തിരുവനന്തപുരം: കെ.എസ്.എഫ്.ഇ. ശാഖകളിൽ വിജിലൻസ് നടത്തിയ കൂട്ടപ്പരിശോധനയിൽ അന്വേഷണത്തിന് സർക്കാർ. സർക്കാരിനെതിരെ ഗൂഢാലോചന നടന്നോ എന്ന് പരിശോധിക്കും. സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനിടെയാണ് മുഖ്യമന്ത്രിയും തോമസ് ഐസക്കും ഇക്കാര്യം അറിയുന്നത്. ഇരുവരും കൂടിയാലോചിച്ചശേഷം പരിശോധന നിർത്തിവെക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിന് ഇതിൽ പങ്കില്ലെന്നാണ് സിപിഎമ്മിന്റെ പ്രാഥമിക നിഗമനം.

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണ് വിജിലൻസ് നടപടിയെന്ന് മന്ത്രി തോമസ് ഐസക് തുറന്നടിച്ചിരുന്നു. റെയ്ഡിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും ആവശ്യപ്പെട്ടിട്ടുണ്ട്. റെയ്ഡിനെപ്പറ്റി പാർട്ടിയിലെ ചർച്ചയ്ക്കുശേഷം അഭിപ്രായം പറയാമെന്നാണ് സിപിഎം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ വ്യക്തമാക്കിയത്. ഈ വിഷയം അടുത്ത സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്യും.

കെ.എസ്.എഫ് ഇയിൽ റെയ്ഡിന് അനുമതി നൽകുകയും വിവരങ്ങൾ പുറത്തുവിടുകയും ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് ധനമന്ത്രിയുടെ ആവശ്യം. ഇത് സിപിഎമ്മും അംഗീകരിച്ചേക്കും. അങ്ങനെ വന്നാൽ നടപടി ഉറപ്പാണ്. ഇതിനുള്ള തുടക്കം സർക്കാർ തലത്തിൽ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി റെയ്ഡും അനന്തര നടപടികളും സംബന്ധിച്ച് സർക്കാർ വിജിലൻസിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന് പുറത്തുള്ള വിജിലൻസ് ഡയക്ടറോട് സംസ്ഥാനത്തേക്ക് തിരിച്ചെത്താനും സർക്കാർ ആവശ്യപ്പെട്ടിട്ടു. ഡയക്ടറുടെ റിപ്പോർട്ടിന് ശേഷമായിരിക്കും സർക്കാർ നടപടിയെടുക്കുക.

വിജിലൻസ് ഡയറക്ടർ സുധേഷ് കുമാർ കേരളത്തിൽ ഇല്ലാത്തപ്പോഴാണ് ഇത്രയും ഗൗരവ സ്വഭാവത്തിലുള്ള റെയ്ഡ് നടന്നത്. ഐജി എച്ച് വെങ്കിടേഷാണ് റെയ്ഡിന് അനുമതി കൊടുത്തത്. ഈ സാഹചര്യം ഉൾപ്പെടെ പരിശോധിക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ആവശ്യമായ മാറ്റങ്ങളും വരുത്തും. മുഖ്യമന്ത്രിയുടെ ഓഫീസ് ഇരിക്കുന്ന നോർത്ത് ബ്ലോക്കിനെ സ്വർണ്ണ കടത്ത് വിവാദങ്ങൾ പിടിച്ചുലയ്ക്കുന്നുണ്ട്. ഇതും വിവാദങ്ങൾക്ക് കാരണമായോ എന്നും സിപിഎം പരിശോധിക്കും.

അനവസരത്തിൽ കെ.എസ്.എഫിയിൽ റെയ്ഡ് നടത്തി വിവരങ്ങൾ ചോർത്തികൊടുത്തവർക്കെതിരെ നടപടി വേണമെന്നാണ് ധനമന്ത്രി തോമസ് ഐസകിന്റെ കർശന നിലപാട്. കിഫ്ബി വായ്പ വിവാദവും സ്വർണ്ണ കടത്തും ചർച്ചയാകുമ്പോൾ സർക്കാർ പ്രതിരോധത്തിലാണ്. ഇതിനിടെ നടന്ന റെയ്ഡിനെ സർക്കാരിനെതിരായ ഗൂഢാലോചനയായാണ് തോമസ് ഐസക് സംശയിക്കുന്നത്. അതുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്ന നിലപാടിലേക്ക് തോമസ് ഐസക് എത്തുന്നത്. ഇത് സിപിഎം വിശദമായി പരിശോധിക്കും.

മുഖ്യമന്ത്രിയുടെയോ വിജിലൻസിന്റെയോ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ഇതുവരെ വിശദീകരണം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും പറയാനുള്ളത് എന്താണെന്നാകും പാർട്ടി പരിശോധിക്കുക. എതിർപ്പു പരസ്യമാക്കിയ ഐസക് പാർട്ടിയെയും തന്റെ വികാരം അറിയിച്ചിട്ടുണ്ട്. വിഷയം പരിശോധിക്കുമെന്ന് ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ വ്യക്തമാക്കിയതും ഈ സാഹചര്യത്തിലാണ്.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമോ അദ്ദേഹത്തിന്റെ അനുവാദത്തോടെയോ റെയ്ഡ് നടന്നതായി നേതാക്കൾ വിലയിരുത്തുന്നില്ല. എന്നാൽ, പൊലീസിൽ രാഷ്ട്രീയ നിയന്ത്രണം ചോർന്നോ എന്നതാണു ചോദ്യം. ഇത് ഗൗരവത്തോടെ തന്നെ സിപിഎം പരിശോധിക്കും.