തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിൽ ഭവന സമുച്ചയം നിർമ്മിക്കുന്നതിനുള്ള സർക്കാർ മാർഗരേഖ പാലിച്ചില്ലെന്ന് ആരോപണം. സർക്കാർ അംഗീകൃത ഏജൻസികൾക്കു മാത്രം കരാർ നൽകണമെന്ന് ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ നേരത്തെ തീരുമാനമെടുത്തിരുന്നു. ഇതാണ് അട്ടിമറിക്കപ്പെട്ടത്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി ഫ്‌ളാറ്റ് നിർമ്മാണക്കരാർ ഏറ്റെടുത്ത യൂണിടാക് എന്ന സ്ഥാപനത്തോട് സ്വപ്ന കമീഷനായി ആവശ്യപ്പെട്ടത് നാലുകോടി രൂപയായിരുന്നു. അതിനുപുറമെ പണം ഡോളറാക്കി മാറ്റിയതിലും ദുരൂഹത ഉണ്ട്. ആർക്കൊക്കെ വേണ്ടിയാണ് സ്വപ്ന ഈ പണം ആവശ്യപ്പെട്ടതെന്നത് സംബന്ധിച്ചും എൻ.ഐ.എ അന്വേഷണം ആരംഭിച്ചു.

ഇതിനിടെയാണ് മാർഗ്ഗ രേഖ പാലിച്ചില്ലെന്ന ആരോപണവും സജീവമാകുന്നത്. കരാർ സർക്കാർ അംഗീകൃത ഏജൻസികൾക്കു മാത്രം നൽകണം, ഇതിനായി ലിമിറ്റഡ് ടെൻഡർ വിളിക്കണം തുടങ്ങിയവയായിരുന്നു ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ പ്രധാന തീരുമാനങ്ങൾ. ഇപ്പോഴത്തെ കമ്പനിക്ക് കരാർ നൽകിയത് ഈ തീരുമാനങ്ങളെല്ലാം മറികടന്നാണെന്നാണ് ആരോപണം. ഇതിന് പിന്നിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ഇടപെടലായിരുന്നു. സ്വപ്‌നാ ജോർജിന് ഒരു കോടി കമ്മീഷനും കിട്ടി. ഇത്തരത്തിലൊരു പദ്ധതിയാണ് വിവാദത്തിലാകുന്നത്.

വടക്കാഞ്ചേരി പദ്ധതി നടപ്പാക്കുന്നത് യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെഡ് ക്രസന്റ് ആണെന്നും സർക്കാർ നേരിട്ടു നടപ്പാക്കുന്ന പദ്ധതിക്കു മാത്രമാണ് നിബന്ധന ബാധകമെന്നുമാണ് ഇക്കാര്യത്തിൽ ലൈഫ് മിഷന്റെ വിശദീകരണം. വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കാൻ മാത്രമാണ് അംഗീകൃത ഏജൻസി വേണ്ടതെന്നും വാദിക്കുന്നു. എന്നാൽ, വടക്കാഞ്ചേരി പദ്ധതിക്കായി വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കിയത് അംഗീകൃത ഏജൻസിയായ ഹാബിറ്റാറ്റ് ആയിരുന്നു. പിന്നീട് ഹാബിറ്റാറ്റിനെ ഒഴിവാക്കിയാണ് നിർമ്മാണ കരാർ സ്വകാര്യ കമ്പനിക്കു നൽകുന്നത്. ഈ പണി കിട്ടാനായി കമ്മീഷൻ കൊടുത്തുവെന്ന് യൂണിടാക് ഉടമയും സമ്മതിച്ചിട്ടുണ്ട്.

അതിനിടെ വടക്കാഞ്ചേരി ഫ്‌ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് മന്ത്രി എ.സി. മൊയ്തീൻ പറയുന്നത് പച്ചക്കള്ളമാണെന്ന് അനിൽ അക്കര എംഎ‍ൽഎ ആരോപിച്ചു. സ്വന്തം വകുപ്പു സെക്രട്ടറിയിറക്കിയ ഉത്തരവ് ഏതാണെന്നും അതിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നുപോലും ധാരണയില്ലാത്തയാളാണ് മന്ത്രിയെന്നും അനിൽ അക്കര ആരോപിച്ചു. റെഡ് ക്രസന്റ് വടക്കാഞ്ചേരിയിൽ കെട്ടിടം നിർമ്മിക്കുമെന്ന് രേഖപ്പെടുത്തിയ ധാരണപത്രം പുറത്തുവിടാൻ മന്ത്രിക്ക് ധൈര്യമുണ്ടോയെന്നും എംഎ‍ൽഎ. ചോദിച്ചു.

