തിരുവനന്തപുരം: കുന്നത്തുകാലിലെ അക്ഷര സദാചാര ഗുണ്ടായിസത്തിന്റെ രക്തസാക്ഷി തന്നെ. സദാചാര ഗുണ്ടായിസം നേരിടേണ്ടി വന്നതിനേത്തുടർന്നാണ് അക്ഷര ജീവനൊടുക്കിയത്. നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി അക്ഷരയാണ് (38) വീടിനുള്ളിൽ വെച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്. കൈ ഞരമ്പ് മുറിച്ച ശേഷം സ്വയം തീകൊളുത്തിയ അക്ഷര തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

വ്യാഴാഴ്‌ച്ച രാത്രി എട്ട് മണിക്ക് അക്ഷരയുടെ ഭർത്താവിനെ തേടി സുഹൃത്ത് വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടിലേക്ക് എത്തിയ ആളെ ഒരു സംഘം തടഞ്ഞുനിർത്തി. ഇയാളെ കയ്യേറ്റം ചെയ്യുകയും അക്ഷരയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് അധിക്ഷേപിക്കുകയും ചെയ്തു. ആരോപണങ്ങളിൽ മനംനൊന്ത അക്ഷര ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. യുവാവിനെ തടഞ്ഞുനിർത്തി കൈയേറ്റം ചെയ്തവർക്കെതിരെ വെള്ളറട പൊലീസ് കേസെടുത്തു. രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്.

തുണക്കടയിലെ സെയിൽസ് ഗേളായിരുന്നു അക്ഷര. ഈ കടയ്ക്ക് തൊട്ടടുത്ത് ധനകാര്യ സ്ഥാപനം നടത്തിയ ആളാണ് വീട്ടിലെത്തിയത്. അക്ഷരയുടെ ഭർത്താവ് ഇയാൾക്ക് പണം കൊടുക്കാനുണ്ടായിരുന്നു. ഇയാൾ വന്നപ്പോൾ അക്ഷരയുടെ ഭർത്താവും കുട്ടികളും ക്ഷേത്രത്തിൽ പോയിരുന്നു. ഇതോടെ ഫിനാൻസർ മടങ്ങി. ഈ സമയമാണ് തൊട്ടടുത്തുള്ളവർ ഇയാളെ തടഞ്ഞത്. അക്ഷരയുടെ ഭർത്താവ് വന്നിട്ട് പോയാൽ മതിയെന്നായിരുന്നു ഭീഷണി. ഇതോടെ പ്രശ്‌നം തുടങ്ങി.

ഇതോടെ കുഞ്ഞമ്മയുടെ മകനെ അക്ഷര വിളിച്ചു വരുത്തി. പ്രശ്‌നൊന്നുമില്ലെന്ന് പറഞ്ഞ് പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചു. എന്നാൽ അക്ഷരയെ നാണംകെടുത്തുമെന്നും അവരുടെ ഭർത്താവ് വന്നിട്ട് ഇയാളെ വിടുകയുള്ളൂവെന്നും യുവാക്കൾ പറഞ്ഞു. ഇതോടെയാണ് അക്ഷരയ്ക്ക് കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വന്നതും. നാണക്കേടുകാരണം ആത്മഹത്യ ചെയ്തതും. യുവതിയെ അപമാനിക്കാൻ ബോധപൂർവ്വം നടന്ന ശ്രമം പൊലീസും തിരിച്ചറിയുന്നു.

ദാചാരഗുണ്ടായിസമാണ് തന്റെ ഭാര്യയുടെ ജീവൻ എടുത്തതെന്ന വെളിപ്പെടുത്തലുമായി അക്ഷരയുടെ ഭർത്താവ് സുരേഷ് രംഗത്തു വന്നിട്ടുണ്ട്. സദാചാര ഗുണ്ടായിസത്തിന്റെ ഭാഗമായിട്ടാണ് തന്നെ കാണാനെത്തിയ സുഹൃത്തിനെ ഒരു സംഘം മർദിച്ചത്. അവിഹിതബന്ധം ആരോപിച്ച് സംഘം ഭാര്യയെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയെന്നും സുരേഷ് പറഞ്ഞു. വ്യാഴാഴ്ച രാത്രി തന്നെ കാണാനായി ഒരു സുഹൃത്ത് വീട്ടിലേക്ക് വന്നിരുന്നു. തന്നെ ഫോണിൽ വിളിച്ച സുഹൃത്തിനോട് താൻ വീട്ടിൽ ഇല്ലെന്നും മടങ്ങിയെത്താൻ വൈകും എന്നും അറിയിച്ചിരുന്നു. തുടർന്ന് സുഹൃത്ത് മടങ്ങുന്ന വേളയിലാണ് ഒരുസംഘം സദാചാര ഗുണ്ടകൾ സുഹൃത്തിനെ തടഞ്ഞുവെച്ച് മർദ്ദിച്ചത്-സുരേഷ് പറയുന്നു.

പിന്നീട് അവർ സുഹൃത്തിനെ വീട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടു വന്നു. അക്ഷരയെ അസഭ്യം പറഞ്ഞു. സുഹൃത്തും അക്ഷരയും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് ആയിരുന്നു സംഘത്തിന്റെ ആക്ഷേപം. തുടർന്ന് കടുത്ത മാനസിക പീഡനമാണ് അക്ഷരയ്ക്ക് സംഘത്തിന്റെ ഭാഗത്തുനിന്ന് നേരിടേണ്ടിവന്നതെന്നും സുരേഷ് പറയുന്നു. ഇതിനെ തുടർന്ന് മാനസിക സംഘർഷത്തിൽ ആയിരുന്ന അക്ഷര ആത്മഹത്യ ചെയ്യുകയായിരുന്നു. അക്ഷരയും സുഹൃത്തും തമ്മിൽ അവിഹിതബന്ധമുണ്ടെന്ന സംഘത്തിന്റെ ആരോപണത്തെയും ഭർത്താവ് സുരേഷ് നിഷേധിച്ചു.

അക്ഷരക്കൊപ്പമാണ് സുഹൃത്തിന്റെ ഭാര്യ പഠിച്ചത്. ഇത്തരത്തിലുള്ള പരിചയം മാത്രമാണ് ഇരുവരും തമ്മിലുള്ളതെന്നും സുരേഷ് പറയുന്നു. അതേസമയം അക്ഷരയുടെ ആത്മഹത്യയ്ക്ക് പിന്നാലെ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളറട പൊലീസ് നാലു പേർക്കെതിരെ കേസെടുത്തിരുന്നു. സുഹൃത്തിനെ തടഞ്ഞുവെച്ച് മർദ്ദിക്കുകയും അക്ഷരയെ അധിക്ഷേപിക്കുകയും ചെയ്ത നാലു പേർക്കെതിരെയാണ് കേസ്. ഇവരെ പിടികൂടാനുള്ള ശ്രമങ്ങളും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. കൂടുതൽ ആളുകൾക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

ചാവടി സ്വദേശികളായ വിഷ്ണു, സൂധിഷ്, മണികണ്ഠൻ, രഞ്ജിത്ത് എന്നിവർക്ക് എതിരെയാണ് വെള്ളറട പൊലീസ് കേസെടുത്തത്. നാറാണിയിൽ വസ്ത്രശാലയിലെ ജീവനക്കാരി ആണ് അക്ഷര. അക്ഷര ജോലി ചെയ്യുന്ന കടയുടെ സമീപത്തെ പണം ഇടപാട് സ്ഥാപന ഉടമയാണ് വീട്ടിലെത്തിയത്.