കണ്ണൂർ: ചരിത്രം തിരുത്താൻ ഒരുങ്ങി പിണറായി വിജയൻ. സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇടതു മുന്നണി തുടർഭരണം ഉറപ്പിച്ചു മുന്നേറി. പത്ത് ജില്ലകളിലാണ് ഇടതു മുന്നണി സ്ഥാനാർത്ഥികൾ മുന്നിൽ നിൽക്കുന്നത്. കാസർഗോഡ്, വയനാട്, മലപ്പുറം, എറണാകുളം ഒഴികെയുള്ള 10 ജില്ലകളിലാണ് എൽഡിഎഫ് മുന്നിട്ടുനിൽക്കുന്നത്. 91 സീറ്റിലും എൽഡിഎഫാണ് മുന്നിട്ട് നിൽക്കുന്നത്. യുഡിഎഫ് 47 സീറ്റിലും എൻഡിഎ രണ്ട് സീറ്റിലുമാണ് മുന്നിലെത്തിയിരക്കുന്നത്. എൽഡിഎഫ് മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചക്ക് ശേഷം മാധ്യമങ്ങളെ കാണും. തൃശ്ശൂരിൽ സുരേഷ് ഗോപി പിന്നിലാണ്. പാലക്കാട് ഇ ശ്രീധരൻ വിജയിക്കുന്ന അവസ്ഥയിലാണ്.

ലീഡ് നില ഇങ്ങനെയാണ്:

കേരളം-140
എൽഡിഎഫ്-91
യുഡിഎഫ്-47
ബിജെപി-2

നേമത്ത് കുമ്മനം രാജശേഖനും പാലക്കാട്ട് മെട്രോമാൻ ഇ. ശ്രീധരനുമാണ് ലീഡ് ചെയ്യുന്നത്. തൃശൂരിൽ ഒരു ഘട്ടത്തിൽ സുരേഷ് ഗോപിയും മുന്നിലെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ എംഎം. മണി, കെ.കെ. ശൈലജ, കെ. കൃഷ്ണൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ മുന്നിലാണ്. അതേസമയം, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, മുൻ മന്ത്രി കെ.ടി. ജലീൽ എന്നിവർ പിന്നിലാണ്. ജോസ് കെ. മാണി മത്സരിക്കുന്ന പാലായിലും എം.ബി. രാജേഷും വി.ടി. ബൽറാമും നേർക്കുനേർ വരുന്ന തൃത്താലയിലും കനത്ത മത്സരമാണ് നടക്കുന്നത്.

നിലവിലെ വിവരങ്ങൾ പ്രകാരം തൃശൂരിലെ 13 മണ്ഡലങ്ങളിലും തിരുവനന്തപുരത്തെ 12 മണ്ഡലങ്ങളിലും എൽഡിഎഫ് മുന്നിട്ട് നിൽക്കുകയാണ്. തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയാണ് മുന്നിൽ. പേരാമ്പ്രയിൽ ടിപി രാമകൃഷ്ണൻ 1692 വോട്ടുകൾക്ക് മുന്നിലാണ്. തിരുവനന്തപുരം മണ്ഡലത്തിൽ ജനാധിപത്യ കേരള കോൺഗ്രസ് സ്ഥാനാർത്ഥി ആന്റണി രാജു 1166 വോട്ടിനു മുന്നിലാണ്. തിരുവല്ലയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കുഞ്ഞു കോശി പോൾ 354 വോട്ടിന് മുന്നിലാണ്. ചിറയിൻകീഴ് മണ്ഡലത്തിൽ സിപിഐ സ്ഥാനാർത്ഥി വി. ശശി 785 വോട്ടിനു മുന്നിലാണ്. നെയ്യാറ്റിൻകരയിൽ സിപിഎം സ്ഥാനാർത്ഥി കെ. ആൻസലൻ 3847 വോട്ടിനു മുന്നിലാണ്. വട്ടിയൂർകാവിൽ 6372 വോട്ടിന് വി.കെ.പ്രശാന്ത് മുന്നിലാണ്. അഴീക്കോട് ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ എൽഡിഎഫിന്റെ കെ വി സുമേഷ് 2639 വോട്ടിന് മുന്നിലാണ്. വാമനപുരം മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥി ഡി.കെ. മുരളി 1985 വോട്ടിനു മുന്നിലാണ്. യു.ഡി.എഫ്. നേതാക്കളായ ഉമ്മൻ ചാണ്ടി ,പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾ മുന്നേറുന്നുണ്ട്.

യുഡിഎഫിന്റെ ഉറച്ച കോട്ടകളിലും വിള്ളൽ വീഴ്‌ത്തിയാണ് ഇടതു മുന്നണിയുടെ മുന്നേറ്റം. അതേസമയം, യുഡിഎഫിന്റെ ഉറച്ച കോട്ടയായ കോട്ടയം ജില്ലയിൽ എൽഡിഎഫ് പല സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. പാലായിൽ ജോസ് കെ മാണി പിന്നിൽാണ്. പൂഞ്ഞാറിൽ പി.സി.ജോർജ് പിന്നിലാണ്. എൽഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തിങ്കലാണ് ഇവിടെ ലീഡ് ചെയ്യുന്നത്. ത്രികോണ മൽസരം കാഴ്ച വച്ച ഏറ്റുമാനൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി.എൻ.വാസവൻ ലീഡ് ചെയ്യുന്നു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയും കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനുമാണ് ലീഡ് ചെയ്യുന്നത്.

കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തിന് ശേഷം രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന പാലാ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. വോട്ടെണ്ണിത്തുടങ്ങിയ സമയം മുതൽ ഫലം മാറി മറിയുകയാണ് പാലായിൽ. ആവേശകരമായ മത്സരത്തിൽ ഏറിയും കുറഞ്ഞും ഒപ്പത്തിനൊപ്പമെത്തിയും ഇടത് സ്ഥാനാർത്ഥി ജോസ് കെ മാണിയും യുഡിഎഫ് പാളയത്തിലെത്തി പാലായിൽ മത്സരിക്കുന്ന മാണി സി കാപ്പനും ലീഡ് നില മാറ്റി മറിക്കുകയാണ്.

പോസ്റ്റൽ വോട്ടിലും ആദ്യ റൗണ്ട് വോട്ട് എണ്ണിയ രാമപുരം പഞ്ചായത്തിലും ജോസ് കെ മാണിക്കായിരുന്നു മുൻതൂക്കം. എന്നാൽ രണ്ടാം റൗണ്ടിൽ മാണി സി കാപ്പൻ കളം തിരിച്ച് പിടിച്ചു. രണ്ടാം റൗണ്ടിൽ തുടങ്ങി മാണി സി കാപ്പനാണ് ലീഡ് ഉയർത്തുന്നത്. ആദ്യ റൗണ്ട് പിന്നിട്ടപ്പോൾ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്തിരുന്നത്. പുതുപ്പള്ളി കോട്ടയം കടുത്തുരുത്തി മണ്ഡലങ്ങളിൽ ആണ് ആദ്യ റൗണ്ടിൽ യുഡിഎഫ് ലീഡ് നിലനിർത്തിയത്.