മലപ്പുറം: മലപ്പുറത്ത് ഒമ്പതാം ക്ലാസുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ ഇതുവരെ അറസ്റ്റിലായത് നാലുപേർ. ഇനി പിടികൂടാനുള്ളത് മൂന്നുപേരെ കൂടി. കേരളത്തിൽ നിന്നും മുങ്ങിയ രണ്ടു പേർ കൂടി ഇന്നലെയാണ് കർണാടക കുടകിൽ നിന്നും പൊലീസ് പിടികൂടിയത്.

വളവന്നൂർ സ്വദേശികളായ കുണ്ടിൽ മുഹമ്മദ് സ്വാലിഹ്(22), കുണ്ടിൽ മുഹമ്മദ് ഉബൈസ് (21) എന്നിവരാണ് കൽപകഞ്ചേരി പൊലീസിന്റെ പിടിയിലായത്. ഇവർക്കു പുറമെ തുവ്വക്കാട് നെല്ലപറമ്പ് ചങ്ങനക്കാട്ടിൽ മുഹമ്മദ് അഫ്ലാഹ് (22), ഒഴൂർ തലക്കാട്ടൂർ ചാനാട്ട് വീട്ടിൽ മുഹമ്മദ് റായിക്ക് (22) എന്നിവരും നേരത്തെ അറസ്റ്റിലായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്റ്റഗ്രാം വഴിപരിചയപ്പെട്ട 14 കാരിയെ മുപ്പതുകാരനും സുഹൃത്തുക്കളും പീഡനത്തിരയാക്കുകയായിരുന്നു. കന്മനം സ്വദേശി ചങ്ങണക്കാട്ടിൽ മുഹമ്മദ് അഫ്ലലഹ്, തെയ്യാല സ്വദേശി ചാണാട്ട് മുഹമ്മദ് റാഫീഖ് എന്നിവരെയാണ് പൊലീസ് മുമ്പ് പിടികൂടിയിരുന്നത്.

ചൈൽഡ് ലൈനിന്റെ ടോൾ ഫ്രീ നമ്പറിലേക്ക് വന്ന രഹസ്യവിവരത്തിലൂടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. പ്രധാന പ്രതിയായ മുപ്പതുകാരനാണ് കുട്ടിയെ ഇൻസ്റ്റ ഗ്രാം വഴി പരിചയപ്പെടുന്നത്. ശേഷം ഈ സൗഹൃദം മറയാക്കി മയക്കമരുന്നുകൾ നൽകിയായിരുന്നു പീഡനം. ഭീഷണിപ്പെടുത്തി വിവിധയിടങ്ങളിൽ വാഹനത്തിൽ കൊണ്ടു പോയി പീഡിപ്പിക്കുയായിരുന്നുവെന്നാണ് കുട്ടി മൊഴി നൽകിയിരിക്കുന്നത്. താനൂർ ഡിവൈഎസ്‌പി എം ഐ ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

പെൺകുട്ടിയെ പീഡിപ്പിച്ച ഏഴ് പേർക്കെതിരെയും പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്താണ് അന്വേഷണം. വനിതാ പൊലീസ് ഉൾപ്പെടുന്ന സംഘമാണ് രൂപീകരിച്ചത്. ലഹരി മാഫിയയുമായി പ്രതികൾക്കുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. പ്രതികൾ തമ്മിൽ പരസ്പരബന്ധം പുലർത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ വീട്ടിൽ ഫോറൻസിക് പരിശോധന നടന്നെങ്കിലും ലഹരി ഇടപാടുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചിട്ടില്ല.

പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ തെളിവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. രാത്രി വീട്ടിലുള്ളവർ ഉറങ്ങിയശേഷം പ്രതികൾ വീട്ടിലെത്തി ലഹരി നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയത്. നിർഭയ ഹോമിൽ പ്രവേശിപ്പിച്ച പെൺകുട്ടിയ കൗൺസലിങ്ങും ലഹരിവിമുക്തിക്കായുള്ള ചികിത്സയും നൽകിവരികയാണ്.