ന്യൂഡൽഹി: ലുധിയാന കോടതിയിലെ സ്‌ഫോടനത്തിൽ എൻഐഎ കേസ് രജിസ്റ്റർ ചെയ്തു. ജർമ്മനിയിൽ അറസ്റ്റിലായ ജസ്വിന്ദർ സിങ് മുൾട്ടാനിയെ എൻഐഎ ചോദ്യം ചെയ്യും. ഇതിനായി എൻഐഎ സംഘം ജർമ്മനിയിലേക്ക് പോകും. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ ജസ്വിന്ദർ സിങ് മുൾട്ടാനി ആണെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു. മൂന്ന് ഖാലിസ്ഥാനി ഭീകരസംഘടനകളിലേക്കാണ് അന്വേഷണം നീളുന്നത്. കേന്ദ്ര ഏജൻസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജർമ്മൻ പൊലീസ് മുൾട്ടാനിയെ പിടികൂടിയത്. പാക്കിസ്ഥാനിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ ഇന്ത്യയിൽ എത്തിക്കാനും, ഡൽഹിയിലും മുംബൈയിലും സ്‌ഫോടനം നടത്താനും ഇയാൾ പദ്ധതിയിട്ടെന്നാണ് വിവരം.

ലുധിയാന സ്‌ഫോടനത്തിന് ഖാലിസ്ഥാൻ ബന്ധമെന്ന് പഞ്ചാബ് ഡിജിപി സിദ്ദാർത്ഥ് ഛദ്യോപാധ്യയ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഗഗൻദീപിന് ഖാലിസ്ഥാൻ അടക്കമുള്ള വിദേശസംഘടനകളുമായി ബന്ധമുണ്ടെന്നും ഡിജിപി വ്യക്തമാക്കിയിരുന്നു. ലഹരിക്കേസിൽ തനിക്കെതിരായ രേഖകൾ നശിപ്പിക്കാനാണ് ഇയാൾ സ്‌ഫോടനം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ശരീരത്തിൽ സ്‌ഫോടകവസ്തുക്കൾ കെട്ടിവച്ചാണ് ഇയാൾ കോടതിക്കുള്ളിൽ കടന്നതെന്നാണ് പൊലീസ് പറയുന്നത്.

ലഹരിമാഫിയ, കള്ളക്കടത്ത് സംഘങ്ങളുമായും ഇയാൾ ബന്ധം പുലർത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ഇയാൾ പ്രതിയായ ലഹരിക്കേസ് ലുധിയാന കോടതിയിൽ വിചാരണയിലിരിക്കെ അതുമായി ബന്ധപ്പെട്ട കോടതി രേഖകൾ നശിപ്പിക്കാൻ ആസൂത്രണം ചെയ്താണ് സ്‌ഫോടനമെന്ന് പൊലീസ് പറയുന്നു. കേസിൽ ഈ മാസം 24ന് ഹാജരാകണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. ഇതിനിടെയാണ് സ്‌ഫോടനം നടത്തിയത്. ശരീരത്തിൽ സ്‌ഫോടകവസ്തുക്കൾ കെട്ടിവച്ചാണ് ഇയാൾ കോടതിക്കുള്ളിൽ കടന്നതെന്നും ശുചിമുറിവെച്ച് ഫ്യൂസ് പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചെന്നുമാണ് പൊലീസ് കണ്ടെത്തൽ.

വിഘടനവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസുമായി (എസ്എഫ്ജെ) മുൾട്ടാനിക്കു അടുത്ത ബന്ധമുണ്ടെന്നു ഇന്റലിജൻസ് റിപ്പോർട്ടിൽ പരമാർശമുണ്ടായിരുന്നു. യുഎസ് ആസ്ഥാനമായുള്ള എസ്എഫ്ജെ പ്രസിഡന്റ് അവതാർ സിങ് പന്നു, ഹർമീത് എന്നിവരുമായി ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നു. ജർമനിയിലെ എസ്എഫ്ജെയുടെ വിഘടനവാദ പ്രചാരണത്തെ മുൾട്ടാനി സഹായിക്കുന്നുണ്ടെന്നും പാക്കിസ്ഥാനിൽ നിന്ന് ആയുധങ്ങൾ ശേഖരിച്ചത് നിയമ നിർവഹണ ഏജൻസികളുടെ ശ്രദ്ധയിൽപ്പെട്ടതായും റിപ്പോർട്ടിൽ പരമാർശം ഉണ്ടായിരുന്നു.