തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ സിബിഐ. വീണ്ടും അന്വേഷണം ആരംഭിക്കുമ്പോൾ നിർണ്ണായകമാകുക തദ്ദേശ വകുപ്പിന്റെ ചുമതലയുള്ള സെക്രട്ടറി കൂടിയായ ലൈഫ് മിഷൻ സിഇഒ യുവി ജോസിന്റെ മൊഴി. യുവി ജോസിന് സിബിഐയ്ക്ക് മുമ്പിൽ ഇനി പതറിയാൽ അന്വേഷണം രാഷ്ട്രീയ നേതൃത്വത്തിലേക്കും എത്തും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവരാവകാശ മറുപടി സർക്കാരിനും തലവേദനയാകും. മുഖ്യമന്ത്രി പിണറായി വിജയനും തദ്ദേശ മന്ത്രി എസി മൊയ്ദീനും സിബിഐയ്ക്ക് മൊഴി കൊടുക്കേണ്ട സാഹചര്യവും ഉണ്ടാകും. അതുകൊണ്ട് തന്നെ വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധി സർക്കാരിനും ഏറെ നിർണ്ണായകമാണ്.

സർക്കാരിന്റെയും യുണിടാക്കിന്റെയും ഹർജികൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. പദ്ധതിയുടെ നടപടിക്രമങ്ങളിൽ പ്രഥമദൃഷ്ട്യാ പിഴവുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹൈക്കോടതി ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. കേസിൽ കക്ഷി ചേരാനുള്ള സർക്കാരിന്റെ ഹർജി തള്ളി. ലൈഫ് മിഷൻ പദ്ധതിയിൽ ഉദ്യോഗസ്ഥ തലത്തിൽ ക്രമക്കേടുകൾക്ക് കൂട്ടുനിന്നു.സ്വർണക്കടത്ത് പ്രതികളായ സ്വപ്ന, സന്ദീപ് എന്നിവരടക്കം ഇതിൽ ഭാഗഭാക്കായിട്ടുണ്ട് എന്നീ കാര്യങ്ങൾ കോടതി ചൂണ്ടിക്കാണിച്ചു. ആദ്യഘട്ടത്തിൽ സിബിഐ. അന്വേഷണം രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്യുകയാണ് ഹൈക്കോടതി ചെയ്തത്. അതുവരെ ലൈഫ് മിഷൻ സിഇഒയ്ക്ക് എതിരായ അന്വേഷണം നിർത്തിവെക്കണമെന്നുമാണ് കോടതി വ്യക്തമാക്കിയത്. എന്നാൽ ഇത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു സിബിഐ. വാദം. സിബിഐ അപ്പീൽ നൽകുകയും ചെയ്തിരുന്നു.

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സിബിഐ. രജിസ്റ്റർചെയ്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷൻ സിഇഒ. യു.വി. ജോസ് ആണ് ഹർജി നൽകിയത്. എഫ്.സി.ആർ.എ. ലംഘിച്ചെന്നു കാട്ടി സിബിഐ. രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ. നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു ലൈഫ് മിഷന്റെ വാദം. ലൈഫ് മിഷനെ കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, പദ്ധതിയുടെ മറവിൽ സ്വർണക്കടത്ത് കേസിലെ പ്രതികൾകൂടി പങ്കാളികളായ അധോലോക ഇടപാടാണ് നടന്നതെന്നായിരുന്നു സിബിഐയുടെ വാദം. ഇത് കോടതി ഫലത്തിൽ അംഗീകരിച്ചു. ഇതോടെ യുവി ജോസ് കേസിൽ പ്രതിയാകാനുള്ള സാധ്യതയുണ്ട്. പ്രതിപ്പട്ടികയിൽ ലൈഫ് മിഷനിലെ ഉന്നതൻ എന്ന പേര് യുവി ജോസായി മാറാനാണ് സാധ്യത. യുവി ജോസിന്റെ മൊഴി എം ശിവശങ്കറിനേയും അഴിമതിയിൽ കുരുക്കും.

