സുൽത്താൻ ബത്തേരി: കോവിഡ് രോഗം ബാധിച്ച് വയനാട്ടിൽ അശ്വതി എന്ന ആരോഗ്യപ്രവർത്തക മരിച്ചത് കേരളത്തെ ശരിക്കം ഞെട്ടിക്കുന്ന സംഭവായിരുന്നു. 25വയസു മാത്രം പ്രായമുള്ള അശ്വതിയുടെ വിയോഗം നാട്ടുകാർക്കും സഹപ്രവർത്തകർക്കും തീരാവേദനയാണ് സമ്മാനിച്ചത്. ആശുപത്രിയിലേക്ക് പോകുന്നതിന് മുന്നോടിയായി അശ്വതി സംസാരിക്കുന്ന വീഡിയോ പുറത്തുവന്നതോടെ സഹപ്രവർത്തകരും വിങ്ങിപ്പൊട്ടുകയാണ്.

കൂട്ടുകാരിലൊരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അശ്വതിയോട് സംസാരിച്ചതിന്റെ ദൃശ്യം വീഡിയോയിൽ പകർത്തിയിരുന്നു. ഈ വീഡിയോയിൽ തീർത്തും സൗമ്യമായി, ചുറുചുറുക്കോടെ നിൽക്കുന്ന അശ്വതിയെ കാണാം. ''എല്ലാരും പ്രാർത്ഥിക്ക്യാ, അല്ലാതെന്താ, വേറൊന്നും പറയാനില്ല. നോക്കട്ടെ അവിടെപ്പോയിട്ട് എന്താണെന്നറിയത്തില്ല. അവിടെപ്പോയിട്ട് നോക്കാം'', എന്നാണ് നിറചിരിയോടടെ ആ പെൺകുട്ടി പരഞ്ഞത്.

രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ചതാണ്. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡോക്ടർമാർ ഉൾപ്പടെ പരിചരിക്കാനുണ്ടായിരുന്നു. എന്നിട്ടും അശ്വതിക്ക് മരണത്തിന് കീഴടങ്ങേണ്ടി വന്നതിന്റെ ഞെട്ടൽ വീട്ടുകാർക്കും നാട്ടുകാർക്കും കൂട്ടുകാർക്കും വിട്ടുമാറിയിട്ടില്ല. ബത്തേരി സർക്കാർ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനായ അശ്വതിയെ രോഗം ഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നത് വഴിയാണ് മരണം സംഭവിച്ചത്.

അശ്വതിയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണമെന്ന ആവശ്യമാണ് ബന്ധുക്കളും നാട്ടുകാരും ഉന്നയിക്കുന്നത്. ആരോഗ്യമേഖലയിൽ വയനാട്ടിലുള്ള സൗകര്യങ്ങളുടെ കുറവ് മരണത്തിന് കാരണമാക്കിയെന്നാണ് ബന്ധുക്കൾ പറയുന്നത്. ലാബ് ടെക്‌നീഷ്യനായ അശ്വതിക്ക് ബത്തേരി താലൂക്കാശുപത്രിയിലെ കോവിഡ് ലാബിൽവച്ചാകാം രോഗം പിടികൂടിയിരിക്കുക എന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. വയനാട്ടിൽ ആവശ്യത്തിന് ആംബുലൻസ് സേവനമില്ലാത്തതിനാൽ മെഡിക്കൽ കോളേജിലെത്താൻ വൈകിയത് മരണത്തിന് കാരണമായി ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

തോട്ടം തൊഴിലാളിയായ അശ്വതിയുടെ പിതാവ് ഉണ്ണികൃഷ്ണനെയും കുടുംബത്തെയും സർക്കാർ സംരക്ഷിക്കണമെന്നാണ് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്. അശ്വതി രണ്ടുവർഷം മുമ്പാണ് മാനന്തവാടിയിലെ വയനാട് ജില്ലാ ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യനായി ജോലിയിൽ പ്രവേശിച്ചത്. മികച്ച സേവനം പരിഗണിച്ചായിരുന്നു ബത്തേരിയിലേക്കുള്ള സ്ഥലം മാറ്റം.

കോവിഡിനെതിരായ പോരാട്ടം ശക്തമാക്കുന്ന സമയത്ത് അശ്വതിയുടെ വേർപാട് ഒരു തീരാദുഃഖമാണെന്ന് ആരോഗ്യമന്ത്രി അശ്വതിയുടെ മരണത്തിൽ പ്രതികരിച്ചു. അശ്വതിയുടെ അകാല വേർപാടിൽ കുടുംബത്തിന്റെ ദുഃഖത്തോടൊപ്പം പങ്കുചേരുന്നതായും മന്ത്രി വ്യക്തമാക്കി. ജില്ലാ ടി.ബി പ്രോഗ്രാമിന് കീഴിൽ സുൽത്താൻ ബത്തേരി പബ്ലിക് ഹെൽത്ത് ലാബിൽ എൻ.ടി.ഇ.പി. ലാബ് ടെക്നീഷ്യനായിരുന്നു അശ്വതി. കോവിഡ് ബാധിച്ച് മാനന്തവാടി കോവിഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. വൃക്കസംബന്ധമായ അസുഖവും ഉണ്ടായിരുന്നു. കോവിഡിനെതിരായ പോരാട്ടം ശക്തമാക്കുന്ന സമയത്ത് അശ്വതിയുടെ വേർപാട് ഒരു തീരാദുഃഖമാണ്. അശ്വതിയുടെ അകാല വേർപാടിൽ കുടുംബത്തിന്റെ ദുഃഖത്തോടൊപ്പം പങ്കുചേരുന്നുവെന്നും ഷൈലജ ടീച്ചർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.