കോഴിക്കോട്: ബുധനാഴ്ച വൈകീട്ട് കോഴിക്കോട് പയ്യാനക്കൽ ചാമുണ്ഡി വളപ്പിൽ അഞ്ചു വയസുകാരിയെ 'അമ്മ കൊലപ്പെടുത്തിയത് അന്ധവിശ്വാസത്തെ തുടർന്ന്. ഇത് സംബന്ധിച്ച റിപ്പോർട് അമ്മയെ ചികിത്സിച്ച കുതിരവട്ടത്തെ ഡോക്ടർമാർ പൊലീസിന് നൽകിയിട്ടുണ്ട്. നേരത്തെ അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. ഇതിനെ തുടർന്നാണ് അമ്മയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ഇവിടെ വച്ചാണ് ഇവർക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമായത്.

ഡോക്ടർമാരോട് മകളെ കൊലപ്പെടുത്താനുണ്ടായ കാരണവും 'അമ്മ വ്യക്തമാക്കി . കുട്ടിയുടെ മേൽ ബാധയുണ്ടെന്നും അത് ഒഴിവാക്കാൻ വേണ്ടി പല ചികിത്സകളും നടത്തിയെങ്കിലും ഫലമുണ്ടായില്ല . അതു കൊണ്ടാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്നുമാണ് ഇവർ ഡോക്ടർമാരോട് പറഞ്ഞിട്ടുള്ളത്. ഡോക്ടർമാർ ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. 'അമ്മ ഇപ്പോഴും കുതിരവട്ടം ആശുപത്രിയിലാണ്. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഇവരെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും.

ബുധനാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് നവാസ് സമീറ ദമ്പതികളുടെ മകൾ ആയിഷ റെനയെ വീടിനകത്തുകൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അഞ്ചുവയസ്സുകാരിയെ മാതാവ് കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയതാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. കഴുത്തിൽ ഷാൾ മുറുകിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. മാതാവ് സമീറയെ പൊലീസ്അന്ന് തന്നെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സമീരക്ക് മാനസിക പ്രശ്നങ്ങളുള്ളതായി പൊലീസ് നേരത്തെ പറഞ്ഞിരുന്നെങ്കിലും നാട്ടുകാർ അത് നിഷേധിച്ചിരുന്നു.

കസ്റ്റഡിയിലെടുക്കുന്ന സമയത്തും സമീറ മാനസിക പ്രശനങ്ങൾ കാണിച്ചിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ഇതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്ത ഉടൻ സമീറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകീട്ടാണ് പയ്യാനക്കൽ ചാമുണ്ഡി വളപ്പിലെ വാടക വീട്ടിൽ അഞ്ച് വയസ്സുള്ള ആയിഷ റെന കൊല്ലപ്പെട്ടത്. വീട്ടിൽ നിന്നും ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഈ സമയത്ത് മാതാവ് സമീറയും വീട്ടിലുണ്ടായിരുന്നു.

നാട്ടുകാർ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും സമീറ മാനസികാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നു. കുട്ടിയുടെ കഴുത്തിൽ ഷാൾ മുറുകയിതിന്റെ പാടുകളുണ്ടായിരുന്നതായി ആശുപത്രിയിലേക്ക് കൊണ്ടുപോയ നാട്ടുകാർ പറയുന്നുണ്ട്. മരണം സ്ഥിരീകരിച്ചതിന് ശേഷമാണ് നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തിയപ്പോഴും സമീറ മാനസിക പ്രശ്നങ്ങൾ പ്രകടപ്പിച്ചിരുന്നു. കോഴിക്കോട് ബേപ്പൂർ സ്വദേശികളായ നവാസ് സമീറ ദമ്പതികൾ മാസങ്ങൾക്ക് മുമ്പാണ് പയ്യാനക്കൽ ചാമുണ്ഡിവളപ്പിലെ വാടക വീട്ടിലേക്ക് താമസം മാറിയത്. ഇവർക്ക് 12 വയസ്സുള്ള മറ്റൊരു കുട്ടിയും ഉണ്ട്.