കൊട്ടിയം(കൊല്ലം) : കോവിഡ് രോഗി സമയക്രമം പാലിക്കാതെയെത്തി വോട്ട് ചെയ്തതിനെത്തുടർന്ന് 230-ലേറെ വോട്ടർമാരും അഞ്ച് പോളിങ് ഉദ്യോഗസ്ഥരും ക്വാറന്റീനിൽ പോകേണ്ടിവരുമെന്ന് ആശങ്ക. ഇരവിപുരം നിയോജകമണ്ഡലത്തിലെ താന്നി സി.വി എം.എൽ.പി.എസ്. വടക്കേ കെട്ടിടം പടിഞ്ഞാറ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 124-ാം നമ്പർ ബൂത്തിലാണ് കോവിഡ് ബാധിതയായ ഇരവിപുരം സെന്റ് ജോസഫ് നഗറിലെ താമസക്കാരിയായ 72-കാരി രാവിലെ 11 മണിയോടെ ഭർത്താവിനൊപ്പം എത്തി വോട്ട് ചെയ്തത്.

ഇവർക്ക് കഴിഞ്ഞ മാർച്ച് 28-ന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ക്വാറന്റീനിലായിരുന്നു. കോവിഡ് ബാധിതർക്ക് വൈകീട്ട് ആറുമുതൽ ഏഴുവരെ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നിരിക്കെയാണ് ക്വാറന്റീൻ ലംഘിച്ചെത്തി വോട്ട് ചെയ്തത്. സംഭവം ചൂണ്ടികാട്ടി ആരോഗ്യവകുപ്പ് അധികൃതർ ഇരവിപുരം പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

ഇവർ വോട്ട് ചെയ്ത് മടങ്ങിയതിനുശേഷം 12.30-ഓടെ വിവരം ആശാ വർക്കർ റിപ്പോർട്ട് ചെയ്തപ്പോഴാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ ആരോഗ്യവകുപ്പ് അധികൃതർ പോളിങ് സ്റ്റേഷൻ അണുവിമുക്തമാക്കി. വോട്ടേഴ്‌സ് ലിസ്റ്റിൽ ക്രമനമ്പർ പരിശോധിച്ച് വോട്ടു ചെയ്തവരുടെ മേൽവിലാസം കണ്ടെത്തി അവരെ ക്വാറന്റീനിൽ പ്രവേശിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.