ലണ്ടൻ: ''ഇതിലും ഭേദം ഇവർക്ക് കക്കാനിറങ്ങിക്കൂടെ'', മുണ്ടക്കയം സ്വദേശിയും കവൻട്രി മലയാളിയുമായ ജിൻസ് തോമസ് ആത്മരോഷം അടക്കി എയർ ഇന്ത്യയോട് ചോദിക്കുന്നത് ഈ ഒരൊറ്റക്കാര്യമാണ്. കാരണം തന്നെപ്പോലുള്ള സാധാരണക്കാരായ പ്രവാസികളുടെ പോക്കറ്റിൽ കയ്യിട്ടു വരുന്ന പിച്ചക്കാശാണോ എയർ ഇന്ത്യയെ ഇനി രക്ഷപ്പെടുത്തുക? വെറും രണ്ടു മാസം പ്രായമുള്ള കുഞ്ഞടക്കം ജീൻസും ഭാര്യയും കുട്ടികളും ചേർന്ന അഞ്ചാംഗ കുടുംബം കഴിഞ്ഞ മാസം നാട്ടിലെത്തി തിരികെ യുകെയിലേക്കു മടങ്ങാൻ നെടുമ്പാശേരി എയർപോർട്ടിൽ എത്തിയപ്പോഴാണ് എയർ ഇന്ത്യ ജീവനക്കാർ കോവിഡ് മാനദണ്ഡം അനുസരിച്ചു യാത്ര ചെയ്യാൻ സാധിക്കില്ലെന്ന് അറിയിച്ചത്. ബൂസ്റ്റർ ഡോസ് വാക്സിനും എടുത്തു കോവിഡ് നെഗറ്റീവ് ആയ യാത്രക്കാർ രണ്ടു ദിവസം മുൻപേ പിസിആർ ടെസ്റ്റ് നടത്തണം എന്നതനുസരിച്ചു ടെസ്റ്റ് റിസൾട്ട് ആയി എത്തിയപ്പോഴാണ് ടെസ്റ്റ് സമയത്തിൽ നാല് മണിക്കൂർ നേരത്തെ എന്ന കുഴപ്പം എയർ ഇന്ത്യ കണ്ടുപിടിക്കുന്നത്.

ഇക്കഴിഞ്ഞ ഡിസംബർ പത്തിന് വെള്ളിയാഴ്ചയാണ് ജിൻസിനും കുടുംബത്തിനും കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ച് ദുരനുഭവം ഉണ്ടായത്. ലോകമെങ്ങും മുന്നണി പോരാളികൾ എന്ന് വിളിച്ചു സുഖിപ്പിക്കുകയും കൂടെ സൗജന്യമായി കയ്യടികൾ നൽകിയും ഒക്കെ ആദരവ് ലഭിച്ച നഴ്‌സുമാരുടെ പ്രതിനിധിയാണ് ജിൻസും.

കോവിഡ് കാലത്തു ലോകത്തെ രക്ഷിക്കാൻ ഇറങ്ങിയ ആരോഗ്യപ്രവർത്തകരോട് പറഞ്ഞതൊക്കെ പൊള്ള വാക്കുകൾ ആണെന്നു തന്നെയാണ് ദയയുടെയോ മനുഷ്യത്വത്തിന്റെയും ചെറു കണിക പോലും കാണിക്കാതെ ജിൻസ് അടക്കമുള്ള ആരോഗ്യപ്രവർത്തകർ ഇത്തരത്തിൽ അപമാനിതരാകുന്നതും. നാലു മണിക്കൂർ നേരത്തെ നടത്തിയ പിസിആർ റിസൾട്ട് ആയി യാത്ര തുടരാനാവില്ലെന്നു വിമാനക്കമ്പനി ജീവനക്കാർ കട്ടായം പറഞ്ഞപ്പോൾ യുകെയിലെ റൂൾ വെക്തമായി അവരെ ധരിപ്പിക്കാൻ ജിൻസ് ശ്രമിച്ചെങ്കിലും അതൊന്നും അവർക്കു കേൾക്കുവാൻ പോലും താൽപര്യം ഉണ്ടായിരുന്നില്ല.