വടക്കാഞ്ചേരിയിൽ പാർപ്പിട സമുച്ചയം പണിയാൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ലൈഫ് മിഷൻ സിഇഒ ഒപ്പിട്ട ധാരണാപത്രം ആരാണ് തയാറാക്കിയതെന്ന് 'അറിയില്ലെന്ന' വിചിത്ര ഉത്തരവുമായി വിവരാവകാശ മറുപടി ചർച്ചയായിരുന്നു. സാധാരണ പലതരത്തിലുള്ള നിയമ പരിശോധനകൾക്ക് ശേഷമാണ് സർക്കാർ കരാറുകളും ധാരണാപത്രങ്ങളും ഒപ്പിടാറുള്ളത്. എന്നാൽ ഈ ഉത്തരവ് ആരാണ് തയ്യാറാക്കിയെന്ന് പോലും ലൈഫ് മിഷന് അറിയില്ല. അപ്പോൾ ആരു പറഞ്ഞിട്ടാണ് കരാറിൽ ഒപ്പിട്ടതെന്ന ചോദ്യം ബാക്കിയാകും. ജൂലൈയിൽ തദ്ദേശ സെക്രട്ടറി ലൈഫ് മിഷന് അയച്ച കത്തിൽ റെഡ് ക്രസന്റാണ് ധാരണാപത്രം തയാറാക്കിയതെന്നു വ്യക്തമാക്കിയിട്ടും അതറിയില്ലെന്ന നിലപാടിലാണ് പരസ്യമായി ലൈഫ് മിഷൻ എടുക്കുന്നതെന്നാണ് ഉയരുന്ന വാദം. ഇതെല്ലാം സിബിഐ പരിശോധിക്കും.

ധാരണാപത്രം ഒപ്പിട്ട ജൂലൈ 11നു രാവിലെ തദ്ദേശസെക്രട്ടറിയുടെ കത്ത് ലഭിച്ചപ്പോൾ മാത്രമാണ് ഇതിനെക്കുറിച്ച് സിഇഒ: യു.വി.ജോസ് അറിഞ്ഞതെന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു. അങ്ങനെ ഒരു ധാരണാപത്രവും വ്യക്തതയില്ലാതെ ആരും ഒപ്പിടാൻ പാടില്ല. ഇത് ഹൈക്കോടതിയും തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് വിധിയിൽ ഉദ്യോഗസ്ഥ തല ഇടപെടലുകളെ കുറിച്ച് ആരോപണം ഉയരുന്നത്. ഈ ചടങ്ങിന്റെ മിനിറ്റ്‌സ് ലഭിച്ചിട്ടില്ലെന്നും ലൈഫ് മിഷൻ അറിയിച്ചു. ധാരണാപത്രത്തിനു ശേഷം ഓരോ പദ്ധതിക്കും പ്രത്യേക കരാർ വേണമെന്നു വ്യവസ്ഥയുണ്ടെങ്കിലും അതും ഉണ്ടായിട്ടില്ല.

സംയുക്തമായി നടപ്പാക്കുന്ന പദ്ധതികൾക്കും വ്യത്യസ്തമായ നിബന്ധനകളാണുള്ളതെന്നാണു വിശദീകരണം. ധാരണാപത്രത്തിലെ ആറാം അനുച്ഛേദ പ്രകാരം റെഡ് ക്രസന്റ് നേരിട്ട് നടപ്പാക്കുന്ന പദ്ധതിക്കു തുടർ കരാർ വേണ്ടെന്നാണു വാദം. 20 കോടി രൂപയുടെ പദ്ധതിയിൽ ഒമ്പതു കോടിയുടെ അഴിമതി നടന്നതായി അനിൽ അക്കര എംഎൽഎ സിബിഐ കൊച്ചി യൂനിറ്റ് എസ്‌പിക്കും പരാതി നൽകിയത്. ലൈഫ് മിഷൻ അധ്യക്ഷനായ മുഖ്യമന്ത്രി, സഹ അധ്യക്ഷനായ തദ്ദേശമന്ത്രി, മുൻ സിഇഒ, ഇപ്പോഴത്തെ സിഇഒ, സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് നായർ, നിർമ്മാണ കരാർ കമ്പനിയായ യുനിടാക് എം.ഡി എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

