കൊച്ചി: ആക്ടിവിസ്റ്റ് രഹനാ ഫാത്തിമയുടെ ആത്മകഥ പുസ്തക രൂപത്തിലിറങ്ങുന്നു. കഴിഞ്ഞ ദിവസം ഫെയ്സ് ബുക്ക് ലൈവിലൂടെയാണ് രഹനാ പുസ്തകം പുറത്തിറക്കുന്ന വിവരം അറിയിച്ചത്. 'ശരീരം സമരം സാന്നിധ്യം' എന്ന പേരിൽ പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ കവർ പേജ് റിലീസ് ചെയ്യുകയും ചെയ്തു. ഗൂസ് ബെറി ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻസാണ് പുസ്തകം പുറത്തിറക്കുന്നത്.

ഞാനൊരു സാധാരണക്കാരിയാണ്. നിങ്ങളറിഞ്ഞതൊന്നുമല്ല സത്യം. ഞാൻ ആരാണ് എന്താണ് എന്നൊക്കെ നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നത് മാധ്യമങ്ങൾ പറഞ്ഞ അറിവിലൂടെയാണ്. മാധ്യമങ്ങൾ സൃഷ്ടിച്ച അസത്യങ്ങളുടെ കൂടാരത്തിലെ ഒരു ഭീകരിയാണെന്നാണ് എല്ലാവരും മനസ്സിലാക്കിയിട്ടുള്ളത്. അങ്ങനെയല്ല ഞാൻ എന്ന് നിങ്ങൾ മനസ്സിലാക്കണം. ഞാൻ ആരാണ്? എനിക്ക് പറയാനുള്ളതെന്താണ് എന്നൊക്കെ നിങ്ങളറിയണം. അതിനായാണ് ഞാൻ എന്റെ ജീവിതം പുസ്തകമാക്കി നിങ്ങളുടെ മുന്നിലെത്തിക്കുന്നത് എന്ന് രഹനാ തന്റെ ഫെയ്സ് ബുക്ക് ലൈവിൽ പറഞ്ഞു.

ശരീരത്തിന്റെ രാഷ്ട്രീയം പറയുന്ന വ്യക്തിയാണ് ഞാൻ. അതു കൊണ്ട് തന്നെ പലരും എന്നെ വേട്ടയാടി. എന്നെ കുറിച്ചുള്ള യാഥാർത്ഥ്യം അറിയാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും എന്നും രഹന പറയുന്നു.