കണ്ണുർ: തലശേരിയിലെ എൻ.ഡി.എഫ് പ്രവർത്തകൻ മുഹമ്മദ് ഫസലിന്റെ വധക്കേസ് പുനരന്വേഷിക്കാൻ സിബിഐ വീണ്ടുമെത്തുമ്പോൾ കണ്ണുരിലെ രാഷ്ട്രീയ കൊലപാതക കേസുകളിലൊന്നിന് പുതിയ അധ്യായം തുറക്കും. തങ്ങളുടെ നേതാക്കൾ പ്രതിക്കൂട്ടിൽ നിൽക്കുന്ന കേസിൽ നിന്നും വിടുതൽ നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സിപിഎം നേതൃത്വം.

ഫസൽ വധക്കേസിൽ തലശേരി മേഖലയിലെ പാർട്ടിയുടെ രണ്ട് പ്രമുഖ നേതാക്കൾ കുടുങ്ങിയത് അത്രമേൽ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിരുന്നു. 2006 ഒക്ടോബർ 22 ന് തലശേരി സൈ ദാർ പള്ളിക്കടുത്ത് ജഗന്നാഥ ക്ഷേത്രം റോഡിൽ പുലർച്ചെ നാലുമണിക്കാണ് തേജസ് പത്രവിതരണത്തിനായി സൈക്കളിൽ നല്ല കോരിച്ചൊരിയുന്ന മഴ സമയത്ത് പോകുമ്പോൾ എൻ.ഡി.എഫ് പ്രവർത്തകൻ മുഹമ്മദ് ഫസൽ കൊല്ലപ്പെടുന്നത്.

റോഡരികിൽ ആയുധങ്ങളുമായി കാത്തു നിന്ന അക്രമികളെ കണ്ടപ്പോൾ ഫസൽ സൈക്കിൾ ഉപേക്ഷിച്ചു ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കലും കൊലയാളി സംഘം പിൻതുടർന്ന് പിടികൂടുകയായിരുന്നു. റോഡരികിലുള്ള ഒരു വീട്ടുമതിലിനോട് ചേർത്തി നിർത്തിയാണ് അക്രമിസംഘം ഫസലിനെ വെട്ടി കൊന്നത്.ശബ്ദം കേട്ട് വീട്ടിലെ ഒരു സ്ത്രീ എഴുന്നേറ്റ് ലൈറ്റിട്ടപ്പോൾ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് രക്തത്തിൽ കുളിച്ചു കിടന്ന ഫസലിനെ എൻ.ഡി.എഫ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.

ചെറിയ പെരുന്നാൾ ദിനത്തിൽ നടത്തിയ അരുംകൊല തലശേരിയെ അക്ഷരാർത്ഥത്തിൽ നടുക്കിയ സംഭവങ്ങളിലൊന്നായിരുന്നു. ന്യുനപക്ഷ സമുദായങ്ങൾക്കിടെയിൽ ഏറെ ആശങ്കയും അരക്ഷിതാവസ്ഥയുമുണ്ടാക്കി. തുടക്കത്തിൽ തന്നെ ആർ.എസ്.എസിന്റെ തലയിടാനുള്ള വ്യഗ്രതയാണ് സിപിഎം കാണിച്ചത്. തലശേരി ഗസ്റ്റ് ഹൗസിൽ ക്യാംപ് ചെയ്തിരുന്ന അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ തലശേരി മോർച്ചറിയിൽ ഫസലിന്റെ ചോരയുണങ്ങുന്നതിന് മുൻപെ തന്നെ ഓടിയെത്തി. സംഭവം നടന്ന് മണിക്കുറുകൾ പിന്നിടും മുൻപെ കൊലയ്ക്കു പിന്നിൽ ആർ.എസ് എസാണെന്നു യാതൊരു അന്വേഷണ റിപ്പോർട്ടും വരുന്നതിന് മുൻപെ കോടിയേരി തറപ്പിച്ചു പറഞ്ഞു.

പിന്നീട് അവിടെയെത്തിയ പി.ജയരാജനും സംഘവും ആഭ്യന്തര മന്ത്രിയുടെ വാക്കുകൾ ഏറ്റു പിടിച്ചതോടെ ഫസലിന്റെ സംഘടനയായ എൻ.ഡി.എഫും കുടുംബവും അതേദിശയിൽ തന്നെ ചിന്തിച്ചു. അന്നത്തെ എൻ.ഡി.എഫ് ജില്ലാ കൺവീനറായിരുന്ന എ.സി ജലാലുദ്ദീൻ കൊലപാതകം ആസുത്രണം ചെയ്തതാണെന്ന പ്രസ്താവന നടത്തിയതോടെ ഫസൽ വധക്കേസിൽ ആർ.എസ്.എസ് പ്രവർത്തകരെ അറസ്റ്റു ചെയ്യാൻ കളമൊരുങ്ങി. എന്നാൽ പതിവില്ലാത്ത വിധം ആർ.എസ്.എസ് തങ്ങൾക്ക് പങ്കില്ലെന്ന് പരസ്യമായി വാദിക്കാൻ തുടങ്ങിയതോടെ കൊലപാതകത്തിൽ പലർക്കും സംശയം മണക്കാൻ തുടങ്ങി.

