മുന്നണി രാഷ്ട്രീയത്തിന് ഏറ്റവും നല്ല ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് കേരളമാണ്. കോൺ​ഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫും സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫും കാലങ്ങളായി കേരളത്തിൽ മത്സരിക്കുന്നു. യുഡിഎഫിൽ കോൺ​ഗ്രസിനൊപ്പം മുസ്ലിം ലീ​ഗും, എൽഡിഎഫിൽ സിപിഎമ്മിനൊപ്പം സിപിഐയും അടിയുറച്ച് നിൽക്കുന്നു. മറ്റ് ചെറു പാർട്ടികൾ തരംപോലെ മുന്നണി മാറുന്നതും പതിവാണ്. എന്നാൽസ കേരളത്തിന്റെ അതിർത്തി ക‌ടന്നാൽ ഈ രണ്ട് മുന്നണികളും ഒരു ചേരിയിലാണ് എന്നതാണ് ഏറെ രസകരം. ചെങ്കൊടി പിടിച്ച് മുസ്ലിം ലീഗിന് വോട്ട് തേടുന്ന ഇടത് പാർട്ടികളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് പ്രപാരണത്തിന്റെ വീഡിയോ ആണിത്. തമിഴ്‌നാട് കടയനല്ലൂർ മണ്ഡലത്തിലെ മുസ്‍ലിം ലീഗ് സ്ഥാനാർത്ഥിയും സിറ്റിങ്​ എംഎൽഎയുമായ കെ.എ.എം മുഹമ്മദ് അബൂബക്കറിന് വേണ്ടിയാണ് ഇരുപാർട്ടിക്കാരും സംയുക്തമായി 'പോട്ങ്കമ്മാ വോട്ട്, ഏണി ചിഹ്നത്തെ പാത്ത്' എന്നീ മുദ്രാവാക്യങ്ങളോടെ പ്രചാരണം നടത്തിയത്​.

കേരളത്തിൽ ഇരു ചേരികളിൽ നിന്ന് പോരാടുകയാണെങ്കിലും തമിഴ്‌നാട്ടിൽ ഇടതുപാർട്ടികളും മുസ്ലിം ലീഗും സഖ്യകക്ഷികളാണ്. മുസ്ലിം ലീഗിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കോണി ചിഹ്നത്തിൽ വോട്ട് തേടി മുദ്രാവാക്യം വിളിച്ച് നീങ്ങുന്ന ഇടത്, ഡിഎംകെ പ്രവർത്തകരാണ് വീഡിയോയിലുള്ളത്. ഏപ്രിൽ ആറിനാണ് തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പ്. ഡിഎംകെ സഖ്യത്തിൽ ആറ് സീറ്റുകളിൽ വീതമാണ് സിപിഐയും സിപിഎമ്മും മത്സരിക്കുന്നത്. കോൺഗ്രസ് 25 സീറ്റിലും ലീഗ് മൂന്ന് സീറ്റിലും മത്സരിക്കുന്നു.