വിദേശസഹായം സ്വീകരിക്കൽ നിയമം ലംഘിച്ചതായി സിബിഐയും കണ്ടെത്തിയിട്ടുണ്ട്. സിബിഐ.യുടെ അന്വേഷണം വിദേശസഹായ നിയന്ത്രണനിയമം ലംഘിച്ചതിൽ ഊന്നിയുള്ളതായതിനാൽ പ്രാഥമിക പരിശോധന തുടരാൻ വിജിലൻസ് തീരുമാനിക്കുകയായിരുന്നു. ഹൈക്കോടതി വിധിയോടെ ലൈഫ് മിഷൻ കേസിൽ സിബിഐയുടെ സമ്പൂർണ്ണ ഇടപെടൽ വരികയാണ്. അഴിമതി നിരോധന നിയമ പ്രകാരമുള്ള തെളിവ് കിട്ടിയാൽ സിബിഐയ്ക്ക് അതിന്മേലും കേസെടുക്കാനാകും,

ലൈഫ് പദ്ധതി ചെർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിയിൽനിന്നും തദ്ദേശഭരണവകുപ്പിന് കീഴിലുള്ളതിനാൽ ബന്ധപ്പെട്ട മന്ത്രിയിൽനിന്നും സിബിഐആ വിവരങ്ങൾ ആരായും. കമ്മിഷൻ സംബന്ധിച്ച് ധനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ അഭിപ്രായപ്രകടനം ഗൗരവമുള്ളതാണ്. ഇതും പരിശോധിക്കും. കമ്മീഷന്റെ കാര്യം നേരത്തെ അറിയാമെന്നായിരുന്നു ധനമന്ത്രിയുടെ നേരത്തെയുള്ള പ്രതികരണം. സിബിഐ.യുടെ തിരുവനന്തപുരം യൂണിറ്റിനെയും അന്വേഷണത്തിന്റെ ഭാഗമാക്കും. വിവരങ്ങൾ തേടൽ എളുപ്പമാക്കുന്നതിനും മറ്റുമാണത്. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ചോദ്യം ചെയ്ത ശേഷം വേണമെങ്കിൽ കേസിൽ കൂടുതൽ പ്രതികളേയും സിബിഐ കൂട്ടിച്ചേർക്കും.

വടക്കാഞ്ചേരിയിൽ ഫ്‌ളാറ്റ് നിർമ്മാണത്തിനുള്ള കരാർ യൂണിടാക്കിനു നൽകിയത് സർക്കാരിന്റെ അറിവോടെയാണെന്നു വ്യക്തമാക്കുന്ന രേഖകൾ പുറത്തു വന്നിരുന്നു. ലെഫ് മിഷൻ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ റെഡ് ക്രസന്റ് ജനറൽ സെക്രട്ടറിക്കയച്ച കത്താണ് പുറത്തു വന്നത്. ഇതുസംബന്ധിച്ച് യൂണിടാക്കുമായി ലൈഫ് മിഷൻ കത്തിടപാട് നടത്തിയിട്ടുണ്ട്. സർക്കാരിന്റെ എല്ലാ സഹായങ്ങളും ഉറപ്പുവരുത്തിയ ശേഷമാണ് ഫ്‌ളാറ്റ് നിർമ്മാണത്തിന്റെ കരാർ യൂണിടാക്കിനു നൽകിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു. ലൈഫ് മിഷൻ പദ്ധതിക്കായി റെഡ്ക്രസന്റും സർക്കാരും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചശേഷം നടന്ന കത്തിടപാടാണു പുറത്തായത്.

