ഭോപ്പാൽ: കത്തോലിക്കാ സഭയുടെ കീഴിലുള്ള അനാഥാലയത്തിലെ അന്തേവാസികളെ ഒഴിപ്പിക്കാനുള്ള നീക്കം മധ്യപ്രദേശ് ഹൈക്കോടതിയുടെ ജബൽപ്പൂർ ബെഞ്ച് തടഞ്ഞു. രജിസ്‌ട്രേഷനില്ലാതെ അനാഥാലയം പ്രവർത്തിക്കുന്നെന്ന് ആരോപിച്ചാണ് ചൈൽഡ് വെൽഫയർ കമ്മിറ്റിയും ജില്ലാ അധികൃതരും പൊലീസുമായി ഒഴിപ്പിക്കാനെത്തിയത്. ഈ സമയം സഭാ അധികൃതർ കോടതി ഉത്തരവുമായി എത്തുകയായിരുന്നു.

സാഗർ ജില്ലയിലെ ശ്യാംപുരയിൽ 270 ഏകെർ ഭൂമി പാട്ടത്തിനെടുത്താണ് അനാഥാലയവും സേവാധാം ആശ്രമവും സീറോ മലബാർ സഭ നടത്തുന്നത്. അനാഥാലയം നടത്തുന്നതിന് ബ്രിട്ടീഷുകാരുടെ കാലത്ത് ഭൂമി പാട്ടത്തിന് നൽകിയതാണ്. 2020ൽ കാലാവധി കഴിഞ്ഞെങ്കിലും അതിന് മുമ്പ് പുതുക്കാൻ അപേക്ഷ നൽകിയിരുന്നു. അതിന്മേൽ നടപടിയെടുക്കാതെ അധികൃതർ ഭൂമി തിരിച്ചുപിടിക്കാനാണ് ശ്രമിക്കുന്നതെന്ന് ഫാ. ആനന്ദ് മുട്ടുങ്ങൽ പറയുന്നു.

അനാഥാലയം ഇല്ലാതായാൽ ഭൂമി തിരിച്ചുപിടിക്കാൻ എളുപ്പമാണ്. അതിനുള്ള നീക്കമാണ് നടക്കുന്നതെന്നും ഫാ. ആനന്ദ് പറഞ്ഞു. അനാഥാലയത്തിൽ 44 കുട്ടികളാണുള്ളത്. ഇവരെ മറ്റിടങ്ങളിലേക്ക് മാറ്റാനുള്ള സാഹചര്യം എന്താണെന്ന് കോടതി ചോദിച്ചു. ഇത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നും കോടതി ശിശുക്ഷേമസമിതിക്ക് നിർദ്ദേശം നൽകി. കോടതി ഉത്തരവ് കാണിച്ചിട്ടും ഒഴിപ്പക്കലുമായി മുന്നോട്ടു പോകാൻ അധികൃതർ ശ്രമിച്ചപ്പോൾ കുട്ടികളും ആശ്രമം അന്തേവാസികളും പ്രതിഷേധിച്ചു.



ശ്യാംപുരയ്ക്ക് അടുത്ത് മറ്റൊരു അനാഥാലയം നടത്തുന്ന ഓംകാർ സിങ് എന്നയാളാണ് ഈനീക്കങ്ങൾക്കെല്ലാം പിന്നിൽ ചരടുവലിക്കുന്നതെന്ന് ആക്ഷേപമുണ്ട്. സ്ഥലം എംഎൽഎയുമായി അടുത്തബന്ധമാണിയാൾക്കെന്ന് പ്രദേശവാസികൾ പറയുന്നു. ഓംകാർ സിങ് തന്റെ അനാഥാലയം ഇവിടേക്ക് മാറ്റാൻ ശ്രമിക്കുന്നുണ്ട്. ഇതിലൂടെ 270 ഏകെർ ഭൂമി കൈക്കലാക്കുകയാണ് ലക്ഷ്യം.