കണ്ണൂർ: വളപട്ടണം സഹകരണ ബാങ്കിൽ നടന്ന അഴിമതിയിൽ വിജിലൻസ് കോടതി വിധിയിൽ കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും വിമർശിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. വളപട്ടണം സഹകരണ ബാങ്കിൽ നടന്നതു പോലെയുള്ള അഴിമതി മറ്റൊരിടത്തും നടന്നിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസും മുസ്ലിം ലീഗും കൂടിയാണ് അവിടെ ഭരിക്കുന്നത് കോടതി ഒരു കുറ്റപത്രത്തിനെ അടിസ്ഥാനമാക്കിയുള്ള ശിക്ഷയാണ് ഇപ്പോൾ വിധിച്ചിരിക്കുന്നത് 26 പേർ പ്രതികളായുള്ള പത്തു കുറ്റപത്രത്തിലുള്ള വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. വളപട്ടണം ബാങ്കിലേതു പോലുള്ള അഴിമതി മറ്റെവിടെയും നടന്നിട്ടുമില്ല ഇനി നടക്കുകയുമില്ല. അത്രയും വലിയ അഴിമതിയാണ് അവിടെ നടന്നത്. ബിനാമി ലോൺ, ചിലർ സ്വർണം പണയപ്പെടുത്തിയത്. എല്ലാം കൂടി പത്തു കോടിക്കു മുകളിലുള്ള സാമ്പത്തിക ക്രമക്കേടാണ് അവിടെ നടത്തിയിട്ടുള്ളത്.

ഏതാനും ചില ബാങ്കുകളിൽ ഇത്തരം അഴിമതി നടന്നാൽ സഹകരണ ബാങ്കുകളിൽ ആകെ ഇത്തരത്തിലുള്ള അഴിമതിയാണെന്ന് ചിത്രീകരിക്കുന്നത് തെറ്റാണ്. തൃശുരിലെ ഒരു ബാങ്കിൽ ഇത്തരം അഴിമതി നടന്നപ്പോൾ ഫലപ്രദമായ നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. അഴിമതി എവിടെ നടന്നാലും അതു തെറ്റാണെന്നും എം.വി ജയരാജൻ പറഞ്ഞു. 2013 ൽ വളപട്ടണം ബാങ്കിൽ അഴിമതി നടന്നപ്പോൾ അന്നത്തെ യു.ഡി.എഫ് സർക്കാർ നടപടി സ്വീകരിച്ചില്ലെന്നും ജയരാജൻ പറഞ്ഞു.