മുണ്ടക്കൈ: ഉരുള്‍പൊട്ടല്‍ വിവരം അറിഞ്ഞ സഹദേവന്‍ രക്ഷാപ്രവര്‍ത്തകരെത്തും മുന്നേ മുണ്ടക്കൈ കൊല്ലങ്കോട്ടിലെ തറവാട്ടുവീട്ടിലെത്തി തിരച്ചില്‍ തുടങ്ങി. രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ അവര്‍ക്കൊപ്പം ചേര്‍ന്നും തിരഞ്ഞു. അതിലൊരാള്‍ക്ക് ഒരു വിവാഹ ആല്‍ബം ലഭിച്ചു. അതിലുണ്ടായിരുന്നു സഹദേവന് നഷ്ടപ്പെട്ടവരുടെ ചിത്രങ്ങള്‍.

അമ്മയും സഹോദരനും സഹോദരന്റെ കുടുംബത്തെയും അടക്കം ഉരുള്‍ കൊണ്ടു പോയി. സഹദേവന്റെ തറവാട്ടുവീട്ടിലും സമീപത്തെ സഹോദരന്റെ വീട്ടിലുമായി അഞ്ചു പേരാണ് ഉരുള്‍പൊട്ടലില്‍ പെട്ടത്. ഉറ്റവരെ ഉരുള്‍ കൊണ്ടുപോയതറിഞ്ഞ ഉടന്‍ സഹദേവന്‍ വീടിരിക്കുന്ന സ്ഥലത്തെത്തിയിരുന്നു. ചെളിയും അവശിഷ്ടങ്ങളും മാത്രം. ആരെങ്കിലും രക്ഷപ്പെട്ടിരിക്കാന്‍ സാധ്യത വിരളമെന്ന് എല്ലാവരും പറഞ്ഞിട്ടും അവിടെനിന്നു പോകാന്‍ സഹദേവന്‍ തയാറായില്ല.

മൂന്നു പേരുടെ മൃതദേഹം ഇനിയും കണ്ടെത്താനുണ്ട്. 'അമ്മയും ഏട്ടനും ഏട്ടന്റെ ഭാര്യയും രണ്ട് കുഞ്ഞുങ്ങളും വീട്ടിലുണ്ടായിരുന്നു. ഞാനും എന്റെ ഭാര്യയും പിള്ളേരും വീട്ടില്‍ ഇല്ലാതിരുന്നതു കൊണ്ടു മാത്രമാണു രക്ഷപ്പെട്ടത്' സഹദേവന്‍ പറയുന്നു.

ഫയലില്‍ ഭൂമിയുടെ കരമടച്ച രസീത് ഉണ്ടായിരുന്നു. അതിലേക്കു നോക്കി സഹദേവന്‍ ചോദിച്ചു: 'ഭൂമിയും പോയി, വീടും പോയി, അതിലുണ്ടായിരുന്നവരും പോയി. ഇനിയെന്തിനാണിത്?' ചൂരല്‍മലയിലെ ബന്ധുവീട്ടില്‍ ഒലിച്ചുപോയവരെക്കൂടി ഉള്‍പ്പെടുത്തിയാല്‍ സഹദേവന്റെ കുടുംബാംഗങ്ങളില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി ഉയരും.