറച്ചുനിന്നു. ഒടുവിൽ ഒമ്പത് സീറ്റിൽ ധാരണയായി.

ഇതാണ് പ്രശ്‌നങ്ങൾക്ക് കാരണമാകുന്നത്. ജോസഫ് വിഭാഗം കഴിഞ്ഞ തവണ രണ്ടിടത്ത് മാത്രമാണ് മത്സരിച്ചത്. ബാക്കി ഒൻപതിടത്തും ജോസ് കെ മാണിയുടെ നേതാക്കളാണ് ജനവിധി തേടിയത്. എന്നാൽ ജോസഫിന്റെ കടുംപിടത്തത്തിന് മുന്നിൽ കോൺഗ്രസ് വഴങ്ങി. ഇതിന് പിന്നാലെണ് മുസ്ലിം ലീഗ് സീറ്റ് ആവശ്യപ്പെട്ടത്. മുസ്ലിം സ്വാധീന മേഖലകൾ കോട്ടയത്തുണ്ട്. ഇവിടെയാണ് മത്സര സന്നദ്ധത അറിയിച്ചത്. എന്നാൽ ജോസഫിന് വാരിക്കോരി കൊടുത്തതു കൊണ്ട് മുസ്ലിം ലീഗിനെ പരിഗണിക്കാൻ പോലും കോൺഗ്രസ് തയ്യാറായില്ല. ഇതാണ് പൊട്ടിത്തെറിയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നത്.

കോട്ടയത്തെ 5 ജില്ലാ പഞ്ചായത്ത് ഡിവിഷനിലും 5 ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും സ്ഥാനാർത്ഥികളെ നിർത്താൻ ലീഗ് തീരുമാനിച്ചു. എരുമേലി സീറ്റാണ് ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ നടത്തിയ ഉഭയ കക്ഷി ചർച്ചയിൽ മുസ്ലിം ലീഗ് ആവശ്യപ്പെട്ടത്. സീറ്റ് വിട്ടുനൽകാനാകില്ലെന്ന് ഉഭയകക്ഷി യോഗത്തിൽ കോൺഗ്രസ് അറിയിച്ചതോടെയാണ് ലീഗ് ഇടഞ്ഞത്. ലീഗ് ആവശ്യപ്പെട്ട എരുമേലിക്കു പുറമെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ മത്സരിക്കും. 2 ഡിവിഷനുകൾ ഏതെന്ന് ഉടൻ കണ്ടെത്തും. ഇത് യുഡിഎഫിന് കിട്ടേണ്ട മുസ്ലിം വോട്ടുകളുടെ ഭിന്നിപ്പിന് കാരണമാകും.

കോട്ടയത്തെ സീറ്റ് വിഭജനത്തിൽ ഇടതു പക്ഷത്തും ഭിന്നതയുണ്ട്. ജില്ലാ പഞ്ചായത്ത് സീറ്റുകളുടെ കാര്യത്തിൽ സിപിഎം കേരള കോൺഗ്രസ് (എം) ചർച്ച വഴിമുട്ടിയെന്നാണ് സൂചന. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനു യുഡിഎഫ് 9 ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ മത്സരിക്കാൻ നൽകിയ സാഹചര്യത്തിൽ 12 സീറ്റെങ്കിലും ജോസ് പക്ഷം സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചു. യുഡിഎഫിൽ നിന്നപ്പോൾ 11 സീറ്റുകളിലാണു കേരള കോൺഗ്രസ് മത്സരിച്ചത്. 9 സീറ്റ് വരെ നൽകാമെന്നു സിപിഎം ജില്ലാ നേതൃത്വം അറിയിച്ചതായി സൂചനയുണ്ട്.

12 സീറ്റിൽ കുറഞ്ഞ് വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നാണു കേരള കോൺഗ്രസ് (എം) നിലപാട്. ഈ വാദം സിപിഎം അംഗീകരിച്ചാൽ 22 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തിൽ എൽഡിഎഫിൽ നിന്ന് ഏറ്റവും കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്ന പാർട്ടി കേരള കോൺഗ്രസാകും. കഴിഞ്ഞ തവണ 13 ഡിവിഷനുകളിലാണു സിപിഎം മത്സരിച്ചത്. സിപിഐ 5, പി.സി. ജോർജിന്റെ കേരള കോൺഗ്രസ് (സെക്കുലർ) 2, എൻസിപി1. ജനതാദൾ (സെക്കുലർ)1 എന്നിങ്ങനെയായിരുന്നു 2015ലെ എൽഡിഎഫ് കക്ഷി നില.

ജോസ് പക്ഷത്തിന് ഒരു സീറ്റ് വിട്ടുകൊടുക്കാൻ സിപിഐ തയാറാണ്. കേരള കോൺഗ്രസിനു കൂടുതൽ സീറ്റുകൾ നൽകുന്നതിൽ സിപിഐയ്ക്ക് എതിർപ്പില്ല. എന്നാൽ അതു തങ്ങളുടെ സീറ്റുകളെടുത്താകരുതെന്നും സിപിഐ പറയുന്നു. കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റ് വേണമെന്ന് ജനതാദളും എൻസിപിയും പറയുന്നു.