ഷിരൂര്‍: അര്‍ജുന്‍ എന്ന മലയാളി ലോറി ഡ്രൈവര്‍ ഉള്‍പ്പെട്ട ഷിരൂര്‍ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനത്തിലെ ചാനല്‍ റിപ്പോര്‍ട്ടിംഗ് രീതിയില്‍ സൈബറിടത്തില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. മലയാളത്തിലെ വാര്‍ത്താ ചാനലുകള്‍ തമ്മിലുള്ള മത്സരം മുറുകിയതോടെയാണ് റിപ്പോര്‍ട്ടിംഗ് രീതിക്കെതിരെയും വിമര്‍ശനം ഉയരാന്‍ ഇടയാക്കുന്നത്. ഡോ. അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള റിപ്പോര്‍ട്ടര്‍ ചാനലും 24 ന്യൂസ് ചാനലും ഏഷ്യാനെറ്റ് ന്യൂസും അടക്കം എല്ലാവരും തന്നെ ഷിരൂര്‍ റിപ്പോര്‍ട്ടിംഗ് മത്സരാധിഷ്ടിതക്കിയിരുന്നു. ഇപ്പോള്‍ ഇതെല്ലാം സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാകുകയാണ്.

ആമഴിയഞ്ചാന്‍ തോട്ടില്‍ ജോയി എന്നയാള്‍ മാലിന്യം നീക്കവേ വീണു മരിച്ച സംഭവം ചാനലുകള്‍ വലിയ തോതില്‍ കവര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഷിരൂര്‍ അപകടം ഉണ്ടായത്. ഇതോടെ ഒരു മലയാളിയുടെ വിഷയത്തില്‍ മറ്റു മലയാളികള്‍ ഉണ്ടാകുമെന്ന വിധത്തിലാണ് എല്ലാ ചാനലുകളും ഇടപെട്ടത്. ഇതിനിടെയാണ് റിപ്പോര്‍ട്ടര്‍ ടിവിയില്‍ നിന്നും ഡോ. അരുണ്‍കുമാര്‍ നേരിട്ട് അപകട സ്ഥലത്തെത്തി റിപ്പോര്‍ട്ടിംഗ് തുടങ്ങിയത്.

അപകട സ്ഥലത്തെ സമ്പൂര്‍ണചിത്രം പ്രേക്ഷകര്‍ക്ക് നല്‍കുക എന്നതായിരുന്നു ലക്ഷ്യം. ഇതില്‍ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. എന്നാല്‍, ഒരു ഘട്ടത്തില്‍ രക്ഷാദൗത്യത്തിന് വേഗത കുറഞ്ഞതോടെ അതിനെതിരെ വിമര്‍ശനം ഉയര്‍ത്തി. ഇത് കര്‍ണാടക അധികാരികള്‍ക്ക് അത്രയ്ക്ക് സഹിക്കുന്നതുമായില്ല. കര്‍ണാടക പോലീസ് ഇതോടെ മലയാള മാധ്യമങ്ങളെ രക്ഷാദൗത്യം നടക്കുന്ന പ്രദേശത്തേക്ക് പ്രവേശിപ്പിക്കാത്ത അവസ്ഥയുമായി.

അര്‍ജുന്റെ ലോറി മണ്ണിനടിയില്‍ തന്നെയാണെന്ന വിധത്തിലായിരുന്നു ഡോ. അരുണ്‍കുമാറിന്റെ ചില നിഗമനങ്ങള്‍. ഇത് ഇന്നലെ സൈന്യം ലോറി നദിക്കടിയിലാണെന്ന് കണ്ടെത്തിയതോടെ ഡോ. അരുണ്‍കുമാറിനും സൈബറിടത്തില്‍ ട്രോള്‍മഴയാണ്. അരുണ്‍കുമാറും റിപ്പോര്‍ട്ടറും നെഗറ്റീവ് ന്യൂസ് നല്‍കിയെന്ന് എസ്പി തുറന്നടിക്കുകയും ചെയ്തു. ഒരു ഘട്ടത്തില്‍ പ്രതികരണം തേടിയ 24 ന്യൂസിലെ ഹാഷ്മിയോട് താങ്കള്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നാണോ എന്ന് ചോദിച്ചു. റിപ്പോര്‍ട്ടര്‍ അല്ലെന്ന് പറഞ്ഞ് രക്ഷപെടുകയാണ് ഹഷ്മി ചെയ്തത്. ഈ വീഡിയോ അടക്കം സോഷ്യല്‍ മീഡിയയില്‍ ട്രോളായി മാറിയിട്ടുണ്ട്.

അതേസമയം ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നാണ് അരുണ്‍കുമാര്‍ വിശദീകരിക്കുന്നത്. യെസ് സാര്‍ എന്നു പറഞ്ഞു കൊണ്ട്ി നില്‍ക്കല്‍ അല്ല മാധ്യമങ്ങളുടെ ജോലിയെന്നും അരുണ്‍കുമാര്‍ പറയുന്നു. സൈബറിടത്തിലെ ട്രോളുകള്‍ ഉണ്ടെങ്കിലും തുടര്‍ച്ചയായി ലൈവ് സംപ്രേക്ഷണവുമായി അരുണ്‍കുമാറും റിപ്പോര്‍ട്ടറും സജീവമായുണ്ട്.