അന്നത്തെ തലശേരി സിഐയായിരുന്ന പി.സുകുമാരൻ എഫ്.ഐ.ആറിട്ട കേസിൽ ഡി വൈ എസ് പി രാധാകൃഷ്ണന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചതോടെ കേസിന്റെ ദിശ മാറാൻ തുടങ്ങിയിരുന്നു. ഫസൽ വധത്തിന് പിന്നിൽ സിപിഎം ക്വട്ടേഷൻ ഗുണ്ടയായ കൊടി സുനിയും സംഘവുമായിരുന്നുവെന്നാണ് രാധാകൃഷ്ണന്റെ കണ്ടെത്തൽ. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ അയൽവാസികളായ സിപിഎം പ്രവർത്തകരും പിടിയിലായതോടെ കേസ് മാറി മറഞ്ഞു. യാതൊരു സമ്മർദ്ദങ്ങൾക്കും വഴങ്ങാത്ത സേനയിലെ സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് പേരെടുത്ത രാധാകൃഷ്ണനെ ഇതോടെ സിപിഎം നോട്ടമിട്ടു.

തളിപ്പറമ്പിലെ ഒരു സ്ഥലത്ത് സുഹൃത്തിന്റെ നിർമ്മാണം നടക്കുന്ന വീട്ടിൽ ഡ്യൂട്ടിയിലില്ലാത്ത സമയം പോയ രാധാകൃഷ്ണനെ സിപിഎം പ്രവർത്തകർ വീടു വളഞ്ഞു പിടിച്ചു സുഹൃത്തും ഒരു സ്ത്രീയും അവിടെയുണ്ടായിരുന്നുവെന്ന് ആരോപിച്ച് സദാചാര പൊലിസ് ചമഞ്ഞ് സിപിഎം ഉന്നത നേതാവിന്റെ നേതൃത്വത്തിൽ രാധാകൃഷ്ണനെ പിടികൂടിയത്. പിന്നീട് പാർട്ടി പത്രത്തിൽ അതു വലിയ വാർത്തയാവുകയും ചെയ്തു.

2006 നവംബർ എട്ടിന് ഡി.വൈ.എസ്‌പി സാലിയുടെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു പിന്നീട് കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്‌പി മോഹൻദാസും തുടർന്ന് ടി.കെ രാജ് മോഹനും കേസ് അന്വേഷിച്ചു. 2007 ഒക്ടോബർ എട്ടിനും പത്തിനുമായി മൂന്ന് സിപിഎം പ്രവർത്തകരെ അറസ്റ്റു ചെയ്തു. അന്വേഷണം നീതിപൂർവ്വമല്ലെന്ന് കാണിച്ച് ഫസലിന്റെ ഭാര്യ മറിയു സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത മൂന്നു പേർക്കൊപ്പം മറ്റു മൂന്ന് സിപിഎം പ്രവർത്തകരെ കൂടി സിബിഐ പ്രതിയാക്കി.

ഇതിനു ശേഷമാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം കാരായി രാജൻ, തലശേരി ഏരിയാ കമ്മിറ്റിയംഗം കാരായി ചന്ദ്രശേഖരൻ എന്നിവർ ഗുഡാലോചന നടത്തിയതിന് പ്രതിസ്ഥാനത്തേക്ക് വരുന്നത് 2012 ജൂൺ 22ന് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് എർണാകുളം ജില്ലാ കോടതിയിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം കാരായി രാജനും ഏരിയാ നേതാവായ കാരായി ചന്ദ്രശേഖരനും കീഴടങ്ങുന്നത്.

പിന്നീട് ഒന്നര വർഷത്തെ ജയിൽവാസത്തിന് ശേഷം 2013 നവംബർ എട്ടിന് ഉപാധികളോടെ ജാമ്യം ലഭിച്ചുവെങ്കിലും കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന് കോടതി നിർദ്ദേശത്തെ തുടർന്ന് ഇരുവരും കൊച്ചിയിൽ തന്നെ തുടരുകയാണ്. 2016 നവംബർ 21നാണ് കൊലപാതകം നടത്തിയത് ആർ.എസ്.എസാണെന്ന വെളിപ്പെടുത്തലുമായി മാഹി ചെമ്പ്രയിലെ കുപ്പി സുബീഷെന്ന നിരവധി കേസുകളിലെ പ്രതിയുടെ മൊഴി പുറത്തു വരുന്നത് പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് സുബീഷ് പുതിയ വെളിപ്പെടുത്തൽ നടത്തിയത്.

എന്നാൽ സിപിഎം അനുകൂലികളായ ഉദ്യോഗസ്ഥർ തന്നെ തല്ലി പറയിപ്പിച്ചതാണെന്ന വാദവുമായി സുബീഷ് തന്നെ വീണ്ടും രംഗത്തുവരികയും മനുഷ്യാവകാശ കമ്മിഷന് പരാതി നൽകുകയും ചെയ്തു ഫസലിനെ ആർ.എസ്.എസ് പ്രവർത്തകരാണ് കൊന്നതെന്ന നിലപാടിൽ സഹോദരങ്ങളായ അബ്ദുറഹ്‌മാൻ, സത്താർ എന്നിവർ കോടതിയിൽ കക്ഷി ചേർന്നപ്പോഴും കൊന്നതിന് പിന്നിൽ സിപിഎം പ്രവർത്തകർ തന്നെയാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഭാര്യ മറിയൂ.