കാഞ്ഞങ്ങാട്: കാറഡുക്ക സര്‍വ്വീസ് സഹകരണ ബാങ്ക് കേന്ദ്രീകരിച്ച് നടന്ന കോടികളുടെ പണയത്തട്ടിപ്പിലെ പ്രതിയുടെ ബന്ധുവിനെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവം രഹസ്യമായി ഒതുക്കി. എസ് ഐ റാങ്കിലുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനും ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ ടൈഗര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തിയും മറ്റു രണ്ടുപേരും ചേര്‍ന്ന് തമ്മിലുണ്ടാക്കിയ പദ്ധതി പ്രകാരമാണ് കാറഡുക്ക പണയത്തട്ടിപ്പ് കേസിലെ പ്രതിയുടെ ബന്ധുവിനെ കേസില്‍ കുടുക്കുമെന്ന് ഭീഷ ണിപ്പെടുത്തി നാലര ലക്ഷം രൂപ തട്ടിയെടുത്തത്.

ഭീഷണി സഹിക്കാതെ നാലര ലക്ഷം രൂപ കൈ മാറിയതിന് പിന്നാലെ ബേക്കല്‍ സ്വദേശി വീണ്ടും പണം ആവശ്യപ്പെട്ടതോടുകൂടിയാണ് സംഭവം പുറത്തുവന്നത്. ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ നേരത്തെ ജോലി നോക്കിയിരുന്ന പോലീസുദ്യോഗസ്ഥന്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ചിലാണ് ജോലി ചെയ്യുന്നത്. കേസില്‍ നിന്നൊഴിവാക്കാന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കും, സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈസ്പിക്കും നല്‍കാനെന്ന വ്യാജേനയാണ് പണം കൈപ്പറ്റിയത്. കാറഡുക്ക പണയത്തട്ടിപ്പ് കേസിലെ പ്രതിയുമായി ബന്ധമുള്ളയാളെ ആരോപണ വിധേയനായ ക്രൈംബ്രാഞ്ചിലെ എസ് ഐ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

കാറഡുക്ക പണയത്തട്ടിപ്പ് കേസ് പ്രതിയുമായി ബന്ധമുള്ള പരാതിക്കാരന്‍ പ്രതിയുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളുപയോഗിച്ച് കേസില്‍ കുടുക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ വസ്തു കച്ചവടവുമായി ബന്ധപ്പെട്ട നിരവധി പേരുമായി ബന്ധമുള്ള ഇരയെ എസ്‌ഐയും മൂവര്‍ സംഘവും ചേര്‍ന്നു നിരന്തരം ഭീഷണി തുടര്‍ന്നു. ഭീഷണി മൂലമുണ്ടായ മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെ അത്യാഹിത വിഭാഗത്തില്‍ ഇരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും എസ് ഐ യും 'ടൈഗറും' ഇദ്ദേഹത്തെ തേടിയെത്തി ഭീഷണി തുടര്‍ന്നു.

കേസിന്റെ അന്വേഷണത്തിന് ആണെന്ന പേരില്‍ മൂവര്‍ സംഘത്തിലെ പ്രധാനിയുടെ വാഹനത്തിന്റെ ടയറുകളും ഇദ്ദേഹത്തിന് മാറ്റി നല്‍കേണ്ടി വന്നു. തുടര്‍ന്നും പലആവശ്യങ്ങള്‍ക്കായി നിരവധി തവണ ഇരയില്‍ നിന്നും ഇവര്‍ പണം പറ്റി കൊണ്ടിരുന്നു. തുടര്‍ന്ന് വലിയ തുക ആവശ്യപ്പെട്ടതോടെയാണ് ഒരു സാമൂഹിക പ്രവര്‍ത്തകന്റെ സഹായം തേടുകയും സംഭവം തുറന്നു പറയുകയും ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നേരിട്ട് പരാതി നല്‍കാന്‍ തീരുമാനിച്ചു.

