ന്യൂഡൽഹി: മധ്യപ്രദേശിൽ 28 സീറ്റുകളിലേക്ക് ചൊവ്വാഴ്ച ഉപതിരഞ്ഞെടുപ്പു നടക്കുമ്പോൾ അത് കോൺഗ്രസിനും ബിജെപിക്കും ഒരു പോലെ നിർണ്ണായകം. ഈ മണ്ഡലങ്ങളിലെ പ്രചാരണം ഞായറാഴ്ച വൈകീട്ട് അവസാനിച്ചു. മധ്യപ്രദേശിലെ ബിജെപി സർക്കാരിന്റെ വിധി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്. ബിജെപി തോറ്റാൽ അത് ജ്യോതിരാദിത്യസിന്ധ്യയുടെ പരാജയമായി മാറും.

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കമൽനാഥിനെ അധികാരത്തിലേറ്റാൻ 27 സീറ്റും നിർണ്ണായകമായിരുന്നു. ഇതിൽ 22 എംഎ‍ൽഎ.മാരുമായാണ് ജ്യോതിരാദിത്യസിന്ധ്യ മറുകണ്ടം ചാടിയത്. പിന്നീട് നാലുപേർകൂടി ബിജെപി.യിലേക്ക് ചേക്കേറി. കൂറുമാറ്റനിരോധനനിയമം മറികടക്കാൻ ഇവർ രാജിവെച്ച ഒഴിവിലാണ് 26 ഇടത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി.യുടെയും കോൺഗ്രസിന്റെയും ഓരോ എംഎ‍ൽഎ. മാരുടെ മരണത്തെത്തുടർന്നാണ് മറ്റുരണ്ടിടത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ബിജെപി.യും കോൺഗ്രസും തമ്മിൽ എന്നതിനെക്കാൾ കോൺഗ്രസും സിന്ധ്യയും തമ്മിലുള്ള മത്സരമായി മാറിക്കഴിഞ്ഞു ഉപതിരഞ്ഞെടുപ്പ്. 28 സീറ്റിലും ജയിച്ചാലേ കോൺഗ്രസിന് തിരിച്ച് അധികാരത്തിലെത്താനാവൂ. 230 അംഗ സഭയിൽ കോൺഗ്രസിനിപ്പോൾ 87 അംഗങ്ങളാണുള്ളത്. നിലവിലുള്ള നാലുസ്വതന്ത്രരും രണ്ട് ബി.എസ്‌പി. അംഗങ്ങളും ഒരു എസ്‌പി. അംഗവും പിന്തുണച്ചാൽപ്പോലും അധികാരത്തിലെത്താൻ 21 സീറ്റിലെങ്കിലും ജയിക്കണം. 107 അംഗങ്ങളുള്ള ബിജെപി.ക്ക് ഭരണം ഉറപ്പിക്കാൻ എട്ടുസീറ്റുകൂടി മതി. അതുകൊണ്ട് തന്നെ ബിജെപി അധികാരം നിലനിർത്തുമെന്ന പ്രതീക്ഷയാണുള്ളത്.