അരുണ്‍കുമറിനെ ട്രോളി കൊണ്ട് ബൈജു സ്വാമി എഴുതിയത് ഇങ്ങനെ:

അര്‍ജുന്റെ ട്രക്കും കൂടാതെ ലോക്കല്‍ കന്നടിഗരും മണ്ണിടിഞ്ഞു വീണ് പുഴയില്‍ ആണെന്ന് ഏതാണ്ട് ഉറപ്പായ സ്ഥിതിക്ക് ഇനി അങ്ങോട്ട് റെസ്‌ക്യൂ ഓപ്പറേഷന്‍ കുത്തിയൊഴുകുന്ന ഗംഗവലി നദിയില്‍ ആയിരിക്കും എന്ന് കേട്ടു. അപ്പോള്‍ മൊട്ടയും നദിയില്‍ ചാടും എന്നുറപ്പാണ്.

നദിയില്‍ ചാടാന്‍ പോകുമ്പോള്‍ മൊട്ടയെ ആരും തടയരുതെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ലവന്‍ ഒഴുക്കില്‍ പെട്ട് തീര്‍ന്ന് കിട്ടിയാല്‍ അത്രയും അലമ്പ് കുറയും എന്നാണ് എനിക്ക് തോന്നുന്നത്. കേരളത്തിനും അത് ദീര്‍ഘ കാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യും. ലവന്റെ കൂടെ മരം വെട്ട് ചാനലിലെ സ്റ്റാര്‍ വാര്‍ത്താ അവതരിണി കൂടി ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ഒരു വേള ആഗ്രഹിച്ചു പോകുന്നു സൂര്‍ത്തുക്കളെ..??
ഇങ്ങനെയുണ്ടോ അലമ്പ്? ഇത് പറയുമ്പോള്‍ സംസ്‌കാരശൂന്യന്‍ എന്ന് വിളിക്കരുതേ… അലമ്പില്ലാതെ വാര്‍ത്തകള്‍ കേട്ട്, ടി വി കണ്ട് ജീവിക്കാന്‍ ഉള്ള കൊതി കൊണ്ടാണ്. ?? മീനവിയല്‍ മൊട്ട ആറ്റില്‍ ചാടാന്‍ പോകുമ്പോള്‍ 'അര്‍ജുനെ രക്ഷിക്കാന്‍ ഞാന്‍ മാത്രം മതി ' എന്ന് ആക്രോശിച്ച് മൊട്ടയെയും മറ്റു മാ പ്ര കളെയും തടയുന്ന 'ദുരന്ത വിദഗ്ദനായ' രഞ്ജിത്ത് ഇസ്രായേലിന്റെ ചിത്രം നാസ പുറത്ത് വിട്ടു.

സോഷ്യല്‍ മീഡിയയില്‍ വാദപ്രതിവാദം

ലൈവ് വാര്‍ത്ത കണ്ട് ചാനലുകള്‍ക്ക് മുന്നിലേക്ക് വ്യാജരക്ഷാപ്രവര്‍ത്തകരും എത്തിയിരുന്നു. കേരളത്തില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് നിരവധിപ്പേരാണ് ഷിരൂരിലേക്ക് പോയത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കുന്നവര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തമ്മിലടിക്കുന്ന അവസ്ഥയാണ്.

രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാറുള്ള രഞ്ജിത് ഇസ്രായേലിനെതിരെയും രൂക്ഷമായ ആക്രമണമാണ്. 16ന് അര്‍ജുനെ കാണാതായെങ്കിലും കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്തുനിന്നും തിരച്ചില്‍ നടപടികള്‍ കാര്യക്ഷമമല്ല എന്ന് ആരോപണം ഉയര്‍ന്നു. കുടുംബം എം.കെ.രാഘവന്‍ എംപി ഉള്‍പ്പെടെയുള്ളവരെ കണ്ടതിനുശേഷമാണ് തിരച്ചിലിനു കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ വേഗം വന്നത്. മാധ്യമങ്ങളുടെ ഇടപെടലുകളും രക്ഷാ പ്രവര്‍ത്തനത്തിന് ആക്കം കൂട്ടി. ഇവരുടെയെല്ലാം ഇടപെടലോടെയാണ് സൈന്യം എത്തിയത് എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍, ആദ്യം കരഭാഗത്ത് തിരയുകയാണ് ഉണ്ടായത്. പിന്നീടാണ് പുഴയിലേക്ക് തിരയാന്‍ തുടങ്ങിയത്. ഇവിടെയാണ് മലയാളികള്‍ തിരച്ചില്‍ വഴിതെറ്റിച്ചു എന്ന ആരോപണം ഉയരാന്‍ ഇടയാക്കിയത്.

