ലണ്ടന്‍: കേരളത്തില്‍ മടങ്ങി എത്തിയ നിപ ആശങ്ക ആയി മാറുന്നത് ബ്രിട്ടനിലും. ലോകം മെരുക്കിയ മാരക രോഗം എന്നിരിക്കിലും ഫലപ്രദമായ ചികിത്സ എന്നത് വെല്ലുവിളി ആയ സാഹചര്യത്തിലാണ് നിപ വൈറസിനെ ലോകം ഭയപ്പെടാന്‍ കാരണം. സാധാരണ ഒരിക്കല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ വീണ്ടും സാന്നിധ്യം അറിയിക്കുന്നത് അപ്പൂര്‍വം ആണെങ്കിലും കേരളത്തില്‍ തുടര്‍ച്ചയായി നിപ മരണം സംഭവിക്കുന്നത് പ്രഖ്യാതമായ കേരള മോഡല്‍ വിശേഷണത്തിന് തന്നെ ഭീഷണിയാണ്.

ലോകാരോഗ്യ സംഘടനയും ലോക മാധ്യമ ശ്രദ്ധയും കിട്ടുമ്പോള്‍ കോവിഡിന് ശേഷം തകര്‍ന്നടിഞ്ഞ കേരള ടൂറിസത്തിനും കനത്ത ഭീഷണിയാണ് തുടര്‍ച്ചയായ നിപ റിപോര്‍ട്ടുകള്‍. ഇത്തരം സാംക്രമിക രോഗമുള്ള രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് വിദേശ രാജ്യങ്ങള്‍, പ്രത്യേകിച്ചും യൂറോപ്പും അമേരിക്കയും ഒക്കെ തങ്ങളുടെ പൗരന്മാരെ നിരുത്സാഹപ്പെടുത്തുമ്പോള്‍ മടങ്ങി എത്തുന്ന വിദേശ വിനോദ സഞ്ചാരികളെ കാത്തിരിക്കുന്ന കേരളത്തിന് നല്‍കുന്ന ആശങ്കയും വലുതാണ്.

സ്‌കൂള്‍ അവധിക്കാലം ആഘോഷിക്കാന്‍ കേരളത്തില്‍ എത്തിയിരിക്കുന്നത് ആയിരക്കണക്കിന് മലയാളി കുടുംബങ്ങള്‍
സ്‌കൂള്‍ അവധിക്കാലം ആരംഭിച്ച സമയത് തന്നെ എത്തിയ നിപ ആഘോഷ വേളകളില്‍ നിറം കെടുത്തും എന്നുറപ്പാണ്. ആള്‍ക്കൂട്ടങ്ങളില്‍ അലിയാന്‍ താല്‍പര്യമുള്ള മലയാളികളോട് വീടിനു വെളിയില്‍ ഇറങ്ങരുത് എന്നാണ് മലപ്പുറത്തെ നിപ ബാധിത പ്രദേശങ്ങളില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഇത് സാധാരണക്കാരായ ആളുകളെ ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. പ്രത്യേകിച്ചും കേരളത്തില്‍ മഴക്കാലവും പനിക്കാലവും ഒന്നിച്ചെത്തിയ സാഹചര്യത്തില്‍ ഒരു ചെറു പനിപോലും ആശങ്ക വിതറാന്‍ കാരണമാകും. കുടുംബങ്ങളൊന്നിച്ചു ഉല്ലാസം പങ്കിടാന്‍ എത്തുന്ന അവധിക്കാല യാത്രയിലേക്കാണ് ഇത്തവണ നിപയെന്ന ഭീഷണി ചിറക് വിടര്‍ത്തി നില്‍ക്കുന്നത്.

മാത്രമല്ല നിപ ബാധിത പ്രദേശം സന്ദര്‍ശിക്കുന്നത് എല്ലായ്പ്പോഴും വിലക്കുന്ന ബ്രിട്ടന്‍ കേരളത്തില്‍ നിന്നും മടങ്ങി എത്തുന്നവര്‍ അസുഖ ബാധിതരായി യുകെയില്‍ മടങ്ങി എത്തി ആശുപത്രി സേവനം തേടുമ്പോള്‍ അവധിക്കാല യാത്രയുടെ കാര്യം പറയേണ്ടി വരും എന്നതും സാഹചര്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കാന്‍ കാരണമാകും. അവധിക്കാല യാത്ര കഴിഞ്ഞു എത്തുന്നവര്‍ ചെറിയ ശാരീരിക അസ്വസ്ഥതകള്‍ തോന്നിയാലും വിദഗ്ധ ചികിത്സ തേടണം എന്നാണ് നിപയുടെ മടങ്ങി വരവ് ഓര്‍മ്മിപ്പിക്കുന്നത്. അതിനിടെ ഇടയ്ക്കിടെയുള്ള നിപയുടെ വരവ് അത്ര നല്ല ലക്ഷണമല്ലെന്നു ശാസ്ത്ര സമൂഹവും ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

നിപ കേരളത്തില്‍ ഇനിയും എത്തിയേക്കാം എന്ന സൂചനയും ആപത്തു ഒഴിഞ്ഞിട്ടില്ല എന്ന സന്ദേശമാണ് നല്‍കുന്നത്. 2018ല്‍ പ്രളയ ത്തിനു മുന്‍പ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിപ മൂലം 17 പേരുടെ ജീവനാണ് നഷ്ടമായത്. പിന്നീട് 2021ലും നിപ പേടി കേരളത്തെ തേടിയെത്തി. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസില്‍ 14 വയസുള്ള ഫുട്ബോള്‍ കളിക്കാരനായ കുട്ടിയാണ് നിപയ്ക്ക് കീഴടങ്ങിയത്. നിലവില്‍ ബ്രിട്ടന്‍ കേരളം സന്ദര്‍ശിക്കുന്നതിന് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടില്ലെങ്കിലും ബ്രിട്ടീഷ് മാധ്യമങ്ങള്‍ എല്ലാ ദിവസവും തുടര്‍ച്ചയായി നിപ വാര്‍ത്തകള്‍ നല്‍കുന്നത് ഇക്കാര്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ശ്രദ്ധ പതിയാന്‍ കൂടിയാണ്.

എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ വഴി കേരളത്തില്‍ തുടര്‍ച്ചയായി വിദേശ വിനോദ സഞ്ചാരികളുടെ വരവും മുടങ്ങും എന്നതും പ്രധാനമാണ്. പ്രത്യേകിച്ചും കോവിഡിന് ശേഷം വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരളം വന്‍തോതില്‍ പണം നല്‍കി പരസ്യം ചെയ്യുന്നതടക്കമുളള കാര്യങ്ങള്‍ക്ക് ഇത്തരം വാര്‍ത്തകള്‍ വഴി പതിന്മടങ്ങു തിരിച്ചടി നല്‍കാനാകും. അതായത് ആരോഗ്യ രംഗത്തെ കേരളത്തിന്റെ തളര്‍ച്ച വിനോദസഞ്ചാരം വഴിയുള്ള വളര്‍ച്ചയ്ക്കും പണം വരവിനും തടസമായി മാറും എന്ന് ചുരുക്കം. ലോകത്തു മറ്റെവിടെയും റിപ്പോര്‍ട്ട് ചെയ്യാത്ത രോഗം കേരളത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ സ്വാഭാവികമായും ലോകമെങ്ങും വിദേശ വിനോദ സഞ്ചാരികള്‍ക്ക് ആശങ്ക സ്വാഭാവികം.