കോട്ടയം: കേരള കോൺ​ഗ്രസ് ജോസ് വിഭാ​ഗം മുന്നണി വിട്ടുപോയിട്ടും കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തിൽ കോൺ​ഗ്രസിന് നഷ്ടക്കച്ചവടം. കഴിഞ്ഞ തവണ ഒന്നായിരുന്ന കേരള കോൺ​ഗ്രസ് (എം)ന് 11 സീറ്റായിരുന്നു നൽകിയിരുന്നതെങ്കിൽ ഇക്കുറി ജോസഫ് വിഭാ​ഗത്തിന് മാത്രം ഒമ്പത് സീറ്റ് നൽകേണ്ടി വന്നു. ജില്ലയിലെ പ്രബല വിഭാ​ഗം മുന്നണി വിട്ട് പോയിട്ടും കോൺ​ഗ്രസിന് കൂടുതൽ സീറ്റുകൾ മത്സരിക്കാൻ ലഭിച്ചില്ല.

കഴിഞ്ഞ തവണ കേരള കോൺഗ്രസ് ഒന്നായിരുന്നപ്പോൾ 11 സീറ്റിലാണ് അവർ മത്സരിച്ചത്. ഇത്രയും സീറ്റ് തന്നെ വേണമെന്ന് ജോസഫ് ഇത്തവണയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ തവണ വിജയിച്ച ആറ് എണ്ണം നൽകാമെന്ന് കോൺഗ്രസ് അറിയിച്ചു. ഒടുവിൽ ജോസഫ് 10 ൽ ഉറച്ചുനിന്നു. ഒടുവിൽ ഒമ്പത് സീറ്റിൽ ധാരണയായി. നിലവിലുള്ള അവസ്ഥ തുടരുക എന്നതാണ് സംസ്ഥാന നയമെന്ന് പറയുമ്പോഴും വിജയിച്ച സീറ്റോ അതോ മത്സരിച്ച സീറ്റോ എന്നതിലായിരുന്നു ഇരുപാർട്ടികളും തമ്മിൽ തർക്കം. ഈ തർക്കമാണ് പരിഹരിച്ചത്.

പിളർപ്പിന് മുമ്പുള്ള കേരള കോൺഗ്രസ് മത്സരിച്ച അത്രയും സീറ്റുകൾ ഇനി തരാൻ കഴിയില്ലെന്നായിരുന്നു ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാട്. ജയിച്ച സീറ്റുകൾ എന്ന കണക്ക് പ്രകാരം ആറ് സീറ്റേ കിട്ടൂ. അത് അംഗീകരിക്കാൻ ജോസഫ് തയ്യാറയില്ല. കുറഞ്ഞത് 10 സീറ്റെങ്കിലും കിട്ടണം എന്നതായിരുന്നു ആവശ്യം. ഇത് അവസാനം ഒൻപത് സീറ്റെന്ന സമവായത്തിലെത്തി. പഞ്ചായത്ത്‌ ബ്ലോക്ക് തലത്തിലും ഇരുവിഭാഗവും ധാരണയിലെത്തി.

അതിനിടെ, ജില്ല പഞ്ചായത്ത്​ ഒഴികെ ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും സീറ്റ്​ വിഭജന ചർച്ചകൾ ചൊവ്വാഴ്​ചയോടെ പൂർത്തിയാക്കാൻ യു.ഡി.എഫ്​ ജില്ല നേതൃയോഗത്തിൽ ധാരണയായി. സീറ്റ്​ വിഭജനത്തിനുശേഷം അതത്​ പാർട്ടികൾ സ്​ഥാനാർഥിയെ നിശ്ചയിച്ച്​ പട്ടിക യു.ഡി.എഫ്​ ​ജില്ല നേതൃത്വത്തിന്​ കൈമാറും. എല്ലാ പാർട്ടികളുടെ പട്ടിക ലഭിച്ചശേഷം ജില്ല നേതൃത്വം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനാണ്​ ഞായറാഴ്​ച കോട്ടയത്ത്​ ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ നടന്ന യു.ഡി.എഫ്​ യോഗത്തിലെ തീരുമാനം. ഇതിനുശേഷമേ സ്ഥാനാർത്ഥികൾ ഔദ്യോഗിക പ്രവർത്തനങ്ങൾ ആരംഭിക്കാവൂവെന്നും നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്​.

പഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും സീറ്റ് വിഭജനം അതത് പ്രാദേശിക കമ്മിറ്റികളിൽ ചർച്ചചെയ്തു തീരുമാനിക്കും. ഇത്​ വേഗത്തിൽ പൂർത്തിയാക്കാൻ യോഗം കീഴ്​ഘടകങ്ങൾക്ക്​ നിർദ്ദേശം നൽകി. ഏതെങ്കിലും രീതിയിലുള്ള തർക്കമുണ്ടായെങ്കിൽ മാത്രം വിഷയത്തിൽ ജില്ല ഘടകം ഇടപെടും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കു വയ്ക്കുന്നതിലെ തർക്കമാണ് കേരള കോൺഗ്രസ് (എം) ജോസ് വിഭാ​ഗം യുഡിഎഫ് വിടാൻ കാരണമായത്. ഇക്കുറി ജില്ലാ പഞ്ചായത്തിൽ യുഡിഎഫിനു ഭരണം ലഭിച്ചാൽ കോൺഗ്രസിലെ രാധാ വി.നായർ, സുധാ കുര്യൻ, ജെസിമോൾ മനോജ്, ബീനാ ബിനു, കേരള കോൺഗ്രസിലെ (ജോസഫ്) മേരിക്കുട്ടി സെബാസ്റ്റ്യൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോസഫ് എന്നിവരിൽ ഒരാൾ പ്രസിഡന്റാകാൻ സാധ്യതയേറി. കോൺഗ്രസും കേരള കോൺഗ്രസും (ജോസഫ്) പ്രസിഡന്റ് സ്ഥാനം പങ്കിട്ടേക്കും. എൽഡിഎഫിനു ഭരണം ലഭിച്ചാൽ കേരള കോൺഗ്രസ് (എം) നേതാക്കളായ നിർമല ജിമ്മി, ബെറ്റി റോയി, സിപിഎം നേതാക്കളായ കെ.വി.ബിന്ദു, രമാ മോഹൻ, തങ്കമ്മ ജോർജുകുട്ടി, ഡോ. സിന്ധു മോൾ ജേക്കബ് എന്നിവരിൽ ഒരാൾ പ്രസിഡന്റ് സ്ഥാനത്തെത്തും.

പാലാ പാലാ നഗരസഭയിലെ ചെയർമാൻ പദവി ജനറൽ വിഭാഗത്തിനാണ്. യുഡിഎഫിനു ഭരണം ലഭിച്ചാൽ അധ്യക്ഷ സ്ഥാനത്തേക്കു കുര്യാക്കോസ് പടവൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സതീശ് ചൊള്ളാനി എന്നിവരുടെ പേരുകൾ ചർച്ചയിലുണ്ട്. എൽഡിഎഫിന് അധികാരം ലഭിച്ചാൽ കേരള കോൺഗ്രസ് (എം) പാലാ മണ്ഡലം പ്രസിഡന്റ് ആന്റോ പടിഞ്ഞാറേക്കര, സെക്രട്ടറി ബിജു പാലൂപ്പടവിൽ, നിയോജക മണ്ഡലം സെക്രട്ടറി ബൈജു കൊല്ലംപറമ്പിൽ, സിപിഎം നേതാവ് ബിനു പുളിക്കക്കണ്ടം എന്നിവരുടെ പേരുകൾ ചർച്ചയിൽ. ഈരാറ്റുപേട്ട യുഡിഎഫിൽ കോൺഗ്രസിലെ റസീന ഷെഫീക്, സബിത ഉനൈസ്, മുസ്‌ലിം ലീഗിലെ സുഹ്റ അബ്ദുൽ ഖാദർ, ബീമ നാസർ എന്നിവരുടെ പേരുകൾ ചർച്ചയിലുണ്ട്.

എൽഡിഎഫിൽ ബൽക്കീസ് നവാസ്, ലൈലാ പരീത് എന്നിവരിൽ ഒരാൾക്കു സാധ്യത. ചങ്ങനാശേരി എൽഡിഎഫിൽ സിപിഎം നേതാക്കളായ കൃഷ്ണകുമാരി രാജശേഖരൻ, കുഞ്ഞുമോൾ സാബു എന്നിവർക്കു സാധ്യത. യുഡിഎഫിൽ കോൺഗ്രസിലെ ഷൈനി ഷാജി, കേരള കോൺഗ്രസിലെ (ജോസഫ്) എൽസമ്മ ജോബ് എന്നിവർക്കു സാധ്യത. വൈക്കം യുഡിഎഫിൽ ഷേർളി ജയപ്രകാശ് പരിഗണിക്കപ്പെട്ടേക്കാം. എൽഡിഎഫിൽ സിപിഎം ഏരിയ കമ്മിറ്റിയംഗം രാഗിണി മോഹൻ, നിലവിലെ ഉപാധ്യക്ഷ നിർമല ഗോപി ( സിപിഐ മഹിളാ സംഘം ടൗൺ പ്രസിഡന്റ്) എന്നിവരുടെ പേരുകൾ ചർച്ചയിലുണ്ട്.

ഏറ്റുമാനൂർ യുഡിഎഫിൽ കോൺഗ്രസിലെ സൂസൻ തോമസ്, ലൗലി ജോർജ്, ത്രേസ്യാമ്മ മാത്യു എന്നിവരുടെ പേരുകൾ ചർച്ചയിലുണ്ട്. എൽഡിഎഫിൽ സിപിഎമ്മിലെ ഗീതാ ഉണ്ണിക്കൃഷ്ണൻ, ധന്യാ വിജയൻ, കേരള കോൺഗ്രസിലെ (എം) വിജി ഫ്രാൻസിസ് എന്നിവർക്കു സാധ്യത. കോട്ടയം നഗരസഭ യുഡിഎഫിൽ നിലവിലെ അധ്യക്ഷ പി.ആർ.സോന, മുൻ ചെയർപഴ്സൻ ബിന്ദു സന്തോഷ് കുമാർ, ജാൻസി ജേക്കബ്, ടിന്റു ജിൻസ് എന്നിവരുടെ പേരുകൾ ചർച്ചയിലുണ്ട്. എൽഡിഎഫിൽ ഷീജ അനിൽ, പി.എം.സരസമ്മാൾ എന്നിവർക്കു മുൻതൂക്കം.