കാസർകോഡ്: സ്വർണ്ണക്കടയുടെ പേരിൽ നിക്ഷേപം സ്വീകരിച്ചു വഞ്ചിക്കപ്പെട്ടെന്ന നിക്ഷേപകരുടെ പരാതിയിൽ വിശദീകരണവുമായി പ്രതിസ്ഥാനത്ത് നിൽക്കുന്ന മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എംസി കമറുദ്ദീൻ രംഗത്ത്. വ്യക്തിപരമായി ആരിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്നും ഫാഷൻഗോൾഡ് ഇന്റർനാഷണൽ എന്ന കമ്പനിക്ക് വേണ്ടി നിക്ഷേപം സ്വീകരിക്കുക മാത്രമാണ് ഉണ്ടായതെന്നും എംസി കമറുദ്ദീൻ എംഎൽഎ പറഞ്ഞു.

വ്യക്തിപരമായി ആരിൽ നിന്നും ഞാൻ പണം സ്വീകരിച്ചിട്ടില്ല. ഫാഷൻഗോൾഡ് ഇന്റർനാഷണൽ ഒരു രജിസ്റ്റേർഡ് ക്മ്പനിയായിരുന്നു. അതിലേക്ക് നിക്ഷേപം സ്വീകരിക്കുക മാത്രമാണുണ്ടായത്. 2004,2006 വർഷങ്ങളിലാണ് കമ്പനിയുടെ കീഴിയിൽ വിവിധയിടങ്ങളിൽ സ്വർണ്ണവ്യാപാര സ്ഥാപനങ്ങൾ ആരംഭിച്ചത്. അന്ന് അതിൽ നിക്ഷേപം നടത്തിയവർക്ക് അവരുടെ നിക്ഷേപ തുകക്ക് അനുസരിച്ചുള്ള ലാഭവിഹിതം 2019 വരെ മുടക്കമില്ലാതെ നൽകിയിട്ടുണ്ട്. ആരെയും പറ്റിച്ചിട്ടുമില്ല. നോട്ട് നിരോധനം വന്നതോടെയാണ് ബിസിനസിൽ പ്രതിസന്ധി രൂക്ഷമായത്. ഈ വർഷം ജനുവരിയിലും കഴിഞ്ഞ വർഷം അവസാനുമായി സ്ഥാപനങ്ങൾ പൂർണ്ണമായി പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.

നഷ്ടത്തിലായതോടെയാണ് സ്ഥാപനങ്ങൾ പൂട്ടിയത്. പൂട്ടിപ്പോകുന്നത് വരെ എല്ലാവർക്കും അവരുടെ നിക്ഷേപത്തിനനുസരിച്ചുള്ള ലാഭവിഹിതം നൽകിയിട്ടുണ്ട്. പൂട്ടുന്ന സമയത്ത് ഡിവിഡന്റും നൽകിയിട്ടുണ്ട്. ഇപ്പോഴുണ്ടായ പരാതികൾ രാഷ്ട്രീയ പ്രേരിതമാണ്. ഇത്തരത്തിലുള്ള കേസുകൾ സിവിൽ കേസുകളായാണ് ഉണ്ടാകാറുള്ളത്. അത് കോടതി വഴിയാണ് വരേണ്ടത്. എന്നാൽ ഇവിടെ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചില നിക്ഷേപകർക്ക് കോടതിയിൽ കേസ് ഫയൽ ചെയ്യാൻ നിയമോപദേശവും ലഭിച്ചിട്ടുണ്ടായിരുന്നു. എ്ന്നാൽ രാഷ്ട്രീയ പ്രേരിതമായി ചിലർ പൊലീസിൽ പരാതി നൽകുകയും പൊലീസ് സമ്മർദ്ദങ്ങൾക്ക് വഴങ്ങിക്കൊണ്ട് കേസ് എടുക്കുകയുമാണ് ഉണ്ടായിട്ടുള്ളത്. വ്യക്തിപരമായി ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല. കമ്പനിയുടെ ഉത്തരവാദിത്തപ്പെട്ട വ്യക്തി എന്ന നിലയിലാണ് ഞാൻ ഈ കേസിൽ അകപ്പെട്ടിരിക്കുന്നതെന്നും എംസി കമറുദ്ദീൻ എംഎൽഎ പറഞ്ഞു.