ക്രൈംബ്രാഞ്ച് ഓഫീസിലെത്തി ഭീഷണിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡിവൈഎസ്പിയെ അറിയിച്ചപ്പോള്‍ ഡിവൈഎസ്പി നേരിട്ട് മൂവര്‍ സംഘത്തിലെ പ്രധാനയായ ടൈഗറുടെ വീട്ടിലെത്തി സംസാരിച്ചു. തുടര്‍ന്ന് ടൈഗറിനോട് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനും ഡിവൈഎസ്പി നിര്‍ദ്ദേശിച്ചു. ക്രൈംബ്രാഞ്ച് ഓഫീസില്‍ വച്ച് വിഷയം ഒത്തുതീര്‍പ്പിലെത്താനാണ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചത്.

തിങ്കളാഴ്ച പണം തിരിച്ചു നല്‍കുമെന്ന് ഡിവൈഎസ്പി പരാതിക്കാരന് ഉറപ്പു നല്‍കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ ഡിവൈഎസ്പി ഫോണ്‍ വിളിച്ച് പരാതിക്കാരന് അഞ്ചു മണിക്ക് മുമ്പായി പണം തിരിച്ചു നല്‍കുമെന്നും ഒരു അഭിഭാഷകന്‍ മുഖാന്തരം ഇടപാടുകള്‍ തീര്‍ക്കണമെന്നും അറിയിച്ചു. എന്നാല്‍ ഇതിന് പരാതിക്കാരന്‍ വഴങ്ങിയില്ല. എസ് ഐ നിരന്തരം പരാതിക്കാരനെ വിളിച്ച് ഒത്തുതീര്‍പ്പിലെത്താന്‍ നിര്‍ദ്ദേശം നല്‍കുന്നുണ്ടായിരുന്നു. ഒടുവില്‍ പരാതിക്കാരന്റെ അനുജന്‍ ടൈഗറിന്റെ ആവശ്യപ്രകാരം ബേക്കല്‍ ഹദ്ദാദില്‍ എത്തുകയും ടൈഗറിന്റെ കാറില്‍ വച്ച് രണ്ടുമണിക്കൂറോളം സന്ധി സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു

ഒന്നര ലക്ഷം രൂപ രാത്രി എട്ടുമണിയോടെ പരാതിക്കാരന് ടൈഗര്‍ കൈമാറി. കൈക്കൂലി ആണെന്ന് പറഞ്ഞു വാങ്ങിച്ച ബാക്കി മൂന്നു ലക്ഷം രൂപ മൂവര്‍ സംഘത്തിലെ പ്രധാനപ്പെട്ട വ്യക്തി എറണാകുളത്തു നിന്നും തിരിച്ചു വന്നാല്‍ നല്‍കാമെന്ന് വ്യവസ്ഥയും ഉണ്ടാക്കി . ഇടതുമുന്നണി ഘടക കക്ഷിയില്‍പ്പെട്ടയാളെന്ന് അവകാശപ്പെടുന്ന ടൈഗര്‍ എന്ന നേരത്തെ നിരവധി വിവാദങ്ങളില്‍ അകപ്പെട്ട വ്യക്തിയാണ് . അസുഖബാധിതനായി വിശ്രമത്തിലായിരുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ പേരും വിദ്വാന്‍ തട്ടിപ്പില്‍ വലിച്ചിഴച്ചു.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഉള്‍പ്പെടെ നിരവധി പേരുടെ പരാതിക്ക് ഇടയാക്കിയ സംഭവമാണ് കാറഡുക്ക സര്‍വ്വീസ് സഹകരണ ബാങ്ക് കേന്ദ്രീകരിച്ച് നടന്ന കോടികളുടെ പണയത്തട്ടിപ്പ്. ഈ കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായെങ്കിലും മുഖ്യപതി ഇപ്പോഴും ഒളിവില്‍ തന്നെയാണ് . മുഖ്യ പ്രതിയെ പിടികൂടാന്‍ ക്രൈംബ്രാഞ്ചിന് എന്തുകൊണ്ട് സാധിക്കുന്നില്ല എന്നുള്ളതിന് ഇനി മറ്റൊരു തെളിവ് ആവശ്യമില്ല. രണ്ടു മുതിര്‍ന്ന ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ പേര് ദുരുപയോഗപ്പെടുത്തിയ സംഭവത്തില്‍ പരാതിക്കാരന്‍ നേരിട്ട് ഡിവൈഎസ്പിയെ കണ്ടിട്ടും എന്തുകൊണ്ട് കേസെടുത്തില്ല എന്നുള്ള ചോദ്യം ഉയരുന്നു.