വെള്ളിയാഴ്ച യാത്ര ചെയുന്ന കുടുംബത്തിനു കോവിഡ് മാർഗ നിർദ്ദേശം അനുസരിച്ചു ബുധനാഴ്ച നടത്തുന്ന ടെസ്റ്റ് റിസൾട്ടുമായി യാത്ര ചെയ്യാം. ജിൻസും അത്രയേ ചെയ്തുള്ളൂ. പക്ഷെ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെടുന്ന വിമാനത്തിൽ യാത്ര ചെയ്യാൻ ജിൻസും കുടുംബവും ബുധനാഴ്ച രാവിലെ പത്തു മണിക്ക് ടെസ്റ്റ് നടത്തി. ഇതോടെ 48 മണിക്കൂർ എന്ന സമയപരിധി പിന്നിട്ടിരിക്കുന്നു.

എയർ ഇന്ത്യയുടെ ഭാഷയിൽ കൊടുംപാതകം തന്നെ. ബ്രിട്ടനിലെ റൂൾ അനുസരിച്ചു രണ്ടു ദിവസം മുൻപേ എന്ന് മാത്രമേ പറയുന്നുള്ളൂ, മണിക്കൂറുകളുടെ വ്യത്യാസം അതിൽ പ്രത്യേകമായി പറയുന്നില്ല എന്നതൊന്നും കേൾക്കാൻ എയർ ഇന്ത്യ തയ്യാറായില്ല. മാത്രമല്ല വിമാനം ഏതു രാജ്യത്തേക്കാണോ വരുന്നത്, ആ നാട്ടിലെ നിയമ വ്യവസ്ഥയാണ് ഇക്കാര്യത്തിൽ കൂടുതൽ പാലിക്കപ്പെടേണ്ടത് എന്നതും എയർ ഇന്ത്യയുടെ ബധിര കർണത്തിലാണ് എത്തിയത്.

ഏതായാലും തർക്കത്തിനും വിശദീകരണത്തിനും ഒന്നും എയർ ഇന്ത്യ ജീവനക്കാർക്ക് സമയം ഉണ്ടായിരുന്നില്ല. അഞ്ചു പേരുടെയും ടിക്കറ്റ് കയ്യോടെ ക്യാൻസൽ ചെയ്യാനായിരുന്നു അവർക്കു തിരക്ക്. യാത്ര മുടങ്ങിയ ജിൻസും കുടുംബവും തിരികെ വീട്ടിലേക്കു മടങ്ങേണ്ട സാഹചര്യവും. പിന്നീട് ലഭ്യമായ തീയതിയിൽ മറ്റൊരു ടിക്കറ്റ് എടുത്താണ് ഈ കുടുംബം തിരികെ യുകെയിൽ എത്തിയത്.

എന്നാൽ യുകെയിൽ എത്തി വെറും ഒരു വർഷം മാത്രമായ ജിൻസിനും കുടുംബത്തിനും നഷ്ടമായ ഒന്നര ലക്ഷം രൂപയിലേറെ വരുന്ന തുകയ്ക്ക് ഒന്നരക്കോടിയുടെ മൂല്യമാണ് പറയാനുള്ളത്. കാരണം കോവിഡ് കാലത്തു ഏതു സാധാരണക്കാരയെയും പോലെ സാമ്പത്തികമായ പ്രയാസത്തിനിടയിലും ഇളയ കുഞ്ഞിനെ വീട്ടിൽ എല്ലാവരും കൺനിറയെ കാണട്ടെ എന്ന ആഗ്രഹവുമായാണ് ഇവർ നാട്ടിൽ എത്തിയത്. വെറുമൊരു അവധിക്കാല യാത്ര അല്ലായിരുന്നു എന്ന് സാരം.