അതേ സമയം എംസി കമറുദ്ദീൻ ചെയർമാനായ ഫാഷൻഗോൾഡ് ഇന്റർ നാഷണൽ എന്ന കമ്പനിയിൽ നിക്ഷേപം നടത്തിയിരുന്ന കൂടുതൽ ആളുകൾ ഇപ്പോൾ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. സ്വർണ്ണക്കടക്ക് വേണ്ടി നിക്ഷേപകരിൽ നിന്ന് പണം സ്വീകരിച്ച് വഞ്ചിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ സ്റ്റേഷനുകളിൽ അദ്ദേഹത്തിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തു.നിക്ഷേപകരായ മൂന്ന് പേരുടെ പരാതിയിൽ ചന്ദേര പൊലീസാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ജൂവലറിയിൽ പണം നിക്ഷേപിച്ച കാടങ്കോട് സ്വദേശി അബ്ദുൾ ഷുക്കൂർ, ആരിഫ, സുഹറ എന്നിവർ നൽകിയ പരാതിയിലാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഫാഷൻ ഗോൾഡ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഈ ജൂവലറി ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു എംസി ഖമറുദ്ദീൻ. കാസർകോഡ്, ചെറുവത്തൂർ, പയ്യന്നൂർ എന്നിവിടങ്ങളിലായി മൂന്ന് ബ്രാഞ്ചുകളാണ് ഈ ജൂവലറി ഗ്രൂപ്പിനുണ്ടായിരുന്നത്. കഴിഞ്ഞ ജനുവരിയോടെ തന്നെ മൂന്ന് ബ്രാഞ്ചുകളും അടച്ചു പൂട്ടിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ നിക്ഷേപകർക്ക് ലാഭവിഹിതം നൽകിയിരുന്നിമില്ല. ലാഭവിഹിതം ലഭിക്കാതെ ഒരു വർഷം പൂർത്തിയാകുമ്പോഴാണ് ഇപ്പോൾ പരാതിയുമായി നിക്ഷേപകർ രംഗത്തെത്തിയത്. നിക്ഷേപകർ നേരത്തെ തന്നെ ജില്ല പൊലീസ് മേധാവിക്ക് പരാതിയ നൽകിയിരുന്നെങ്കിലും അന്വേഷണം നടക്കുകയോ കേസെടുക്കാൻ ഉത്തരവിടുകയോ ചെയ്തിരുന്നില്ല.

പിന്നീട് കൂടുതൽ പേർ പരാതികളുമായി വന്നതോടെയാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്. എണ്ണൂറിലധികം നിക്ഷേപകരാണ് ഫാഷൻഗോൾഡിൽ പണം നിക്ഷേപിച്ചിരുന്നത്. ഇവരെല്ലാം ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. 78 ലക്ഷം രൂപ മുതൽ 1 ലക്ഷം രൂപയും 15 പവൻ സ്വർണ്ണവും വരെ നിക്ഷേപിച്ചവരുണ്ട്. ജൂവലറി പ്രവർത്തിച്ചിരുന്ന കാസർക്കോട്ടേയും പയ്യന്നൂരിലേയും ഭൂമിയും കെട്ടിടവും ബംഗളുരുവിലെ ആസ്തിയും ചെയർമാനും സംഘവും നേരത്തെ വിൽപന നടത്തിയിരുന്നു. ഇത് നിക്ഷേപകരെ അറിയിച്ചിരുന്നില്ല എന്നും ആക്ഷേപമുണ്ട്.

കാടങ്കോട്ടെ അബ്ദുൾ ഷുക്കൂർ(30 ലക്ഷം) എംടിപി സുഹറ (15 പവനും, ഒരു ലക്ഷവും), വലിയപറമ്പിലെ ഇ.കെ ആരിഫ (മൂന്ന് ലക്ഷം) എന്നിവരുടെ പരാതികളിലാണ് ഇപ്പോൾ മൂന്ന് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുകൂടാതെ കാഞ്ഞങ്ങാട്ടെ സി ഖാലിദ്(78 ലക്ഷം), മദ്രസ അദ്ധ്യാപകനായ പെരിയാട്ടടുക്കത്തെ ജമാലുദ്ദീൻ (35 ലക്ഷം), തളിപ്പറമ്പിലെ എം ടി പി അബ്ദുൾ ബാഷിർ (അഞ്ച് ലക്ഷം),പടന്ന വടക്കെപ്പുറം വാടക വീട്ടിൽ താമസിക്കുന്ന തളിപ്പറമ്പിലെ എൻ പി നസീമ (എട്ട് ലക്ഷം) ആയിറ്റിയിലെ കെ കെ സൈനുദ്ദീൻ( 15 ലക്ഷം) എന്നിവരും പരാതികൾ നൽകിയിട്ടുണ്ട്.