കര്‍ണാടകയുടെ തിരച്ചില്‍ കാര്യക്ഷമമല്ല എന്ന് വാര്‍ത്തയും വന്നിരുന്നു. ഇതോടെയാണ് കേരളത്തില്‍ നിന്ന് ചില സന്നദ്ധ പ്രവര്‍ത്തകര്‍ ഷിരൂരിലേക്ക് തിരിച്ചു. മന്ദഗതിയിലായിരുന്നുവെങ്കിലും പുഴയുടെ തീരത്തോടു ചേര്‍ന്നായിരുന്നു കര്‍ണാടക തിരച്ചില്‍ നടത്തിയിരുന്നത്. ചൊവ്വാഴ്ച തന്നെ നാലു മൃതദേഹങ്ങള്‍ കര്‍ണാടക കണ്ടെടുത്തു. എന്നാല്‍ കേരളത്തില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ എത്തിയതോടെ കരഭാഗത്ത് കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്താന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

വാഹന ഉടമയും േകരളത്തില്‍ നിന്ന് ചെന്നവരും ചേര്‍ന്ന് കര്‍ണാടക സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി കരഭാഗത്ത് തിരച്ചില്‍ നടത്തി ദിവസങ്ങളോളം കളഞ്ഞുവെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ആരോപണം ഉയരുന്നത്. ഒരു പരിധിവരെ ഈ ആരോപണങ്ങള്‍ ശരിവെക്കേണ്ടിയും വരും. കാരണം. ചാനലുകള്‍ക്ക് മുന്നിലെത്തിയവര്‍ അത്തരത്തിലായിരുന്നു പെര്‍ഫോമന്‍സ് നടത്തിയത്.

കര്‍ണാടകയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞതായിരുന്നു ശരിയെന്നും ഇക്കൂട്ടര്‍ പറയുന്നു. കാരണം ബാക്കി മൃതദേഹങ്ങളും ടാങ്കര്‍ ലോറിയുടെ ബുള്ളറ്റും ലഭിച്ചത് നദിയില്‍ നിന്നായിരുന്നു. ജിപിഎസ് പ്രവര്‍ത്തിച്ചുവെന്നും എന്‍ജിന്‍ സ്റ്റാര്‍ട്ടായിരുന്നുവെന്നും ഫോണ്‍ റിങ് ചെയ്തുവെന്നുമെല്ലാമുള്ള പ്രചരണങ്ങളെയും ഇക്കൂട്ടര്‍ ചോദ്യം ചെയ്യുന്നു. ലോറിയുടേത് അത്യാധുനിക കാബിനാണെന്നും തകരില്ലെന്നും വരെ പ്രചരണമുണ്ടായി. ഇതില്‍ പലതും സമൂഹ മാധ്യമങ്ങളില്‍ ആരൊക്കെയോ സൃഷ്ടിച്ചതാണെന്നും അവ മുഖ്യധാരാ മാധ്യമങ്ങളും ഏറ്റുപിടിക്കുകയാണുണ്ടായതെന്നും ഇപ്പോള്‍ തെളിയുന്നു.

അര്‍ജുനുവണ്ടിയുള്ള തിരച്ചില്‍ പബ്ലിസിറ്റി സ്റ്റന്‍ഡ് ആക്കി മാറ്റാനായിരുന്നു ചിലര്‍ ശ്രമിച്ചതെന്നാണ് മറ്റൊരു ആരോപണം. യാതൊരു കാര്യവും ഇല്ലാതിരുന്നിട്ടും ചിലര്‍ വണ്ടിയും വിളിച്ച് അവിടേക്ക് പോയി. ഇതോടെ മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പൈട മൂന്നു കിലോമീറ്റര്‍ ദൂരത്തേക്ക് മാറ്റിനിര്‍ത്തേണ്ടി വന്നു പൊലീസിന്. രക്ഷാപ്രവര്‍ത്തനത്തിനെന്നു പറഞ്ഞു ചെന്നവരെ നിയന്ത്രിക്കലായി പൊലീസിന്റെ അടുത്ത പണി. രക്ഷാപ്രവര്‍ത്തനത്തിനിടെ എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് കേരളത്തിലെ ജില്ലാ കലക്ടറുടെ പക്കല്‍ നിന്നും അനുമതി വാങ്ങി വരാനാണ് പൊലീസ് കേരളത്തില്‍ നിന്ന് ചെന്നവരോട് പറഞ്ഞത്.

സ്ഥലത്തെ കുറിച്ച് യാതൊരു പരിചയവും ഇല്ലാത്തവരാണ് രക്ഷാപ്രവര്‍ത്തനത്തിനു ഷിരൂരിലേക്ക് പോയത്. പെരുമഴയായതിനാല്‍ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് അവിടെയെത്തിയ ചിലര്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം അയച്ചത്. പിന്നെ എന്തറിഞ്ഞിട്ടാണ് കുറ്റിയും പറിച്ച് അങ്ങോട്ട് പാഞ്ഞത് എന്നതാണ് സമൂഹ മാധ്യമത്തില്‍ ഉയരുന്ന ചോദ്യം.