കണ്ണൂർ: തന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ചു മുങ്ങിയ ഭർത്താവിനെ അന്വേഷിച്ച് മഹാരാഷ്ട്രാ സ്വദേശിനിയായ യുവതി ഇന്ന് കണ്ണൂർ ജില്ലയിലെത്തി. പിണറായിപൊലീസ് സ്റ്റേഷനിൽ എത്തിയ യുവതി ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകി. മഹാരാഷ്ട്ര സ്വദേശിനിയായ യുവതിയാണ് തന്നെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ ഭർത്താവിനെ അന്വേഷിച്ച് കുഞ്ഞുമായി പൊലിസ് സറ്റേഷനിലെത്തിയത്. ജിയാറാം ജി ലോട്ട(27) എന്ന യുവതിയാണ് മമ്പറം കുഴിയിൽപീടിക സ്വദേശിയായ ഭർത്താവിനെ തിരഞ്ഞ് എത്തിയത്.

പിണറായി പൊലീസ് സ്റ്റേഷനിൽ എത്തിയ യുവതി തന്റെ ഭർത്താവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് അപേക്ഷിക്കുകയായിരുന്നു ഇയാളുടെ ഫോട്ടോയും ഇവർ പൊലിസിന് കൈമാറിയിരുന്നു. ആരോപണം ശരിയാണോയെന്നറിയാൻ യുവതി പറഞ്ഞ വിവരങ്ങൾ പ്രകാരം ഭർത്താവിന്റെ തറവാട്ടുവീട്ടിൽ പൊലീസ് യുവതിയുമായി എത്തി. എന്നാൽ വീട് പൂട്ടി കിടക്കുകയായിരുന്നു. സമീപത്തെ ബന്ധുക്കളോടും നാട്ടുകാരോടും അന്വേഷിച്ചപ്പോൾ വർഷങ്ങളായി ഇയാൾ വീട്ടിൽ വരാറില്ലെന്ന് വ്യക്തമായിട്ടുണ്ട്.

ഒരുവർഷം മുമ്പ് തന്നെ ഉപേക്ഷിച്ച് ഭർത്താവ് കടന്നുകളയുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലാണ് യുവതിയും കുടുംബവും താമസിച്ചിരുന്നത്. ഇവിടെ ജോലിക്കായി എത്തിയ സമയത്താണ് യുവതിയെ കണ്ടു ഇഷ്ടം തോന്നി ഇയാൾ വിവാഹം കഴിക്കുന്നത്.

ഭർത്താവിനെ കണ്ടെത്താതെ താൻ നാട്ടിലേക്ക് പോകില്ലെന്നു നിർബന്ധം പിടിച്ച മഹാരാഷ്ട്രാ സ്വദേശിനിയെയും കൂടെയുണ്ടായിരുന്ന മകളെയും വുമൺ പ്രൊട്ടക്ഷൻ ഓഫീസർ പി. സുലജയുടെ നിർദേശപ്രകാരം യുവതിയെയും മകളെയും വനിതകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന 'സഖി'യിൽ പാർപ്പിച്ചിരിക്കുകയാണ്.

നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് എടുത്തു നൽകാമെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും മടങ്ങിപ്പോകാൻ യുവതി തയ്യാറായിട്ടില്ല. തിങ്കളാഴ്ച ജില്ലാ കലക്ടറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം യുവതിയുടെ പുനരധിവാസം സംബന്ധിച്ച തുടർനടപടികൾ സ്വീകരിക്കുമെന്ന് എസ് ഐ പി സി വിനോദ് കുമാർ അറിയിച്ചു.