ആലപ്പുഴ: ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ നിന്നും ഗുരുതരാവസ്ഥയിലായ രോഗിയുമായി മെഡിക്കല്‍ കോളജിലേക്കുപോയ ആംബുലന്‍സില്‍ കാറിടിച്ച് രോഗി മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കഞ്ഞിക്കുഴി പഞ്ചായത്ത് പോളക്കാടന്‍ കവല ഉള്ളാടന്‍പറമ്പ് ഉദയന്‍ (64) ആണ് മരിച്ചത്. ഉദയന്റെ മകന്‍ രതീഷ് (29), സഹോദരിമാരുടെ മക്കളായ കഞ്ഞിക്കുഴി പലിയത്ത് പി.ബി. അഖില്‍ (24,) കഞ്ഞിക്കുഴി ഉളംപ്ലാവിന്‍ ശ്രീക്കുട്ടന്‍ (39), ആംബുലന്‍സ് ഡ്രൈവര്‍ ചേര്‍ത്തല തെക്ക് വരയത്തൂര്‍ സുമേഷ് (20), കാര്‍ ഓടിച്ചിരുന്ന കോക്കോതമംഗലം സ്വദേശി പോളി (70) എന്നിവര്‍ക്കാണു പരിക്കേറ്റത്.

വെള്ളിയാഴ്ച രാവിലെ 11.30 -ന് ദേശീയപാതയില്‍ ചേര്‍ത്തല എസ്.എന്‍. കോളേജിനു സമീപത്തായിരുന്നു അപകടം. ശ്വാസതടസ്സത്തെ തുടര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയതായിരുന്നു ഉദയന്‍. ഇദ്ദേഹത്തിന്റെ നില ഗുരുതരമായതിനാല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന്, ഉദയനെ ആംബുലന്‍സില്‍ ആലപ്പുഴയ്ക്കു കൊണ്ടുപോകുനത്തിനിടെ ചേര്‍ത്തലയിലേക്കുവന്ന കാറിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് മറിഞ്ഞ് റോഡില്‍നിന്ന് പത്തുമീറ്ററോളം തെന്നിനീങ്ങി സമീപത്തെ ഓട്ടോറിക്ഷയില്‍ ഇടിച്ചാണു നിന്നത്. ആംബുലന്‍സിനു ചെറുതായി തീ പിടിച്ചെങ്കിലും ഓട്ടോറിക്ഷത്തൊഴിലാളികള്‍ ഉടന്‍ അണച്ചു. നാട്ടുകാരും മാരാരിക്കുളം പോലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ചേര്‍ത്തലയിലെ ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടനെയും സുമേഷിനെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.ചേര്‍ത്തലയില്‍ രോഗിയുമായി മെഡിക്കല്‍ കോളേജിലേക്ക് പോയ ആംബുലന്‍സില്‍ കാറിടിച്ചു; രോഗി മരിച്ചു

ഉദയന്റെ മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ശനിയാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഭാര്യ: ഗിരിജ. മക്കള്‍: രഞ്ജിത്ത്, രതീഷ്. മരുമകള്‍: അശ്വതി.