തിരുവനന്തപുരം: അവധിയിൽപോയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ കസ്റ്റംസ് പരിശോധനക്ക് എത്തിയപ്പോൾ കേരളത്തിൽ ബാലാവകാശ കമ്മീഷൻ എന്നൊരു പ്രസ്ഥാനം ഉണ്ടെന്ന് മലയാളികൾക്ക് മനസ്സിലായി. മറ്റ് സാധാരണക്കാരുടെ വിഷയങ്ങളിൽ താൽപ്പര്യം കാണിക്കാത്ത കമ്മീഷന്റെ അമിത താൽപ്പര്യം അന്ന് മുതൽ ട്രോളിലായിരുന്നു. ഇപ്പോൾ വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിസ്ഥാനത്ത് ഡിവൈഎഫ്‌ഐ റെഡ് വാളണ്ടിയർ ആയതോടെ കേരളത്തിലെ സൈബർ ഇടങ്ങളിലെ സ്ഥിരം പ്രതികരണ തൊഴിലാളികളായ എല്ലാവർക്കും ശബ്ദം നഷ്ടപ്പെട്ടിരിക്കയാണ്.

സിപിഎം ഭരിക്കുമ്പോൾ അതേ പാർട്ടിക്കാരൻ അതിക്രൂരമായി പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ എങ്ങനെ പ്രതികരിക്കും എന്നതാണ് ഇവരുടെ പ്രശ്‌നം. ഇനി പ്രതികരിച്ചാൽ തന്നെ പിന്നീട് പട്ടും വളയും നഷ്ടപ്പെടുമോ എന്ന ആശങ്കയും ഇവർക്കുണ്ട്. അതുകൊണ്ട് ഇവരെല്ലാം കൂട്ടത്തോടെ മൗനത്തിലാണ്. അതേസമയം ഇടതു സംസ്‌ക്കാരിക നായകരുടെ ഈ മൗനം സൈബര് ഇടത്തിലും സജീവ ചർച്ചയായിട്ടുണ്ട്.

പ്രതികരണം നടത്താത്ത സാംസ്കാരിക ബുദ്ധിജീവികൾക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ തരംഗം. ഭരണകക്ഷികളുടെ അടിമ പണിയുടെ മൊത്ത കച്ചവടം ഏറ്റെടുത്തിട്ടുള്ള സാംസ്‌കാരിക പ്രവർത്തകർ എന്നവകാശപ്പെടുന്നവരുടെ നാവിറങ്ങി പോയോ എന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.

6 വയസുകാരിയെ 3 വയസ് മുതൽ നിരന്തരം പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടി തൂക്കിയ കിരാത നടപടിക്കെതിരെ ഒന്നുറക്കെ പ്രതികരിക്കാൻ പോലുമാകാതെ കുടുംബം ഉഴലുമ്പോൾ, പ്രതികരണവാദികളും മൗനത്തിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന സംഭവങ്ങളിൽ ഇവിടെ വാളും പരിചയുമായി ഉറഞ്ഞ് തുള്ളുന്നവർ പ്രതി സജീവ ഡിവൈഎഫ്ഐ പ്രവർത്തകനാണ് എന്നറിഞ്ഞതോടെ പ്രതികരിക്കാൻ പോലും മടിക്കുകയാണ്. ചിലർ ഡിവൈഎഫ്‌ഐക്കാരനാണ് പ്രതിയെന്ന് പറയാതെ പ്രതികരിച്ചുവെന്ന് വരുത്തിയിട്ടുണ്ട്.

ഇത് സംബന്ധിച്ച് നിരവധി ട്രോളുകളാണ് സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത്. സമാനമായ പല സംഭവങ്ങളിലും മൊഴുകുതിരി കത്തിച്ച് പ്രതിഷേധങ്ങളും, തെരുവ് നാടകങ്ങളും അരങ്ങേറിയ നമ്മുടെ നാട്ടിൽ നടന്ന മൃഗീയമായ കൊലപാതകത്തോട് നിസംഗ മനോഭാവം പുലർത്തുന്നത് ആപൽക്കരമാണ്. ഇവരുടെ മൗനം ഭരണ വർഗത്തിന് മുമ്പിൽ എത്ര അടിമകളെ പോലെയാണ് ഇവർ ജീവിക്കുന്നത് എന്നതിന് ഉദാഹരണമാണ്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന പ്രതികരണ തൊഴിലാളികൾ തങ്ങളുടെ തൊട്ടടുത്ത് നടന്ന കുരുന്നിന്റെ ക്രൂരമായ കൊലപാതകത്തോട് എന്തുകൊണ്ടാണ് ഇത്തരം നിർവികാരമായ സമീപനം എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

നിരവധി ട്രോളുകളാണ് സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത്. സമാനമായ പല സംഭവങ്ങളിലും മൊഴുകുതിരി കത്തിച്ച് പ്രതിഷേധങ്ങളും, തെരുവ് നാടകങ്ങളും അരങ്ങേറിയ നമ്മുടെ നാട്ടിൽ നടന്ന മൃഗീയമായ കൊലപാതകത്തോട് നിസംഗ മനോഭാവം പുലർത്തുന്നത് ആപൽക്കരമാണ്.

കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനെതിരെ പോക്‌സോ കേസിൽ ഹാജരാകാതിരുന്നിട്ടും ഇല്ലാത്ത ആരോപണം ഉന്നയിക്കുന്ന ഡിവൈഎഫ്‌ഐക്കും വണ്ടിപ്പെരിയാർ വിഷയത്തിൽ ഉത്തരം മുട്ടിയിരിക്കയാണ്. ഈ വിഷയത്തിൽ പ്രതികരണം നടത്താൻ പോലും ഡിവൈഎഫ്‌ഐ തയ്യാറായിട്ടില്ല. അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് ഇന്ന് പ്രതിഷേധ സമരവുമായി രംഗത്തുവന്നു. ഇവർ ബാലാവകാശ കമ്മീഷൻ ഓഫീസിലേക്ക് സമരം നടത്തി.

കുറ്റകൃത്യത്തെ സമർത്ഥമായി ഒളിപ്പിക്കാൻ അർജുന് കഴിഞ്ഞിരുന്നു. ഡിവൈഎഫ് ഐക്കാരനായ അർജുൻ മരണാനന്തര ചടങ്ങുകൾക്ക് സഹായി ആയി കൂടി. ആർക്കും സംശയം തോന്നിയില്ല. എന്നാൽ കുട്ടിയുടെ വേർപാട് താങ്ങാനായില്ലെന്ന വണ്ണം നടത്തിയ പൊട്ടിക്കരച്ചിലുകൾ സംശയമായി. അങ്ങനെ പൊലീസ് ചോദ്യം ചെയ്തു. ആദ്യം കളവു പറഞ്ഞെന്ന് വ്യക്തമായതോടെ അർജുനിലേക്ക് അന്വേഷണം എത്തി. പിന്നീട് കുറ്റസമ്മതവും.

കൊലപാതകം നടന്ന 30ന് ഉച്ചയ്ക്ക് അർജുനൊപ്പം പെൺകുട്ടിയെ കണ്ടെന്ന അർജുന്റെ അടുത്ത ബന്ധു പൊലീസിനു നൽകിയ മൊഴിയാണു വഴിത്തിരിവായത്. 2 ദിവസമായി കുട്ടിയെ താൻ കണ്ടിട്ടില്ലെന്നായിരുന്നു അർജുൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ 30ന് തങ്ങൾക്കു ചക്ക മുറിച്ചു തന്നത് അർജുനാണെന്നും ഈ സമയം കുട്ടി പരിസരത്ത് ഉണ്ടായിരുന്നെന്നുമാണ് ബന്ധു പറഞ്ഞത്. ഇതോടെ കള്ളം പറഞ്ഞുവെന്ന് വ്യക്തമായി.

കുട്ടിയെ അർജുൻ മൂന്നു വർഷമായി ഉപദ്രവിച്ചിരുന്നു. മാതാപിതാക്കൾ ജോലിക്കു പോകുന്ന സമയത്ത് മിഠായിയും മറ്റും നൽകിയായിരുന്നു പീഡനം. ലയത്തിൽ കുട്ടിയുടെ അടുത്ത മുറിയിലെ താമസക്കാരനായ ഇയാൾ ഈ ബന്ധവും മുതലെടുത്തതായി പൊലീസ് പറഞ്ഞു. 30ന് പകൽ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണെന്നു മനസ്സിലാക്കി അർജുൻ ലയത്തിലെ മുറിയിൽ കയറി.

ഈ സമയം കുട്ടിയുടെ സഹോദരനുൾപ്പെടെ ഇയാളുടെ സുഹൃത്തുക്കൾ സമീപത്തു മുടിവെട്ടുന്നുണ്ടായിരുന്നു. ഇവരറിയാതെയാണ് അകത്തു കടന്നത്. ഉപദ്രവിക്കുന്നതിനിടെ പെൺകുഞ്ഞ് ബോധരഹിതയായി. മരിച്ചെന്നു കരുതി മുറിയിലെ കയറിൽ കുട്ടിയെ കെട്ടിത്തൂക്കി. ഇതിനിടെ കുട്ടി കണ്ണു തുറന്നു. മരണം ഉറപ്പാക്കി മുൻവശത്തെ കതകടച്ച ശേഷം ജനാല വഴി ചാടി കടന്നുകളഞ്ഞതായും അർജുന്റെ മൊഴിയിലുണ്ട്.

ജൂൺ 30ന് ലയത്തിലെ മുറിയിൽ കെട്ടിയിരുന്ന കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങിയെന്നാണ് ആദ്യം കരുതിയത്. പോസ്റ്റ്മോർട്ടത്തിലാണു പീഡനവിവരം വ്യക്തമായത്. ഡിവൈഎഫ്ഐ പ്രവർത്തകനായ അർജുൻ ചുരക്കുളം എസ്റ്റേറ്റിലും പരിസരങ്ങളിലും അറിയപ്പെടുന്ന പൊതുപ്രവർത്തകനായിരുന്നു.