കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അതിവേഗ രക്ഷാപ്രവര്‍ത്തനം സാധ്യമാക്കാന്‍ സൈന്യം ബെയ്‌ലി പാലം നിര്‍മ്മിക്കും. ബെയ്‌ലി പാലത്തിലൂടെ വാഹനങ്ങളും ടിപ്പറുകളും അടക്കം മുണ്ടകൈയില്‍ എത്തിക്കും. കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റുന്നതിന് യന്ത്രങ്ങള്‍ അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് സൈന്യം ബെയ്‌ലി പാലം അതിവേഗം നിര്‍മ്മിക്കാനൊരുങ്ങുന്നത്. യുദ്ധമുഖത്തെ നീക്കങ്ങള്‍ക്ക് വേണ്ടി സജ്ജമാക്കുന്ന അതിവേഗ പാലമാകും ചൂരല്‍മലയില്‍ നിര്‍മ്മിക്കുക.

ഉരുള്‍പൊട്ടല്‍ കനത്ത നാശംവിതച്ച ചൂരല്‍മലയില്‍ നിര്‍മിച്ച താത്കാലിക പാലത്തിലൂടെ അഞ്ഞൂറിലധികം പേരെ രക്ഷപ്പെടുത്തിയിരുന്നു. സൈന്യവും കേരള ഫയര്‍ ഫോഴ്സും സംയുക്തമായാണ് പാലം നിര്‍മ്മിച്ചത്. അതിവേഗം ആളുകളെ രക്ഷിക്കാനായിരുന്നു ഈ പാലം. എന്നാല്‍ ഇനി അതിദുഷ്‌കര രക്ഷാപ്രവര്‍ത്തനമാണ് നടത്തേണ്ടത്. അതിന് വാഹനങ്ങള്‍ മറുഭാഗത്ത് ഏത്തേണ്ടത് അനിവാര്യതയാണ്. ഇതുകൊണ്ടാണ് ബെയ്‌ലിപാലം നിര്‍മ്മിക്കുന്നത്. മദ്രാസ് എന്‍ജിനിയറിംഗ് ഗ്രൂപ്പിന് ഇതില്‍ വൈദഗ്ധ്യം ഉണ്ട്. കൂടുതല്‍ സൈന്യവും മുണ്ടക്കൈയിലേക്ക് എത്തും.

ഇന്നലെ ഉച്ചകഴിഞ്ഞ് സൈന്യവും എന്‍ഡിആര്‍എഫും അടങ്ങുന്ന ദൗത്യസംഘം പുഴ കടന്ന് മുണ്ടക്കൈയിലേക്ക് എത്തിയിരുന്നു. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് (ഡിഎസ്സി) സെന്ററില്‍നിന്ന് 200 സൈനികരുള്ള ഇന്ത്യന്‍ ആര്‍മിയുടെ രണ്ട് വിഭാഗങ്ങള്‍ വയനാട്ടിലേക്ക് എത്തിയിട്ടുണ്ട്. കണ്ണൂരിലെ സൈനിക ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ സംഘവും കോഴിക്കോട് നിന്നുള്ള ടെറിട്ടോറിയല്‍ ആര്‍മിയുടെ സേനയേയും വയനാട്ടിലേക്ക് വിന്യസിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇതിന് പുറമേയാണ് കൂടുതല്‍ സൈന്യം എത്തുന്നത്.

ചൂരല്‍ മലയില്‍ ജെസിബി ഉപയോഗിച്ച് പരിശോധന നടക്കുന്നുണ്ട്. എന്നാല്‍ പുഴ കടന്ന് വാഹനങ്ങള്‍ക്ക് പോകാനാകുന്നില്ല. ഈ സാഹചര്യത്തിലാണ് ബെയ്‌ലി പാലം അനിവാര്യതയാകുന്നത്. ഇത്തരത്തിലൊരു പാലമുണ്ടെങ്കിലേ ജെസിബിയ്ക്ക് മുണ്ടക്കൈയിലേക്ക് പോകാനാകൂ. അതിന് വേണ്ടിയാണ് പാലം നിര്‍മ്മാണം. അതിവേഗം ഇത് സാധ്യമാക്കാനാകും സൈന്യം ശ്രമിക്കുക.

മേപ്പാടിക്കടുത്തുള്ള ചൂരല്‍മലയിലും മുണ്ടക്കൈയിലുമാണ് ഉരുള്‍പൊട്ടലുകളുണ്ടായത്. ചൂരല്‍മലയില്‍ നിരവധി വീടുകള്‍ തകരുകയും ഒലിച്ചു പോകുകയും ചെയ്തിട്ടുണ്ട്. നിരവധിപേര്‍ ഇനിയും ദുരന്തമേഖലയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് ആശങ്ക. മുണ്ടക്കൈയില്‍ കെട്ടിടമെല്ലാം ഒലിച്ചു പോയി. ഈ കെട്ടിടാവശിഷ്ടങ്ങള്‍ സൈന്യം പരിശോധിക്കും. കനത്ത മഴയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടാക്കിയത്. മഴയുടെ സാധ്യത ഇപ്പോഴും പ്രദേശത്തുണ്ട്. അതിനാല്‍ കരുതലെടുത്താണ് രക്ഷാപ്രവര്‍ത്തനം.

ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങളില്‍ മൂന്നിലൊന്നും ലഭിച്ചത് മലപ്പുറം പോത്തുകല്ലിലും സമീപപ്രദേശങ്ങളിലുമായി ചാലിയാര്‍ പുഴയില്‍ നിന്നും കരയില്‍ നിന്നുമാണ്. വനത്തിലുള്ളിലും പുഴയില്‍ ഒഴുകിയെത്തിയതുമായി 34 മൃതദേഹങ്ങളാണ് തിരച്ചില്‍ നടത്തുന്നവര്‍ കണ്ടെത്തിയത്. എന്നാല്‍ കാട്ടിലേക്ക് തിരച്ചിലിനായി പോയവര്‍ അവിടെ നിന്ന് കണ്ടെടുത്ത മൃതദേഹങ്ങള്‍ തിരിച്ചുകൊണ്ടുവരാന്‍ ഏറെ ബുദ്ധിമുട്ടി.

ചാലിയാറിലേക്ക് മലവെള്ളം കുത്തിയൊഴുകി വന്നതോടെ കാട്ടിനുള്ളില്‍ ചില തുരുത്തുകള്‍ രൂപപ്പെട്ടിട്ടുണ്ട്. അവിടെ കൂടുതല്‍ മൃതദേഹങ്ങളുള്ളതായി തിരച്ചില്‍ സംഘത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു.