പത്തനംതിട്ട: കോന്നിയിലും അടൂരിലും എൽഡിഎഫ് പരാജയഭീതിയിൽ. രണ്ടിടത്തും മത്സരിച്ച എൽഡിഎഫിന്റെ സിറ്റിങ് എംഎൽഎമാർ മുൻകൂർ ജാമ്യമെടുത്ത് പ്രസ്താവനയും ഇറക്കി. കോന്നിയിൽ ബിജെപി-യുഡിഎഫ് വോട്ടു കച്ചവടം ജനീഷ്‌കുമാർ ആരോപിക്കുമ്പോൾ അടൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി എംജി കണ്ണൻ സമുദായത്തിന്റെ പേര് പറഞ്ഞ് വോട്ടുപിടിച്ചുവെന്ന ആക്ഷേപമാണ് ചിറ്റയം ഗോപകുമാറിനുള്ളത്. തെരഞ്ഞെടുപ്പിന്റെ പിറ്റേന്ന് തന്നെ കോന്നിയിൽ ജനീഷ്‌കുമാർ യുഡിഎഫ്-എൻഡിഎ രഹസ്യധാരണ ആരോപിച്ചിരുന്നു. ഇതിനെതിരേ കെ സുരേന്ദ്രൻ പറഞ്ഞത് ജനീഷ്‌കുമാർ തോൽവി ഉറപ്പിച്ചുവെന്നായിരുന്നു. റോബിൻ പീറ്ററും ഇതേ രീതിയിൽ പ്രതികരിച്ചതോടെ താൻ ജയിക്കുമെന്ന് ജനീഷ് പ്രസ്താവന തിരുത്തി.

എന്നാൽ, ജനീഷിനെ സ്വന്തം പാർട്ടിക്കാർ തന്നെ കാലുവാരിയെന്ന കഥകളാണ് പിന്നീട് പുറത്തു വന്നത്. ഇതിന്റെ പേരിൽ സിപിഎം ഏരിയാ കമ്മറ്റി അംഗത്തെ ലോക്കൽ കമ്മറ്റി അംഗം വീട്ടിൽ കയറി തല്ലി. തൊട്ടുപിന്നാലെ അടിയന്തര ലോക്കൽ കമ്മറ്റി ചേർന്ന് ലോക്കൽ കമ്മറ്റി അംഗത്തെ പുറത്താക്കി. അരുവാപ്പുലം ലോക്കൽ കമ്മിറ്റിയംഗവും ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ ശിവകുമാറിനെയാണ് ബുധനാഴ്ച അടിയന്തിരമായി ചേർന്ന ലോക്കൽ കമ്മിറ്റി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. ഇന്നലെ ചേർന്ന ഏരിയാ കമ്മിറ്റി യോഗം ഇതിന് അംഗീകാരവും നൽകി. ആരോപണം സംബന്ധിച്ച് പാർട്ടി ഘടകങ്ങൾക്കും തർക്കമില്ലങ്കിലും ഒരു ഏരിയാ കമ്മിറ്റിയംഗത്തെ വീടുകയറി വൃദ്ധ മാതാവിന്റെ കൺമുന്നിൽ വച്ച് മർദിച്ചതാണ് നടപടിക്ക് കാരണമായത്.

ഏരിയാ കമ്മിറ്റിയംഗവും അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക പ്രസിഡന്റുമായ കോന്നി വിജയ കുമാറിനാണ് മർദനം ഏറ്റത്. നാളെ നടക്കുന്ന അടിയന്തിര ഏരിയാ കമ്മിറ്റി യോഗത്തിൽ വിജയകുമാറിനെതിരായ നടപടി തീരുമാനിക്കും. വിജയകുമാർ പരാതിപ്പെട്ടാൽ വീടുകയറി ആക്രമിച്ച ശിവകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസിന് നടപടി സ്വീകരിക്കാമായിരുന്നു. എന്നാൽ അദ്ദേഹം മൗനം പാലിച്ചതിനെ തുടർന്നാണ് ശിവകുമാറിനെതിരെ പാർട്ടി ആദ്യം നടപടി സ്വീകരിച്ചത്. വിഷയം പാർട്ടിക്കുള്ളിൽ തന്നെ ചർച്ച ചെയ്ത് നിയമ നടപടി ഒഴിവാക്കാനാണ് ശ്രമിക്കുന്നത്.

പാർട്ടി അംഗങ്ങളിലും പ്രവർത്തകരിലും ബഹുഭൂരിപക്ഷവും ശിവകുമാറിനെയാണ് പിന്തുണയ്ക്കുന്നത്. പാർട്ടിക്ക് ഇത് ബോധ്യമാണങ്കിലും വീടുകയറി മർദ്ദിച്ച സംഭവം ന്യായീകരിക്കാൻ കഴിയില്ലെന്നതാണ് നിലപാട്. കുമ്മണ്ണൂർ, വള്ളിക്കോട്, കൊക്കാത്തോട് എന്നീ പ്രദേശങ്ങളിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമല്ലാതിരുന്ന വിജയകുമാർ വോട്ട് മറിക്കാൻ ശ്രമം നടത്തിയതായി പാർട്ടി സംസ്ഥാന, ജില്ലാ, ഏരിയ ഘടകങ്ങൾക്ക് പ്രവർത്തകർ നൽകിയ പരാതി പരിശോധിക്കാനിരിക്കെയാണ് ശിവകുമാർ രോഷം പ്രകടിപ്പിച്ചത്. ഇരുവരും തമ്മിൽ ഫോണിലൂടെ തർക്കിക്കുകയും വെല്ലുവിളി നടത്തുകയും ചെയ്ത ശബ്ദരേഖ നവമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