മുഖ്യമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് എ.സി. മൊയ്തീൻ ചൂണ്ടിക്കാണിച്ച സ്ഥലത്ത് യുണിടാക്കിന്റെ നിയമവിരുദ്ധനിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. വടക്കാഞ്ചേരിയിൽ രേഖകളനുസരിച്ച് ഹാബിറ്റാറ്റാണ് കെട്ടിടം പണിയേണ്ടത്. അവരുടെ ബിൽഡിങ് പെർമിറ്റ് ശരിയാകാത്തതുകൊണ്ട് നിർമ്മാണം ആരംഭിച്ചിട്ടില്ലെന്നും എംഎ‍ൽഎ. പറഞ്ഞു. നേരത്തേ കിട്ടിയ പെർമിറ്റ് പരിഷ്‌കരിക്കാൻ ഹാബിറ്റാറ്റ് വടക്കാഞ്ചേരി നഗരസഭയിൽ നൽകിയിട്ടുണ്ട്. പദ്ധതിയനുസരിച്ച് ഹാബിറ്റാറ്റിന് സർക്കാർ തുക നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു.

പദ്ധതിയുടെ പത്തുശതമാനം കമ്മിഷൻ വേണമെന്നായിരുന്നു സ്വപ്നയുടെ ആവശ്യം. ഈ ധാരണയുടെ അടിസ്ഥാനത്തിൽ 3.78 കോടി രൂപ ഇതിനകം നിർമ്മാണക്കമ്പനി കമീഷനായി നൽകിയിട്ടുണ്ടെന്ന വിവരമാണ് ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിച്ചത്. നിർമ്മാണക്കരാർ ഏൽപിച്ചു നൽകിയതിന് ഒരുകോടിരൂപ തനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തൽ. ഈ പണമാണ് ബാങ്ക് ലോക്കറിൽനിന്ന് എൻ.ഐ.എ പിടിച്ചെടുത്തതെന്നും അവർ കോടതിയെ അറിയിച്ചിരുന്നു.

കൃത്യമായി ആദായനികുതി വകുപ്പിന് കണക്ക് നൽകുകയും ഓഡിറ്റ് നടത്തുകയും ചെയ്യുന്ന സ്ഥാപനമാണ് യൂണിടാക്. അതിനാൽ, പണം കൈമാറ്റം അക്കൗണ്ടിലൂടെ മാത്രമേ നടത്താനാകൂവെന്ന് ഇവർ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, ഇത്തരമൊരു ഇടപാടിനുള്ള ബുദ്ധിമുട്ട് സ്വപ്നയും അറിയിച്ചു. അതിനാൽ, 3.78 കോടിയും പണമായി നൽകിയിട്ടില്ല. കുറച്ചുഭാഗം ദുബായിൽ ദർഹം ആയി നൽകി. ഇത് കേരളത്തിലെ ഒരു ഉന്നതനുവേണ്ടിയാണന്ന സൂചന എൻ.ഐ.എ പരിശോധിക്കുകയാണ്. ഇത് അന്വേഷണത്തിൽ നിർണ്ണായകമാകും.

യു.എ.ഇ കോൺസുലേറ്റിന്റെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന സ്വകാര്യബാങ്കിലെ ഉദ്യോഗസ്ഥനെ ഉപയോഗിച്ച് സ്വപ്ന ഒരു ലക്ഷം ഡോളർ ശേഖരിച്ചെന്ന വിവരവും അതീവ ഗൗരവതരമാണ്. സ്വകാര്യബാങ്കിന്റെ കരമന ശാഖയിലെ യു.എ.ഇ കോൺസുലേറ്റിന്റെ അക്കൗണ്ടിൽനിന്ന് യൂണിടാക്കിന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് 5.25 കോടി രൂപ ട്രാൻസ്ഫർ ചെയ്തതിനുശേഷമാണ് ഡോളർ വാങ്ങിപ്പിച്ചത്. കോൺസുലേറ്റിന്റെ അക്കൗണ്ടിൽനിന്നാണ് തുക അയപ്പിച്ചത്.

തന്നെ ഭീഷണിപ്പെടുത്തി നിയമപരമല്ലാത്ത ഇടപാടുകാരിൽനിന്നാണ് ഡോളർ വാങ്ങിപ്പിച്ചതെന്നും ഇതിന് തുല്യമായ തുക ഇന്ത്യൻ കറൻസിയായി യൂനിടാക് ഉന്നതൻ തലസ്ഥാനത്തെ ഒരു ഹോട്ടലിൽവെച്ച് കൈമാറിയെന്നും എൻ.ഐ.എയോട് സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥൻ മൊഴിനൽകിയിട്ടുണ്ട്.