പത്തനംതിട്ട: പോക്‌സോ കേസില്‍ മുങ്ങി നടന്ന പ്രതിയെ നാടകീയമായി പിടികൂടി വനിതാ പോലിസുകാരി. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പത്തനംതിട്ട മാര്‍ക്കറ്റില്‍ നിന്നാണ് പോക്‌സോ കേസിലെ പ്രതിയെ സിവില്‍ പോലിസ് ഓഫിസറായ കൃഷ്ണ ഒറ്റയ്ക്ക് എത്തി തൂക്കിയെടുത്തത്. പത്തനംതിട്ട സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസറായ കൃഷ്ണയാണ് താരമായത്. പ്രതി ഓട്ടോയില്‍ സഞ്ചരിക്കുമ്പോഴാണ് മഫ്തിയിലെത്തിയ കൃഷ്്ണ ഇയാളെ പിടികൂടിയത്.

എറണാകുളം തൃപ്പൂണിത്തുറ നടമ വില്ലേജില്‍ കോശ്ശേരി വീട്ടില്‍ സുജിത്ത്(42) ആയിരുന്നു പ്രതി. സുജിത്ത് സഞ്ചരിച്ച ഓട്ടോയ്ക്ക് കൃ്ഷണ കൈകാണിച്ച്് കയറി.
പിന്‍സീറ്റിലിരിക്കുന്ന ആളിനെ ഓട്ടോയ്ക്കുള്ളില്‍ത്തന്നെ ഇവര്‍ കൈകള്‍കൊണ്ട് കുരുക്കി അനങ്ങാനാകാത്ത നിലയിലാക്കുന്നു. ഇതോടെ സുജിത്ത് ബഹളം വെച്ചു. ആളുകളെല്ലാം സ്തബ്ധരായി കൃഷ്ണയെ തന്നെ നോക്കി. യൂണിഫോമില്‍ അല്ലാതിരുന്നതിനാല്‍ പോലിസുകാരിയെന്ന് ആര്‍ക്കും മനസ്സിലായില്ല. സംഭവമെന്തെന്ന് അറിയാന്‍ ആളുകള്‍ കൂടി.

അപ്പോഴേയ്ക്കും 'ഓട്ടോ പോലീസ് സ്റ്റേഷനിലേക്ക് വിട്ടോളൂ' എന്ന് ഡ്രൈവറോട് സ്ത്രീ പറയുന്നു. അപ്പോഴേക്കും സിവില്‍ പോലീസ് ഓഫീസര്‍മാരായ ആകാശ് ചന്ദ്രന്‍, അനുരാജ്, മണികണ്ഠന്‍ എന്നിവരെത്തി. അനുരാജും മണികണ്ഠനുംകൂടി ഓട്ടോയില്‍ കയറി. അടുത്തുതന്നെയുള്ള പോലീസ് സ്റ്റേഷനില്‍ ഓട്ടോ എത്തിയപ്പോഴാണ് സ്ത്രീ, മഫ്തിയിലായിരുന്ന വനിതാ സിവില്‍ പോലീസ് ഓഫീസറായിരുന്നെന്ന് പിന്നാലെയെത്തിയവര്‍ക്ക് മനസ്സിലായത്. ആര്‍.കൃഷ്ണകുമാരി എന്ന കൃഷ്ണ കീഴ്പ്പെടുത്തിയത് മൂന്നുവര്‍ഷമായി മുങ്ങിനടന്ന പോക്സോ കേസ് പ്രതിയെയാണ്.

പത്തനംതിട്ടയില്‍ വാടകയ്ക്ക് താമസിച്ചിരുന്നപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം കേസിന്റെ വിചാരണ ഘട്ടങ്ങളില്‍ ഹാജരാകാത്തതിനെത്തുടര്‍ന്നാണ് പത്തനംതിട്ട അതിവേഗ പോക്സോ കോടതി അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചത്. കോടതി നല്‍കിയിരുന്ന അവസാനദിനമായിരുന്നു ചൊവ്വാഴ്ച. ഇയാള്‍ പത്തനംതിട്ടയില്‍ മാര്‍ക്കറ്റിനടുത്തുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് കൃഷ്ണ അവിടെ മഫ്തിയില്‍ കാത്തുനിന്നത്.

പോലീസ് സ്റ്റേഷനില്‍ എത്തിയശേഷം ഇയാള്‍ പോലീസുകാരോട് അസഭ്യവര്‍ഷം തുടങ്ങി. പിന്നീട് ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. കോടതിയില്‍ ഹാജരാക്കിയശേഷം പ്രതിയെ കൊട്ടാരക്കരയിലെ ജയിലിലേക്ക് മാറ്റി.