തിരികെ യുകെയിൽ എത്തിയ ജിൻസ് ഇക്കാര്യത്തിൽ നിയമ വിദഗ്ധരുമായി സംസാരിച്ച ശേഷം എയർ ഇന്ത്യക്കും എംബസിക്കും സർക്കാർ മന്ത്രാലയത്തിനും ഒക്കെ കത്തുകൾ അയച്ചെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. എന്നാൽ മടക്ക യാത്ര ആയതിനാൽ സംഭവത്തിൽ കൂടുതൽ എന്തെങ്കിലും വിശദീകരണം നൽകാനാകുക ബ്രിട്ടീഷ് സർക്കാരിന് ആയിരിക്കും എന്ന മറുപടി നൽകി അൽപം മാന്യത കാണിക്കാൻ ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷൻ ഓഫിസ് തയ്യാറായി.

എങ്കിലും സംഭവം പ്രവാസികളായ യാത്രക്കാർ അറിഞ്ഞിരിക്കട്ടെ എന്ന ചിന്തയിൽ എയർ ഇന്ത്യയെ ക്വോട്ട് ചെയ്തു ട്വീറ്റും ചെയ്തു. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ കയ്യോടെ സഹായവും ആയി ഓടിയെത്തിയിരുന്ന അന്തരിച്ച സുഷമ സ്വരാജിനെ പോലെയുള്ള ഒരു മന്ത്രിയല്ല ഇപ്പോൾ വകുപ്പ് ഭരിക്കുന്നത് എന്ന് നന്നായി അറിയുന്ന എയർ ഇന്ത്യ ജീവനക്കാർ ജീൻസിന്റെ ഇമെയിൽ പരാതികൾ അവഗണിച്ചത് പോലെ ട്വീറ്റും കണ്ടില്ലെന്നു നടിക്കുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് യുകെ മലയാളികൾ എങ്കിലും തനിക്കുണ്ടായ ദുരനുഭവം അറിഞ്ഞിരിക്കട്ടെ എന്ന ചിന്തയിൽ ജിൻസ് ബ്രിട്ടീഷ് മലയാളിയെ ബന്ധപ്പെടുന്നത്. കഴിഞ്ഞ ദിവസം ബിർമിൻഹാമിൽ മകളെ കാണാൻ എത്തി മടങ്ങിയ ജോർജ് പുല്ലാട്ട് എന്ന മുൻ സൈനിക ഉദ്യോഗസ്ഥന് ഡൽഹി എയർപോർട്ടിൽ ദുരനുഭവം ഉണ്ടായപ്പോൾ പരിചയക്കാർ ആയ ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയും മുൻ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനവും വരെ ബന്ധപ്പെട്ടെങ്കിലും കോവിഡ് പ്രോട്ടോകോൾ എന്ന ഉമ്മാക്കി കാട്ടി സ്വാഭാവിക നീതി നിഷേധിക്കപ്പെടുക ആയിരുന്നു.

ഇതേ അനുഭവം തന്നെയാണ് ഇപ്പോൾ ജിൻസിനും പങ്കിടാനുള്ളത്. മനുഷ്യത്വം എന്ന നാലക്ഷരം കോവിഡ് പ്രോട്ടോക്കോളിന്റെ പേരിൽ മറക്കുകയാണ് എല്ലാ സർക്കാർ സംവിധാനവും. ഇതേ സംവിധാനങ്ങൾ തന്നെ ആർക്കാവശ്യമുള്ളപ്പോൾ സകല പ്രോട്ടോക്കോളും മറക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇന്നലെ ആയിരക്കണക്കിനാളുകൾ തടിച്ചു കൂടിയ എടപ്പാൾ മേൽപ്പാല ഉദ്ഘാടനം.

ഇതോടെ ഇത്തരം കാര്യങ്ങൾ എല്ലാം ചൂണ്ടിക്കാട്ടി നിയമ നടപടിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ജിൻസ്. തന്നെക്കൊണ്ട് സാധിക്കും പോലെ ഇക്കാര്യത്തിൽ നിയമ നടപടിയുമായി മുന്നോട്ടു പോകും എന്നാണ് ഈ യുവാവിന്റെ നിലപാട്. ഒരു മറുപടി പോലും നൽകാനില്ലാതെ നിഷേധാത്മക നിലപാട് സ്വീകരിച്ചതാണ് ജിൻസിനെയും കുടുംബത്തെയും ഏറെ വിഷമിപ്പിക്കുന്നത്.