റെഡ് ക്രസന്റ് ജനറൽസെക്രട്ടറിക്ക് ലൈഫ് മിഷൻ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അയച്ച കത്തിൽ പറയുന്നത് ഇങ്ങനെ: 'യൂണിടാക് എനർജി സൊലൂഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നൽകിയ രൂപരേഖ വിശദമായി പരിശോധിച്ചു. ഇതിൽ ഞങ്ങൾ തൃപ്തരാണ്. അതിനാൽ, നിർമ്മാണ നടപടികളുമായി മുന്നോട്ടുപോകാം. നിർമ്മാണത്തിന് ആവശ്യമായ എല്ലാ അനുമതികളും ലൈഫ് മിഷൻ നേടിത്തരാം. ഒരുവർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി ഫ്‌ളാറ്റ് സമുച്ചയം ലൈഫ് മിഷന് കൈമാറണം. അതിനാൽ, യൂണിടാക്കിനെ ഫ്‌ളാറ്റ് നിർമ്മാണത്തിന് ചുമതലപ്പെടുത്താം.' റെഡ്ക്രസന്റ് ജനറൽ സെക്രട്ടറിക്കയച്ച കത്തിന്റെ പകർപ്പ് ലൈഫ് മിഷൻ യൂണിടാക്കിനും നൽകിയിട്ടുണ്ട്.

ഫ്‌ളാറ്റ് നിർമ്മാണത്തിന് കരാറേറ്റെടുത്ത യൂണിടാക്കുമായി സർക്കാരിനോ ലൈഫ് മിഷനോ ഒരു ബന്ധവുമില്ലെന്നായിരുന്നു മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ വിശദീകരണം. 20 കോടി രൂപ ചെലവിൽ വടക്കാഞ്ചേരിയിൽ ഫ്‌ളാറ്റ് സമുച്ചയവും ആശുപത്രിയും പണിതുനൽകുമെന്ന വാഗ്ദാനമാണ് റെഡ്ക്രസന്റ് മുഖ്യമന്ത്രിക്കു നൽകിയത്. ഇതനുസരിച്ചാണ് 2019 ജൂലായ് 11-ന് റെഡ്ക്രസന്റുമായി സർക്കാർ ധാരണാപത്രം ഒപ്പുവെച്ചത്. ഫ്‌ളാറ്റ് നിർമ്മാണത്തിന് കരാർ നൽകിയത് റെഡ്ക്രസന്റാണ്. അതിൽ സർക്കാരിന് ബന്ധമില്ല. ആ കരാറിൽ കമ്മിഷൻ ഇടപാട് നടന്നിട്ടുണ്ടെങ്കിൽ അത് സർക്കാരിനെ ബാധിക്കുന്നതല്ലെന്നായിരുന്നു വിശദീകരണം.

ഈ വാദം തെറ്റാണെന്നാണ് ലൈഫ് മിഷന്റെ കത്ത് വ്യക്തമാക്കുന്നത്. ജൂലായ് 11-ന് ധാരണാപത്രം ഒപ്പിട്ടതിനു പിന്നാലെ, ഓഗസ്റ്റ് 17-ന് യൂണിടാക് ലൈഫ് മിഷനുമായി ബന്ധപ്പെടുന്നുണ്ട്. വടക്കാഞ്ചേരിയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഫ്‌ളാറ്റിന്റെ രൂപരേഖ തയ്യാറാക്കാൻ വേണ്ടിയായിരുന്നു ഇത്. ഓഗസ്റ്റ് 22-ന് ലൈഫ് അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിന്റെ വിശദമായ രൂപരേഖ യൂണിടാക് ലൈഫ് മിഷന് കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലൈഫ് മിഷൻ സിഇഒ. റെഡ്ക്രസന്റ് ജനറൽ സെക്രട്ടറിക്ക് കത്തയക്കുന്നത്.

ജൂലായ് 11-ന് ധാരണാപത്രം ഒപ്പിട്ടതിനു പിന്നാലെ, ഓഗസ്റ്റ് 17-ന് യൂണിടാക് ലൈഫ് മിഷനുമായി ബന്ധപ്പെടുന്നുണ്ട്. വടക്കാഞ്ചേരിയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഫ്‌ളാറ്റിന്റെ രൂപരേഖ തയ്യാറാക്കാൻ വേണ്ടിയായിരുന്നു ഇത്. ഓഗസ്റ്റ് 22-ന് ലൈഫ് അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിന്റെ വിശദമായ രൂപരേഖ യൂണിടാക് ലൈഫ് മിഷന് കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലൈഫ് മിഷൻ സിഇഒ. റെഡ്ക്രസന്റ് ജനറൽ സെക്രട്ടറിക്ക് കത്തയക്കുന്നത്.