കോഴിക്കോട്: രാമനാട്ടുകര പുളിഞ്ചേട് വളവിൽ ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടം നടന്ന സ്ഥലത്തേക്ക് ആദ്യം ഓടിയെത്തിയത് സമീപത്തെ വീ്ട്ടുകാരാണ്. അപകടത്തിൽ വൈദ്യുതി പോസ്റ്റ് രണ്ടായി മുറിഞ്ഞതിനാൽ തന്നെ സമീപത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. വലിയ ശബ്ദം കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. വൈദ്യുതിയില്ലാത്തതിനാനും മഴ പെയ്യുന്നുണ്ടായിരുന്നതിനാലും കാഴ്ചകൾ വ്യക്തമായിരുന്നില്ല.

മൊബൈൽ വെളിച്ചത്തിൽ നോക്കിയപ്പോൾ ഒരാൾ റോഡിൽ തെറിച്ച് വീണ് കിടക്കുന്നതാണ് കണ്ടത്. ആദ്യ കാഴ്ചയിൽ തന്നെ മരിച്ചിരുന്നു എന്ന് വ്യക്തമായിരുന്നു. മറ്റു നാല് പേർ കാറിനകത്ത് തന്നെയായിരുന്നു. ലോറി ഡ്രൈവറുടെ കാല് ലോറിക്കകത്ത് കുടങ്ങിക്കിടക്കുകയായിരുന്നു. അത് അയാൾ തന്നെ സ്വയം ഊരിയെടുക്കുകയും ചെയ്തു. അപകടത്തിൽ വൈദ്യുതി പോസ്റ്റ് തകർന്നതിനാൽ വാഹനത്തിന്റെ അടുത്തേക്ക് പോകാൻ ആദ്യം ഭയമായിരുന്നു. പിന്നീട് കെഎസ്ഇബിയിൽ വിളിച്ച് വൈദ്യുതി ബന്ധം പൂർണ്ണമായും വിച്ഛേദിച്ചതിന് ശേഷമാണ് വാഹനത്തിന് അടുത്തേക്ക് പോയത്. ജീവൻ രക്ഷിക്കാനാകുമെന്ന് തോന്നിയ ഒരാളെ പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത തരത്തിലുള്ള അവസ്ഥയിലായിരുന്നു. ഉടൻ തന്നെ പൊലീസും ഫയർഫോഴ്സും ആംബുലൻസുകളുമെത്തിയിരുന്നു. ഈ ആംബുലൻസുകളിലാണ് മൃതദേഹങ്ങൾ കൊണ്ടുപോയത്. സ്വകാര്യ വാഹനത്തിൽ കൊണ്ടുപോകാൻ പറ്റാവുന്ന അവസ്ഥയിലായിരുന്നില്ല മൃതദേഹങ്ങൾ ഉണ്ടായിരുന്നത്. കാർ റോഡിൽ മറിഞ്ഞുകിടക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികളിലൊരാൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇന്ന് പുലർച്ചെ 4.30നാണ് പാലക്കോട് കോഴിക്കോട് പാതയിൽ രാമനാട്ടുകര പുളിഞ്ചേട് വളവിൽ അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്. പാലക്കാട് ചെർപുളശ്ശേരി സ്വദേശികളാണ് മരിച്ചത്. ചെറുപ്പുളശ്ശേരി സ്വദേശികളായ സാഹിർ, ഷാഹിർ, നാസർ, സുബൈർ, അസൈനാർ എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളിലൊരാളെ എയർപോർട്ടിൽ കൊണ്ടുവിടുന്നതിനായി എത്തിയതായിരുന്നു വാഹനം. എന്നാൽ പാലക്കാട് സ്വദേശികളായ അവർ എന്തിനാണ് എയർപോർട്ടിൽ നിന്നും കോഴിക്കോട് ഭാഗത്തേക്കുള്ള വഴിയിൽ എത്തിയത് എന്ന് ഇപ്പോഴും അവ്യക്തമാണ്. വാഹനത്തിൽ ഉണ്ടായിരുന്ന ആരും തന്നെ ഇപ്പോൾ ജീവിച്ചിരിപ്പില്ല.

അപകടത്തിൽ തകർന്ന ഇലക്ട്രിക് പോസ്റ്റ് ശരായിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തി ജോലി ആരംഭിച്ചിട്ടുണ്ട്. ഏറെ അപകട സാധ്യത നിറഞ്ഞ മേഖലയാണ് രാമനാട്ടുകര വൈദ്യരങ്ങാടിക്ക് സമീപത്ത് ഹൈവെയിലെ പുളിഞ്ചേട് വളവ് എന്ന പ്രദേശം. ലോറി ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അപകടത്തിൽ പെട്ട കാർ അമിത വേഗതയിലായിരുന്നു എന്നാണ് ഇടിയിൽ പൂർണ്ണമായും തകർന്ന കാറിന്റെ അവസ്ഥ സൂചിപ്പിക്കുന്നത്. വാഹനത്തിന് ചുറ്റും മിഠായികളും ഡ്രൈഫ്രൂട്സുകളും ചിതറിക്കിടക്കുന്നുണ്ട്.