മണ്ഡലത്തിൽ ചിലയിടങ്ങളിൽ അടിയൊഴുക്കുകൾ ഉണ്ടായതായി എൽഡിഎഫ് സ്ഥാനാർത്ഥി കെ.യു.ജനീഷ് ആദ്യം പ്രസ്താവന നടത്തുകയും പിന്നീട് എൽഡിഎഫ് സ്ഥാനാർത്ഥി മാത്രമേ കോന്നിയിൽ ജയിക്കുകയുള്ളൂവെന്ന് മാറ്റി പറയുകയും ചെയ്തു. വിജയകുമാറിന്റെ നീക്കങ്ങൾ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് മനസിലാക്കിയ പാർട്ടി ഇതിന് തടയിടുകയും ചെയ്തിരുന്നത്രെ. എന്നാൽ ശിവകുമാർ, താൻ ജോലി ചെയ്യുന്ന ബാങ്കിന്റെ പ്രസിഡന്റു കൂടിയായ വിജയകുമാറിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തു വരികയും പാർട്ടി പ്രവർത്തകർ ശിവകുമാറിന്റെ നിലപാടുകളോട് യോജിക്കുകയും പ്രതിഷേധം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മിൽ ഫോണിലൂടെ പരസ്പരം വെല്ലുവിളി നടത്തിയതും വീടു കയറിയുള്ള മർദനത്തിൽ കലാശിക്കുകയും ചെയ്തത്.

അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കൂടിയായ വിജയകുമാർ ഇക്കുറി പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായതിനാലും രണ്ടിൽ കൂടുതൽ തവണ മൽസരിച്ചതിനാലും തദ്ദേശ തെരഞ്ഞെടുപ്പിൽ നിന്നും മാറി നിൽക്കേണ്ടി വന്നു. ഈ സമയം പല വാർഡുകളിലെയും എൽഡിഎഫ് സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ആരോപണം നേരത്തേ ഉണ്ടായിരുന്നു. പിന്നീട് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് ആയി മാറിയ രേഷ്മ മറിയം റോയിയെ ആ സ്ഥാനത്ത് നിന്ന് അകറ്റി നിർത്താൻ വേണ്ടി മറ്റൊരു അംഗത്തിന്റെ പേര് ഉയർത്തിക്കാട്ടി തടയിടാൻ ശ്രമിച്ചതുമായി ശക്തമായ ആരോപണം നിലനിൽക്കുന്നുണ്ട്.

ഇതിനിടെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടു നിന്നതും കെയു ജനീഷ് കുമാർ അഹങ്കാരിയാണെന്ന പ്രചാരണം നടത്തുകയും ചെയ്തത്. കോൺഗ്രസ് നേതാവായിരുന്ന കോന്നി വിജയകുമാർ 2006 ലാണ് സിപിഎമ്മിൽ ചേർന്നത്. അർഹമായ പരിഗണന പാർട്ടി നൽകുകയും ചെയ്തു. തെരഞ്ഞെടുപ്പ് യുദ്ധത്തിൽ പാർട്ടിയെ ഒറ്റു കൊടുക്കുന്ന സമീപനമാണ് വിജയകുമാർ സ്വീകരിച്ചതെന്നാണ് സിപിഎം പ്രവർത്തകരുടെ ആക്ഷേപം.

നാളെ ചേരാനിരിക്കുന്ന ഏരിയാ കമ്മിറ്റി യോഗത്തിൽ ജില്ലാ നേതാക്കൾ പങ്കെടുത്ത് ഉചിതമായ നടപടി വിജയ കുമാറിനെതിരെ സ്വീകരിക്കുമെന്നാണ് പ്രവർത്തകരുടെ വിശ്വാസം. എന്നാൽ വിജയ കുമാറിനെതിരെ ശക്തമായ നടപടികൾ ഉണ്ടാകാൻ സാധ്യത വിരളമാണന്നും പേരിന് വേണ്ടി എന്തെങ്കിലും കാട്ടിക്കൂട്ടുക മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും ഒരു വിഭാഗം പറയുന്നു.

അടൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എംജി കണ്ണൻ ജാതി പറഞ്ഞ് വോട്ട് തേടിയെന്നാണ് ചിറ്റയം ഗോപകുമാറിന്റെ ആക്ഷേപം. ഒപ്പം മകന്റെ രോഗം സഹതാപതരംഗമുണ്ടാക്കാൻ ഉപയോഗിച്ചുവെന്നും പറയുന്നു. സിദ്ധനർ സമുദായാംഗമാണ് കണ്ണൻ. ആ സമുദായത്തിന്റെ 90 ശതമാനം വോട്ടും കണ്ണന് ലഭിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഈഴവ സമുദായത്തിന്റെ വോട്ടും കണ്ണന് അനുകൂലമായിട്ടുണ്ട്. സിപിഎമ്മിലെയും സിപിഐയിലെയും വിരുദ്ധ വോട്ടുകൾ കൂടിയാകുന്നതോടെ എൽഡിഎഫ് പരാജയം മണക്കുന്നുവെന്ന് വേണം കരുതാൻ.