എന്നാൽ അട്ടിമറിയുണ്ടായാൽ അത് ബിജെപിക്ക് കനത്ത തിരിച്ചടിയാകും. ജനസ്വാധീനമുള്ള തന്നെ കോൺഗ്രസ് ഒതുക്കാൻ ശ്രമിച്ചു എന്നാരോപിച്ച സിന്ധ്യക്കാവട്ടെ തന്റെ തട്ടകമായ ഗ്വാളിയോർ-ചമ്പൽ മേഖലയിൽ എല്ലാ സ്ഥാനാർത്ഥികളെയും ജയിപ്പിക്കുകയും വേണം. ഈ മേഖലയിൽ 16 സ്ഥാനാർത്ഥികളാണുള്ളത്. എല്ലാ സീറ്റിലും ബി.എസ്‌പി. രംഗത്തുണ്ട് എന്നുള്ളത് ബിജെപി.ക്ക് ആശ്വാസമാണ്. ഗ്വാളിയർ-ചമ്പൽ മേഖലയിലെ വിവിധ മണ്ഡലങ്ങളിൽ 20 ശതമാനംവരെ വോട്ട് കഴിഞ്ഞതവണ ബി.എസ്‌പി. നേടിയിരുന്നു. വോട്ട് വീണ്ടും ഭിന്നിച്ചാൽ അത് ശിവരാജ് സിങ് മന്ത്രിസഭയ്ക്ക് തുണയാകും.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പഴയപാർട്ടിയുടെ ചിഹ്നത്തിന് അറിയാതെ വോട്ടുചോദിച്ച് നേതാക്കൾക്ക് അബദ്ധംപറ്റാറുണ്ട്. ജ്യോതിരാദിത്യസിന്ധ്യയുടെ അത്തരമൊരു നാക്കുപിഴ ആഘോഷമാക്കുകയാണ് മധ്യപ്രദേശിലെ കോൺഗ്രസ് പ്രവർത്തകർ. ഇതുൾപ്പെടെ ഉയർത്തി ചൂടുള്ള പ്രചാരണമാണ് അവിടെ നടക്കുന്നത്. സ്വന്തം തട്ടകമായ ഗ്വാളിയറിലെ ധാബ്രയിൽ ബിജെപി. നേതാവ് ഇമർതി ദേവിക്ക് വോട്ട് അഭ്യർത്ഥിക്കവേയായിരുന്നു സിന്ധ്യയുടെ നാക്കുപിഴ. 'ധാബ്രയിലെ എന്റെ ജനങ്ങളേ, നിങ്ങളുടെ കൈകൾ ഉയർത്തുക. എന്നെയും ശിവരാജ് സിങ് ചൗഹാനെയും (മുഖ്യമന്ത്രി) ബോധ്യപ്പെടുത്താനും വിശ്വസിപ്പിക്കാനും. നവംബർ മൂന്നിന് നിങ്ങൾ വോട്ടു ചെയ്യുന്നത് കൈ ചിഹ്നത്തിനെന്ന്...' ഇത്രയും പറഞ്ഞപ്പോഴേക്കും അബദ്ധം ബോധ്യമായ സിന്ധ്യ ഉടൻ താമരയ്‌ക്കെന്ന് മാറ്റിപ്പറഞ്ഞു.

ഉപതിരഞ്ഞെടുപ്പു നടക്കുന്ന 28 മണ്ഡലങ്ങളിൽ ഒന്നൊഴികെ എല്ലാ സീറ്റിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ചതു കോൺഗ്രസാണെങ്കിലും ഇപ്പോൾ കണക്കുകൾ ബിജെപിക്ക് അനുകൂലമാണ്. 107 എംഎൽഎമാരുള്ള ബിജെപിക്കു സ്വതന്ത്രരുടെ പിന്തുണ ലഭിച്ചാൽ, മത്സരം നടക്കുന്ന 28 സീറ്റുകളിൽ അഞ്ചെണ്ണം മാത്രം ജയിച്ചാലും ഭരണം തുടരാം. 15 വർഷത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് അധികാരത്തിലേറിയ കോൺഗ്രസ് സർക്കാരിന്റെ ആയുസ്സ് 15 മാസം മാത്രമായിരുന്നു. രാഷ്ട്രീയ കുതിരക്കച്ചവടത്തെ തുടർന്നായിരുന്നു സർക്കാരിന്റെ വീഴ്ച. സിന്ധ്യയെ പിന്തുണച്ച എംഎൽഎമാർ രാജിവച്ച് റിസോർട്ടുകളിൽ ഒളിച്ചുകളിച്ചു. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുദ്രാവാക്യം ചതിയന്മാർക്കെതിരെ വോട്ട് ചെയ്യൂ എന്നാണ്. പണം വാങ്ങി കാലുമാറിയവരെ ഒറ്റപ്പെടുത്തണം എന്നാണ് ആഹ്വാനം.

പ്രചാരണത്തിനിടെ ബിജെപിക്കെതിരെയും സിന്ധ്യയ്‌ക്കെതിരെയും നിശിത വിമർശനമാണ് അവർ ഉയർത്തിയത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിൽ, ഗദ്ദാർ (ചതിയൻ), ബികാവു (വിൽപനയ്ക്കു പറ്റിയത്) എന്നൊക്കെയാണ് രാജിവച്ച എംഎൽഎമാരെ വിശേഷിപ്പിച്ചത്. സിന്ധ്യമാർ ചരിത്രപരമായി ചതിയന്മാരാണെന്നും ഝാൻസി റാണിയോടു ചെയ്തതാണ് അവർ ജനങ്ങളോടു ചെയ്തതെന്നും ഝാൻസിയിൽ നടന്ന പ്രചാരണത്തിനിടെ കമൽനാഥ് തുറന്നടിക്കുകയും ചെയ്തു.